ആത്മവിശ്വാസം!

എല്ലാവരും അവരുടെ വളര്‍ച്ചയുടെയും പരിശീലനത്തിന്‍റെയും കാലഘട്ടത്തില്‍ ഏറ്റവും അധികം കേട്ടിട്ടുണ്ടാവാന്‍ സാധ്യത ഉള്ള ഒരുവാക്കാണിത്. ഓരോരുത്തരുടെയും ജന്മനാ ഉള്ള പ്രത്യേകതകള്‍കൊണ്ടും, വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ കൊണ്ടും ജീവിക്കുന്ന ചുറ്റുപാടുകള്‍കൊണ്ടും ഓരോരുത്തരുടെയും ആത്മവിശ്വാസത്തിന്‍റെ തോത് ഏറിയും കുറഞ്ഞും ഇരിക്കും. എന്തുതന്നെ ആയാലും ഓരോ മനുഷ്യന്‍റെയും ജീവിതത്തിലെ ഓരോ കാര്യങ്ങളെയും സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ് ആത്മവിശ്വാസം. മറ്റുള്ളവരോടുള്ള ഇടപെടലിലും, നമ്മുടെ ജോലികളിലും, പഠനത്തിലും സംസാരത്തിലും, നടപ്പിലും നോട്ടത്തിലും പോലും ആത്മവിശ്വാസത്തിന്‍റെ സ്വാധീനം ഉണ്ടാകും. ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ ഉപകരിക്കുന്ന ചില ടിപ്സ് ആണ് ഇന്ന് നമ്മള്‍ കാണുന്നത്.

1. പ്രശ്നങ്ങളെ നേരിടുക

ഒരു ആന കുത്താന്‍ വന്നാല്‍ എന്ത് ചെയ്യും. ഒരു സിനിമയില്‍ നമ്മള്‍ ചിരിച്ചു തള്ളിക്കളഞ്ഞ ഒരു ഡയലോഗ് ആണിത്. എല്ലാവരുടെയും ജീവിതത്തില്‍ പല തലങ്ങളില്‍ ഉള്ള പ്രശ്നങ്ങള്‍ സാധാരണമാണ്. മൂന്നു രീതിയില്‍ പ്രശ്നങ്ങളോട് പ്രതികരിക്കാം. ഒന്നുകില്‍ അതിനെ നേരിടാം, അല്ലെങ്കില്‍ ഓടിയൊളിക്കാം അല്ലെങ്കില്‍ അവഗണിക്കാം. നേരിടാന്‍ പറ്റുന്ന പ്രശ്നങ്ങളെ നേരിടുക തന്നെ ചെയ്യണം. ഓരോ സാഹചര്യത്തെയും നേരിട്ട് വിജയിക്കുമ്പോള്‍ നമ്മുടെ ആത്മവിശ്വാസം വളരുക തന്നെയാണ് ചെയ്യുന്നത്. ജീവിതത്തിലെ പ്രശ്നങ്ങള്‍ മാത്രം അല്ല. ഓരോ അവസരങ്ങളും നമ്മള്‍ ഉപയോഗിക്കാന്‍ പഠിക്കണം. കിട്ടുന്ന അവസരങ്ങള്‍ എന്തുതന്നെയായാലും എനിക്കു കഴിയില്ല എന്നു പറഞ്ഞ് മാറി നില്‍ക്കാതെ ധൈര്യത്തോടെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ആത്മവിശ്വാസത്തിലേക്കുള്ള ആദ്യപടി അതുതന്നെ.

2. ബലഹീനതകളെ അതിജീവിക്കുക

ആത്മവിശ്വാസത്തില്‍ വളരാനുള്ള മറ്റൊരു മാര്‍ഗ്ഗം നമുക്ക് അതിജീവിക്കാന്‍ പറ്റില്ല എന്ന് കരുതുന്നതിനെ അതിജീവിക്കുക എന്നതാണ്. അതിജീവനം എന്ന് കേള്‍ക്കുമ്പോള്‍ വലിയ കാര്യങ്ങളിലേക്ക് ചിന്തിക്കേണ്ടതില്ല. കൊച്ചുകാര്യങ്ങളില്‍ തുടങ്ങണം. കൊതിയുള്ള ഭക്ഷണം നിയന്ത്രിക്കുമ്പോള്‍പോലും നമ്മള്‍ നമ്മളുടെ ശക്തി തിരിച്ചറിയുകയാണ്, നമ്മുടെ ആത്മവിശ്വാസം കൂടുകയാണ്. ചെറിയ കാര്യങ്ങളില്‍ തുടങ്ങണം. ഇഷ്ടമുള്ള ഭക്ഷണം, ഉറക്കം, ഫോണ്‍ ഉപയോഗം, ഇഷ്ടമ്യൂസിക്ക്…. അങ്ങനെ നമ്മള്‍ അമിതമായി ആശ്രയിക്കുന്നത് എന്തുമാകാം.

