ദില്ലി: കൊവിഡ് വാക്സീന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. വാക്സീന് രണ്ട് വില നിര്‍ണ്ണയിക്കേണ്ട സാഹചര്യം എന്തെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. സംസ്ഥാനങ്ങള്‍ക്ക് വാക്സീന്‍ കിട്ടുന്നതില്‍ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് സംശയമുന്നയിച്ച കോടതി വാക്സീന്‍ ഉത്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ നേരിട്ട് പണം നിക്ഷേപിക്കണമെന്നും നിര്‍ദേശിച്ചു.
ഓക്സിജന്‍ ലഭ്യമാക്കിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താമോ എന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് ചോദിച്ചു. ഓക്സിജന്‍ ടാങ്കറുകള്‍ എത്തിക്കാനുള്ള ദേശീയ പദ്ധതിയെന്താണ്. അങ്ങനെയൊരു പദ്ധതിയുണ്ടെങ്കില്‍ എന്തുകൊണ്ട് കോടതിയെ അറിയിച്ചില്ല
നിര്‍ബന്ധിത പേററന്‍റ് നല്കി വാക്സീന്‍ വികസനത്തിന് നടപടി എടുത്തുകൂടെ. കേന്ദ്രസര്‍ക്കാരിനു തന്നെ നൂറു ശതമാനം വാക്സീനും വാങ്ങി വിതരണം ചെയ്തു കൂടെ എന്നും കോടതി ചോദിച്ചു.
സംസ്ഥാനങ്ങള്‍ക്ക് വാക്സീന്‍ കിട്ടുന്നതില്‍ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് കോടതി ചോദിച്ചു. വാക്സീന്‍ ഉത്പാദനത്തിന് എന്തിന് 4500 കോടി കമ്ബനികള്‍ക്ക് നല്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇത് ഉത്പാദിക്കാമായിരുന്നല്ലോ. അമേരിക്കയെക്കാള്‍ കൂടുതല്‍ വില എന്തിന് ഇന്ത്യയില്‍ വാക്സീന് നല്കണമെന്നും കോടതി ചോദിച്ചു. സര്‍ക്കാരിനെ സഹായിക്കാനാണ് ശ്രമമെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ ഇടപെടല്‍. സമൂഹമാധ്യമങ്ങളില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ക്കെതിരെ ചില സംസ്ഥാനങ്ങള്‍ നടപടി എടുക്കുന്നതായി അറിഞ്ഞു. അങ്ങനെ ഒരു പ്രതികാര നടപടിയും പാടില്ല. നടപടി എടുത്താല്‍ കോടതിയലക്ഷ്യമായി പരിഗണിക്കും.
വാക്സീന്‍ വില കമ്ബനികള്‍ക്ക് വിട്ടുകൊടുക്കരുത്. മറ്റു പ്രതിരോധ കുത്തിവയ്പുകള്‍ പോലെ ഇതും സൗജന്യമാക്കാന്‍ ആലോചിക്കണം. സംസ്ഥാനങ്ങള്‍ക്ക് ഓക്ലിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യാം. ഓക്സിജന്‍ സിലിണ്ടറുകള്‍ക്കായി കേഴുന്നവരുടെ ആവശ്യമാണ് കോടതി കേള്‍ക്കുന്നത്. ഓക്സിജന്‍ പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് ഇല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് പറഞ്ഞു.
അനുവദിച്ച ഓക്സിജന്‍ എത്തിക്കാന്‍ ദില്ലി സര്‍ക്കാരിന് കഴിയുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

