വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ച നിങ്ങളെ അവർ ഭയന്നെങ്കിൽ നിങ്ങൾ ഒരു ധീരനായ പുരോഹിതനായിരുന്നു
സ്റ്റാൻ സ്വാമി, ഭരണകൂട നീതി നിഷേധത്തിന്റെ പുതിയൊരു ഇര,
ആദിവാസികൾ ,അവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചുപോയതിന്റെ പേരിൽ ,അവരിലൊരാളായി അവർക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ട ഫാ.സ്റ്റാൻ സ്വാമിക്ക് ഒടുവിൽ ദൈവത്തിന്റെ നീതി…
ഭരണകൂടത്തിന്റെ ഇരട്ടനീതിയുടെ ,ഭരണ കൂട ഭീകരതയുടെ ,ചില രാഷ്ട്രീയ താൽപര്യങ്ങളുടെ വ്യക്തമായ ഇരയായിരുന്നു ഫാ.സ്റ്റാൻ സ്വാമി
ഈശോസഭാ വൈദികനായ സ്റ്റാനിസ്ലാവോസ് ലൂർദ് സ്വാമി എന്ന സ്റ്റാൻ സ്വാമി നാൽപതു വർഷത്തിലേറെയായി ആദിവാസികളുടെ അവകാശസംരക്ഷകനായിരുന്നു. ബീഹാറിലും ജാർഖണ്ഡിലുമൊക്കെ ഗോത്രവാസികളെ ഉൻമൂലനം ചെയ്യാനുള്ള മാഫിയകൾക്കും കോർപറേറ്റുകൾക്കുമെതിരെയായിരുന്നു സ്റ്റാൻ സ്വാമിയുടെ തളരാത്ത പോരാട്ടം. കാടിന്റെ മക്കളെ കുടിയൊഴിപ്പിച്ച് അവിടം വൻഖനികളാക്കി മാറ്റാനുള്ള നീക്കങ്ങൾക്കെതിരെ മനുഷ്യാവകാ ശത്തിന്റെ ശബ്ദം ഉയർത്തിയ 83 കാരനായ പുരോഹിതനെ ഭരണകൂടം ജയിലിൽ അടച്ചു, അവിടെ വെച്ച് തന്നെ അദ്ദേഹം നിസ്സഹായനായി മരണത്തിനും കീഴ്പെട്ടു
തമിഴ്നാട്ടിലെ തൃച്ചിനാപ്പള്ളിക്കടുത്ത് വാരാപൂർ സ്വദേശിയായ ഫാ. സ്റ്റാൻ സ്വാമി ആദിവാസികളുടെ ഭൂമി, വനം, തൊഴിൽ പ്രശ്നങ്ങളിൽ അവരിലൊരാളായി നില കൊണ്ട് ഏറെക്കാലമായി ഇടപെടലുകളും വ്യവഹാരങ്ങളും നടത്തിവന്നിരുന്നു.
ദളിത് ആദിവാസി ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച വൈദികന് നിരോധിത സിപിഐ മാവോയിസ്റ്റ് സംഘടനയുമായും, ദേശീയ മാധ്യമങ്ങളിൽ ഇടംപിടിച്ച ഭീമ കൊറേഗാവ് കലാപവുമായും ബന്ധമുണ്ടെന്നായിരുന്നു നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ)യുടെ കുറ്റപത്രം.
ഇക്കഴിഞ്ഞ 2020 ഓഗസ്റ്റ് എട്ടിന് രാത്രി 7.20ന് ജാർഖണ്ഡിലെ റാഞ്ചിയിൽ ബാഗെയ്ചയിലുള്ള ഈശോസഭാ ഭവ നത്തിൽനിന്നാണ് വാറന്റും വിശദീകരണവുമില്ലാതെ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തു നവിമുംബൈയിലെ തലോജ സെൻട്രൽ ജയിലിലടച്ചത്
2017 ഡിസംബർ 31ന് എൽഗാർ പരിഷദ് എന്ന സംഘടന പുനെയിലെ ശനിവാർ വാഡയിൽ നടത്തിയ യോഗത്തിനു പിന്നിൽ നിരോധിത മാവോയിസ്റ്റുസംഘടനയുടെ ഇടപെടലുള്ളതായി പോലീസ് പറയുന്നു. പിറ്റേന്ന് 2018ലെ പുതുവർഷദിനത്തിൽ പൂനയിലെ ഷിരൂരിൽ ഭീമകൊറേഗാവ് ഗ്രാമത്തിലുണ്ടായ ജാതി കലാപത്തിനു കാരണമായത് എൽഗാർ പരിഷദ് സമ്മേളനമാണെന്നും പോലീസ് ആരോപിക്കുന്നു.
