രണ്ടാം പിണറായി മന്ത്രി സഭയിലെ സിപിഐ മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങൾ

രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുമുഖങ്ങളെ അണിനിരത്തി സിപിഐ. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടീവും ചേ‍ര്‍ന്നാണ് നാല് മന്ത്രിമാരേയും തെരഞ്ഞെടുത്തത്. പി.പ്രസാദ്, കെ.രാജന്‍, ജി.ആര്‍.അനില്‍, ജെ.ചിഞ്ചുറാണി എന്നിവരാണ് സിപിഐയില്‍ നിന്നുള്ള മന്ത്രിമാര്‍. ഇ.ചന്ദ്രശേഖരന്‍ നിയമസഭാകക്ഷി നേതാവാകും കെ.രാജനാവും ഡെപ്യൂട്ടി ലീഡര്‍. പാര്‍ട്ടി വിപ്പായി ഇ.കെ.വിജയനേയും തെരഞ്ഞെടുത്തു. അടൂര്‍ എംഎല്‍എ ചിറ്റയം ​ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുത്തിട്ടുണ്ട്.പാര്‍ട്ടി ആസ്ഥാനത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സിപിഐയുടെ മന്ത്രിമാരേയും ഡെപ്യൂട്ടി സ്പീക്കറേയും പ്രഖ്യാപിച്ചത്.

രാവിലെ ചേ‍ര്‍ന്ന സിപിഐ യോ​ഗത്തിലാണ് മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമധാരണയായത്. ചേര്‍ത്തലയില്‍ നിന്നും ജയിച്ച പി.പ്രസാദും ഒല്ലൂരില്‍ നിന്നും ജയിച്ച കെ.രാജനും മന്ത്രിമാരാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. അവശേഷിച്ച രണ്ട് പദവികളെ ചൊല്ലിയാണ് സസ്പെന്‍സ് നിലനിന്നത്.