ലൈവ് ഓഡിയോ റൂമുകളും പോഡ്കാസ്റ്റുകളും അവതരിപ്പിച്ച് ഫേസ്ബുക്ക്

സാന്‍ ഫ്രാന്‍സിസ്‌കോ: ലൈവ് ഓഡിയോ റൂമുകളും പോഡ്കാസ്റ്റുകളും ഉള്‍പ്പെടുത്തി ഫേസ്ബുക്ക് നവീകരിച്ചു. ക്ലബ് ഹൗസിന്റെയും സ്‌പോട്ടിഫൈയുടെയും സവിശേഷതകള്‍ ഇപ്പോള്‍ ഫേസ്ബുക്കിലും ലഭ്യമാണ്. ലൈവ് ഓഡിയോ റൂം ഫീച്ചര്‍ മാര്‍ച്ച്‌ ആരംഭത്തോടെ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവ്യക്തമായ കാരണത്താല്‍ പദ്ധതി നീട്ടുകയായിരുന്നു.

പൊതു ഗ്രൂപ്പുകളിലേക്ക് ശ്രോതാക്കളെ ചേര്‍ക്കാനും അവര്‍ക്ക് സംസാരിക്കാനും കഴിയും. ഗ്രൂപ്പുകളിലെ സംഭാഷണ സമയത്ത് മറ്റുള്ളവരെയും ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കാം. ഒരു ഗ്രൂപ്പില്‍ 50 പേര്‍ക്കെ സംസാരിക്കാന്‍ കഴിയു. ശ്രോതാക്കളുടെ എണ്ണത്തിന് പരിധിയില്ലെന്നും ഫേസ്ബുക്കിന്റെ ഒഫീഷ്യല്‍ സൈറ്റില്‍ പറയുന്നു

ഗ്രൂപ്പിന്റെ എല്ലാ നിയന്ത്രണങ്ങളും ഗ്രൂപ്പ് അഡ്മിന്റെ കൈകളിലായിരിക്കും. പൊതു ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും ലൈവ് ഓഡിയോ റൂം കേള്‍ക്കാന്‍ കഴിയും. എന്നാല്‍ സ്വകാര്യ ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ക്ക് മാത്രമേ കേള്‍ക്കാന്‍ കഴിയു എന്ന് ഫേസ്ബുക്ക് മേധാവി ഫീഡ്ജി സിമോ അറിയിച്ചു.