1818-ൽ മറാഠാ പേഷമാർക്കെതിരെ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ ഭീമ കൊറേഗാവിൽ ദളിതർ പോരാടി വി ജയിച്ചതിന്റെ ഇരുന്നൂറാം വാർഷികവേളയിൽ ഒട്ടേറെ ദളിത് വിഭാഗങ്ങൾ പഴയ യുദ്ധഭൂമിയിൽ സമ്മേളിച്ചിരുന്നു. . അന്നുണ്ടായ വർഗ ലഹളയിൽ രാഹുൽ പതംഗ്ല എന്ന ആ യുവാവ് കൊല്ലപ്പെട്ടതിനു പിന്നിൽ മാവോയിസ്റ്റുകളാണെന്നാണ് ആരോപണം. രണ്ടു വർഷം പൂനെ പൊലീസ് അന്വേഷിച്ചതിനുശേഷം നിലവിൽ ഭരിക്കുന്ന സർക്കാരിന്റെ താൽപര്യത്തിലാണ് ഇക്കൊല്ലം ജനുവരിയിൽ കേസ് എൻഐഎയ്ക്ക് കൈമാറിയതും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പ്രമുഖർക്കെതിരെ കേസെടുത്തു വന്നതും.
ഭീമകോറേഗാവിൽ ഒരിക്കൽ പോലും പോയിട്ടില്ലാത്ത സ്റ്റാൻ സ്വാമിയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റു ചെയ്തത്
ഓഗസ്റ്റ് 28നു രാവിലെ മഹാരാഷ്ട്ര, ജാർഖണ്ഡ് പോലീസ് സംയുക്തമായി സ്റ്റാൻ സ്വാമിയുടെ മുറിയിലെത്തി മൊബൈല്‍ ഫോണും ലാപ്ടോപ്പും പത്ര കട്ടിംഗുകളും സി.ഡികളും പ്രസിദ്ധീകരണങ്ങളും മറ്റും വാനില്‍ കയറ്റിക്കൊണ്ടുപോയിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിക്കാന്‍ തന്‍റെ കംപ്യൂട്ടറില്‍ ചില രേഖകള്‍ പോലീസ് ഉള്‍പ്പെടുത്തിയതായി സ്റ്റാന്‍ സ്വാമി തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ പറഞ്ഞെങ്കിലും അത് വിലപ്പെട്ട തെളിവാണെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
മുപ്പതിലേറെ വരുന്ന ആദിവാസി വിഭാഗങ്ങളെ ജീവിക്കുന്ന മണ്ണില്‍ നിന്നും കുടിയൊഴിപ്പിക്കാനും അവരെ ചൂഷണം ചെയ്യാനുമുള്ള ഭൂമി ഖനി മാഫിയകളുടെയും കോര്‍പറേറ്റുകളുടെയും നീക്കങ്ങളെ സ്റ്റാന്‍ സ്വാമി എക്കാലവും ചോദ്യം ചെയ്തിരുന്നു. അവരുടെ അവകാശപ്രക്ഷോഭങ്ങളില്‍ അസംഘടിതരായ ആദിവാസികള്‍ക്ക് അഭയവും ആശയവും പിന്തുണയും നല്‍കിയിരുന്നു.
സായുധ പോരാട്ടമായിരുന്നില്ല, മറിച്ച് ഭരണഘടനയിലെ പൗരാവാകാശങ്ങള്‍ നിയമത്തിന്‍റെയും കോടതിയുടെയും പിന്‍ബലത്തില്‍ നേടിയെടുക്കാനായുള്ള അക്ഷീണ പ്രയത്നമായിരുന്നു ഇദ്ദേഹത്തിന്‍റെ ജീവിതം. ദരിദ്രരും ദളിതരുമായ ആദിവാസികള്‍ക്കു നേരെയുള്ള ജന്‍മി മാഫിയ സംഘടിത നീക്കങ്ങളെ ചെറുക്കാന്‍ ജനാധിപത്യപരമായ എല്ലാ സമരങ്ങളിലും സ്റ്റാന്‍ മുന്‍നിരയിലുണ്ടായിരുന്നു. അത്തരത്തില്‍ സ്റ്റാന്‍സ്വാമിയെ നീതിയുടെയും സത്യത്തിന്‍റെയും കരുണയുടെയും കവചം ധരിച്ച ആക്ടിവിസ്റ്റുതന്നെ.
1996ല്‍ യുറേനിയം കോര്‍പറേഷന്‍ ഇന്‍ഡ്യ ലിമിറ്റഡ് ബിഹാറില്‍ ഖനനവുമായി എത്തിയതിനെ വനവാസികള്‍ക്കൊപ്പം ചേര്‍ന്ന് സ്റ്റാന്‍ ചെറുത്തു. ഇതുവഴി ചായ്ബാസയില്‍ നിര്‍മിക്കാനിരുന്ന ടെയ്ലിംഗ് ഡാമിന്‍റെ നിര്‍മാണം നിര്‍ത്തിവയ്പ്പിക്കാനായത് ആയിരക്കണക്കിന് വനവാസികള്‍ക്ക് രക്ഷയായി. അണക്കെട്ട് പണിതിരുന്നുവെങ്കില്‍ ജഡുഗോദയിലെ ചാട്ടികൊച ആദിവാസികളുടെ കിടപ്പാടങ്ങള്‍ അപ്പാടെ മുങ്ങിപ്പോകുമായിരുന്നു. പില്‍ക്കാലത്ത് ബുകാരോ, സന്താള്‍ പര്‍ഗാനാ, കോദര്‍മ പ്രദേശങ്ങളിലെ സമാനമായ സമരങ്ങളിലും ആദിവാസികളുടെ സംരക്ഷകനായി നിലകൊണ്ടിരുന്നു.
