ന്യൂഡല്‍ഹി: എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ജനങ്ങള്‍ക്ക് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനാശംസ നേര്‍ന്നു.സ്വാതന്ത്ര്യത്തിനായി പോരാടിയവര്‍ക്ക് മോദി ആദരമര്‍പ്പിച്ചു.കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. ‘ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിന് നല്‍കുന്നത് മഹനീയ സേവനം. കൊവിഡിനെതിരായ പോരാട്ടം വിജയിക്കും. നിശ്ചയദാര്‍ഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധി മറികടക്കാം. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നില്‍ക്കും’- മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്ക് സഹായം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ആത്മനിര്‍ഭര്‍ ഭാരത് 130 കോടി ജനങ്ങളുടെ മന്ത്രമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘സ്വന്തം പര്യാപ്തത ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ മറികടക്കും. സാമ്ബത്തിക വളര്‍ച്ചയ്ക്കും വികസനത്തിനുമാണ് ഊന്നല്‍.ഒരു കാലത്ത് ഭക്ഷ്യസുരക്ഷ നമുക്ക് വെല്ലുവിളിയായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് ഭക്ഷണം കയറ്റുമതി ചെയ്യുന്നു.’-പ്രധാനമന്ത്രി പറഞ്ഞു. മാനുഷിക മൂല്യങ്ങള്‍ക്കും നിര്‍ണായക സ്ഥാനമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.പതാക ഉയര്‍ത്തുന്നതിന് മുമ്ബ് പ്രധാനമന്ത്രി രാഷ്ട്രപിതാവിന്റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് അദ്ദേഹം സായുധസേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുടര്‍ച്ചയായി ഏഴാം തവണയാണ് മോദി സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങ് നടക്കുന്നത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് കേന്ദ്രമന്ത്രിമാര്‍, ജഡ്‌ജിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം നാലായിരത്തോളം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നുള്ളു. ഡോക്ടര്‍മാരും, നഴ്‌സുമാരും ശുചീകരണ തൊഴിലാളികളും ഉള്‍പ്പെടുന്ന കൊവിഡ് പോരാളികളെയും അസുഖം ഭേദമായ ചിലരെയും ക്ഷണിച്ചിരുന്നു. വൈകീട്ട് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലും നൂറോളം അതിഥികള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ.

