സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ റോഡുകളില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ റോഡുകളില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ പരിശോധന.

റണ്ണിംഗ് കോണ്‍ട്രാക്‌ട് പ്രകാരമുള്ള റോ‍ഡുകളില്‍ തിരുവനന്തപുരം,എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് പരിശോധന നടത്തിയത്. റോഡിന്‍റെ ഒരുവര്‍ഷത്തെ പരിപാലനം കരാറുകാരന്‍ ഉറപ്പാക്കുന്ന രീതിയാണ് റണ്ണിംഗ് കോണ്‍ട്രാക്‌ട്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും പരിശോധന നടത്തും. ഈ മാസം 30ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. നാല് ഐഎഎസ്സുകാരും 8 ചീഫ് എഞ്ജിനിയര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

റോഡുകളുടെ മോശാവസ്ഥയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പൊതുമരാമത്ത് റോഡിലെ കുഴികള്‍ അടയ്ക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിച്ചു വരുത്താന്‍ തുടങ്ങിയാല്‍ ഹൈക്കോടതിയില്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസ് തുറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ആലുവ – പെരുമ്ബാവൂര്‍ റോഡിലെ കുഴികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

സംസ്ഥാനത്തെ റോഡുകള്‍ മോശമാകുന്നതില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടോയെന്ന് കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ ചോദിച്ചു. എഞ്ചിനീയര്‍മാര്‍ അവരുടെ ജോലി ചെയ്യുന്നുണ്ടോയെന്നും റോഡുകളിലെ സ്ഥിതി ദയനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. റോഡുകളില്‍ കുഴികള്‍ രൂപപ്പെടുമ്ബോള്‍ മുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പറഞ്ഞ കോടതി, മോശം റോഡുകള്‍ കാരണം ആയിരക്കണക്കിന് ആള്‍ക്കാരാണ് ദുരിതം അനുഭവിക്കുന്നതെന്നും റോഡില്‍ ഒരാള്‍ മരിച്ചാല്‍ ജനം രോഷം പ്രകടിപ്പിക്കുമെന്നും ജനം പ്രശ്നം ഉണ്ടാക്കിയപ്പോള്‍ ആണ് ഈ വിഷയം കോടതിയുടെ ശ്രദ്ധയിലേക്ക് വന്നതെന്നും പറഞ്ഞു.

അതേസമയം ആലുവ- പെരുമ്ബാവൂര്‍ റോഡ് തകര്‍ന്ന സംഭവത്തില്‍ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള എഞ്ചിനീയര്‍ ഹൈക്കോടതിയില്‍ ഇന്നലെ നേരിട്ട് ഹാജരായി. റോഡില്‍ കുഴിയുണ്ടായപ്പോള്‍ മുന്നറിയിപ്പ് ബോര്‍ഡ്‌ വച്ചിരുന്നോ എന്ന് കോടതി ഉദ്യോഗസ്ഥരോട് ചോദിച്ചു. ബോര്‍ഡ്‌ വെച്ചില്ലെന്ന് എന്‍ജിനീയര്‍ ഹൈക്കോടതിയെ അറിയിച്ചു