ആദിവാസികളെ കുടിയൊഴിപ്പിച്ച് മലകളും വനങ്ങളും പുഴകളും തുരന്നിറങ്ങി ധാതുക്കള്‍ കവര്‍ന്നെടുക്കാനുള്ള തീരുമാനത്തിനെതിരെ നടന്ന സമരങ്ങളില്‍ ഫാദര്‍ സ്വാമി ആദിവാസികളുടെ മുന്‍നിരയിലുണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളും മനുഷ്യാവകാശ പരിസ്ഥിതി സംഘടനകളും അച്ചനു പിന്തുണ നല്‍കി. ഒപ്പം സുപ്രീം കോടതിയും ആദിവാസികളുടെ രക്ഷയ്ക്കെത്തി. രാജ്യത്തെ 219 ഖനികളില്‍ 214 എണ്ണവും നിയമവിരുദ്ധമാണെന്നും അടച്ചുപൂട്ടി പിഴ ഈടാക്കണമെന്നും സുപ്രീംകോടതി വിധിച്ചു. എന്നാല്‍ ഇതു വകവയ്ക്കാതെ ഖനനവുമായി മുന്നോട്ടുനീങ്ങിയപ്പോള്‍ ധീരമായ ചെറുത്തു നില്‍പ്പുമായി സ്റ്റാന്‍ സ്വാമി തളരാതെ സമരഭൂമിയില്‍ നിലകൊണ്ടതോടെ ഇദ്ദേഹം മാഫിയകളുടെ കണ്ണിലെ കരടായി മാറി.
ജാര്‍ഖണ്ഡില്‍ മാവോയിസവും നസ്കസലിസവും വളര്‍ന്നപ്പോള്‍ 2010ല്‍ നക്സലൈറ്റ് ബന്ധം ആരോപിച്ചു മൂവായിരത്തോളം ആദിവാസി യുവാക്കളെ വിചാരണയില്ലാതെ തടവിലാക്കിയ സംഭവത്തില്‍ സ്റ്റാന്‍ നടത്തിയ പോരാട്ടം ദേശീയ തലത്തില്‍ ശ്രദ്ദേയമായി. ഈ പശ്ചാത്തലത്തില്‍ ഫാ. സ്റ്റാന്‍ സ്വാമി എഴുതിയ ‘ദ ട്രൂത്ത് ഓഫ് അണ്ടര്‍ ട്രയല്‍സ്’ എന്ന പുസ്തകം ജാര്‍ഖണ്ഡിലെ മനുഷ്യാവകാശലംഘനങ്ങള്‍ പുറംലോകത്ത് അറിയിക്കാന്‍ സഹായകരമായി.
അറസ്റ്റ് ചെയ്തതില്‍ 98 ശതമാനം ആദിവാസി യുവാക്കള്‍ക്കും മാവോയിസ്റ്റുകളുമായി ഒരു ബന്ധവുമില്ലെന്നും ഇദ്ദേഹം പുസ്തകത്തില്‍ പറയുന്നു.
ഈ യുവാക്കള്‍ക്ക് അയ്യായിരം രൂപ തികച്ചു വാര്‍ഷിക വരുമാനമില്ലെന്നിരിക്കെ കേസ് വാദിക്കാന്‍ അഭിഭാഷകരെപ്പോലും ഏര്‍പ്പാടാക്കാന്‍ കഴിയാതെ അനന്ത കാലത്തോളം ജയിലില്‍ കിടക്കുമെന്ന പുസ്തകത്തിലെ പരാമര്‍ശം ഭരണക്കാരെ ചൊടിപ്പിച്ചു. വിചാരണത്തടവുകാരെ വ്യക്തിഗത ബോണ്ടിനുമേല്‍ മോചിപ്പിക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് ഈ വൈദികന്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കി. ഒപ്പം വിചാരണ താമസിക്കാനുള്ള കാരണങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.
ആദിവാസികളുടെ പുരോഗതിക്കും വികസനത്തിനും ആവശ്യമായ കാര്യങ്ങള്‍ അധികാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ആദിവാസികള്‍ മാത്രം അംഗങ്ങളായ ട്രൈബല്‍ അഡ്വൈസറി കൗണ്‍സില്‍ രