കൊവിഡ് വാക്സിനുകള്‍ മിക്സ് ചെയ്താല്‍ കൂടുതല്‍ പ്രതിരോധശേഷിയെന്ന് പഠനങ്ങള്‍

കൊവിഡ് 19ന്‍റെ വാക്സിനുകള്‍ മിക്സ് ചെയ്താല്‍ കൂടുതല്‍ പ്രതിരോധശേഷി ഉണ്ടാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി ഐഎംഎയുടെ സമൂഹ മാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുല്‍ഫി നൂഹു. അടുത്തിടെ നടന്ന മൂന്ന് പഠനങ്ങള്‍ കൃത്യമായി ഇതിലേയ്ക്ക് തന്നെ വിരല്‍ചൂണ്ടുന്നു എന്നും ഡോ. സുല്‍ഫി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് വായിക്കാം…

കൊവിഡ് 19ന്‍റെ വാക്സിനുകള്‍ മിക്സ് ചെയ്താല്‍ കൂടുതല്‍ നല്ലതെന്ന് പുതിയ പഠനങ്ങള്‍. അതായത് ആദ്യ ഡോസ് ഒരു വാക്സിനും രണ്ടാമത്തേത് മറ്റൊരു വാക്സിനുമെടുത്താല്‍ കുഴപ്പമില്ലെന്നു മാത്രമല്ല കൂടുതല്‍ പ്രതിരോധശേഷിയും ഉണ്ടാകും.

അടുത്തിടെ നടന്ന മൂന്ന് പഠനങ്ങള്‍ കൃത്യമായി ഇതിലേയ്ക്ക് തന്നെ വിരല്‍ചൂണ്ടുന്നു.

മൂന്നു പഠനങ്ങളും ദൂഷ്യവശങ്ങള്‍ കുറവെന്നു കാണിക്കുന്നുവെന്ന് മാത്രമല്ല അതിലെ രണ്ട് പഠനങ്ങളും കൂടുതല്‍ മികച്ച പ്രതിരോധശേഷി ഉണ്ടാക്കുന്നുവെന്നുള്ളത് വളരെ ആശാവഹമാണ്.

ദശലക്ഷക്കണക്കിന് ആള്‍ക്കാരിലേയ്ക്ക് വളരെ പെട്ടെന്ന് വാക്സിനെത്തിക്കുവാന്‍ ഈ പഠനങ്ങള്‍ സഹായിക്കുമെന്ന് കരുതണം. സ്പാനിഷ് പഠനത്തില്‍ 448 പേരില്‍ ആദ്യം ആസ്ട്രാ സെനിക്ക വാക്‌സിനും രണ്ടാമത് ഫൈസറും നല്‍കിയ പഠനം മികച്ച പ്രതിരോധശേഷി കാണിച്ചു.ബെര്‍ലിന്‍ പഠനത്തില്‍ ഏതാണ്ട് എഴുപതോളം ആരോഗ്യപ്രവര്‍ത്തകരെ സമാന പഠനത്തിനു വിധേയമാക്കി. മറ്റൊരു ജര്‍മന്‍ പഠനവും വളരെ ആശാവഹമായ പ്രതിരോധശേഷിയാണ്‌ കണ്ടെത്തിയത്.

ആന്‍റിബോഡി പ്രവര്‍ത്തനത്തോടൊപ്പം ടി-സെല്‍ പ്രവര്‍ത്തനവും രോഗപ്രതിരോധ ശേഷി കൂട്ടുവാന്‍ ഉപകരിച്ചു. സ്പെയിന്‍, ജര്‍മനി, കാനഡ, ഫ്രാന്‍സ്, നോര്‍വേ, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ രണ്ടാം ഡോസ് മറ്റു വാക്സിന്‍ നല്‍കാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. വാക്സിനേഷന്‍ പ്രക്രിയയില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ ഈ തീരുമാനം സഹായിക്കുക തന്നെ ചെയ്യും. കൂടുതല്‍ പഠനങ്ങള്‍ ഈ കാര്യത്തില്‍ ആവശ്യമാണെന്നുള്ളതിനു സംശയമില്ല .

ജനസംഖ്യയുടെ 50 ശതമാനത്തിനെങ്കിലും വാക്സിനെത്തിയാല്‍ മാത്രമേ പാന്‍ന്റെമിക്കിന്റെ അവസാനത്തിലേക്ക് എത്തുവാന്‍ കഴിയുകയുള്ളൂവെന്നുള്ളത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഒരു കാര്യം വളരെ വളരെ ഉറപ്പ്. വാക്സിന്‍ മിക്സ് ചെയ്തു നല്‍കേണ്ടി തന്നെ വരും.
അത് എത്രയും പെട്ടെന്നായാല്‍ അത്രയും നന്ന്.

– ഡോ. സുല്‍ഫി നൂഹു