3. നമ്മുടെ ബലങ്ങള്‍ തിരിച്ചറിയുക

ഓരോ മനുഷ്യനും ഒരുപാട് കഴിവുകളുടെ കൂടാരങ്ങള്‍ തന്നെയാണ്. നമ്മള്‍ എപ്പോഴും നമുക്ക് കിട്ടാതെ പോയതിനെക്കുറിച്ചും, നമുക്ക് ആയിത്തീരാന്‍ കഴിയാത്തതിനെക്കുറിച്ചും, ചെയ്യാന്‍ പറ്റാതെ പോയതിനെക്കുറിച്ചും സങ്കടപ്പെടുന്നതിന്‍റെ തിരക്കില്‍ നമുക്ക് ഉള്ള വലിയ കഴിവുകളെ മറക്കുന്നവരാണ്. നമ്മുടെ നന്മകള്‍ നമ്മള്‍ തിരിച്ചറിഞ്ഞില്ല എങ്കില്‍ മറ്റാരും അത് അറിയുമെന്ന് കരുതരുത്. കഴിവുകള്‍ തിരിച്ചറിയുകയും അതില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ആത്മവിശ്വാസവും വളരും. നമ്മുടെ കുറവുകളില്‍ ശ്രദ്ധവച്ചാല്‍ ഓരോ ദിവസവും നമ്മളിലുള്ള വിശ്വാസവും നമുക്ക് നഷ്ടമാകും.

4. ജീവിതം ആഘോഷിക്കുക

ജീവിതത്തില്‍ ആഘോഷിക്കാന്‍ അവസരം തേടി നടക്കുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ ആത്മവിശ്വാസത്തില്‍ വളരാന്‍ ജീവിതം തന്നെ ആഘോഷമാക്കണം. ഓരോദിവസവും ഒരുപാട് കൊച്ചുകൊച്ച് നല്ലകാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നടക്കുന്നുണ്ട്. വലിയ വിജയങ്ങള്‍ ആഘോഷിക്കാന്‍ കാത്തിരിക്കുന്ന നാം കൊച്ച് വിജയങ്ങളും നന്മകളും ആഘോഷിക്കാന്‍ മറക്കരുത്. ഒരു നല്ല കടുംകാപ്പി ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് ആസ്വദിച്ചു കുടിക്കുന്നത് ഒരു ആഘോഷമാണ്. പുസ്തകം മുഴുവന്‍ പഠിച്ചു തീരുന്നത് മാത്രമല്ല വിജയം, ആ പുസ്തകത്തിന്‍റെ ഓരോ പേജും പൂര്‍ത്തിയാക്കിയപ്പോള്‍ ഓരോ വിജയങ്ങള്‍ ആയിരുന്നു. ഓരോ കുഞ്ഞുവിജയങ്ങളും ആഘോഷിക്കുമ്പോള്‍ നമ്മള്‍ നമുക്കുതന്നെ കൂടുതല്‍ വില നല്‍കുന്നവരാകും.

5. പുതിയ കാര്യങ്ങള്‍ പഠിക്കുക

എപ്പോഴും എന്തെങ്കിലും പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുക എന്നത് ആത്മവിശ്വാസത്തില്‍ വളരാന്‍ വളരെ ഉപകരിക്കുന്നതാണ്. ഈ ലോക്ഡൗണ്‍ കാലത്ത് കുറെയധികം കുട്ടികള്‍ പുതുതായി കുറെ അധികം കാര്യങ്ങള്‍ പഠിച്ചെടുത്തു. കുപ്പിയില്‍ പെയ്ന്‍റ് ചെയ്യാനും, ചിത്രം വരയ്ക്കാനും, പൂച്ചെടികള്‍ നട്ടുപിടിപ്പിക്കാനുമൊക്കെ… ഓരോ പുതിയ കാര്യങ്ങള്‍ പഠിക്കുമ്പോഴും നമ്മുടെ മനസ്സിനെ നമ്മള്‍ ആത്മവിശ്വാസത്തില്‍ വളര്‍ത്തുകയാണ്. മടിപിടിച്ച് മനസ്സിനെ മുരടിപ്പിക്കാതെ താല്‍പര്യത്തോടെ പുതിയ കാര്യങ്ങള്‍ പഠിക്കുക.

6. ദിവസേന ഉള്ള വ്യായാമം

ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ ശാരീരിക ക്ഷമതയും ശരീരത്തിന്‍റെ സന്തുലിതാവസ്ഥയും ഒരു പ്രധാന ഘടകം ആണ്. വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന് ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ നമുക്ക് ഒരു ഉണര്‍വ് പ്രദാനം ചെയ്യും. എല്ലാ ദിവസവും നിശ്ചിതസമയത്ത് മുടങ്ങാതെ വ്യായാമം ചെയ്യുമ്പോള്‍ നമ്മള്‍ നമ്മെത്തന്നെ ഭാവാത്മകമായി ക്രമീകരിക്കുകയാണ്. അത് ജീവിതക്രമത്തിന്‍റെ ഭാഗമാക്കാന്‍ കഴിയുമ്പോള്‍ നമ്മുടെ ആത്മവിശ്വാസവും വളരും. ഓണ്‍ലൈന്‍ ക്ലാസ്സുകളും മറ്റ് പരിപാടികളും നമ്മുടെ കുട്ടികളെ ഫോണിന്‍റെയും ടിവിയുടെയും മുന്നില്‍മാത്രം ആക്കി ഇരുത്തുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് ആരോഗ്യമുള്ള കുട്ടികളോടൊപ്പം ആത്മവിശ്വാസമുള്ള കുട്ടികളെക്കൂടിയാണ്.

7. പോസിറ്റീവ് ഡയറി

നമ്മുടെ ആത്മവിശ്വാസം ക്രമീകരിക്കാന്‍ ഉപയോഗിക്കാവുന്ന നല്ല ഒരു ആയുധമാണ് പോസിറ്റീവ് ഡയറി. നമ്മുടെ ജീവിതത്തില്‍ നമുക്കു കിട്ടുന്ന ചെറുതും വലുതുമായ എല്ലാ അനുമോദനങ്ങളും ആശംസകളും അതാത് ദിവസം ഒരു ബുക്കില്‍ എഴുതിവയ്ക്കുക. നമ്മള്‍ കേട്ട നല്ല വാക്കും അതിന് കാരണമായ സാഹചര്യവും എഴുതിവയ്ക്കുക. ജീവിതത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസരങ്ങളിലൊക്കെ ഈ എഴുതിവച്ചിരിക്കുന്ന ബുക്കിലെ ഓര്‍മ്മകളിലൂടെ കണ്ണോടിച്ചാല്‍ നമ്മള്‍ അറിയാതെതന്നെ ആത്മവിശ്വാസത്തിലേക്ക് തിരിച്ചുവരും.ആത്മവിശ്വാസം മാത്രം കൈമുതലാക്കി ലോകം കീഴടക്കിയവരെ നോക്കി നമ്മള്‍ അത്ഭുതപ്പെടാറുണ്ട്. അവരാരും ജന്മംകൊണ്ട് കിട്ടിയ ആത്മവിശ്വാസത്തില്‍ വളര്‍ന്നവരല്ല. പരാജയങ്ങളില്‍ വീണുപോകാതെ പൊരുതിയവരാണ് അവരെല്ലാം. ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനും, നഷ്ടപ്പെടാതെ സൂക്ഷിക്കാനുമുള്ള തീക്ഷ്ണതയാണ് അവരെ വ്യത്യസ്തരാക്കിയത്. നമ്മള്‍ അനുദിനജീവിതത്തില്‍ ചെയ്യുന്ന കൊച്ചുകൊച്ചുകാര്യങ്ങള്‍ നമുക്ക് ആത്മവിശ്വാസത്തില്‍ വളരാന്‍ സഹായിക്കും.

Leave a Reply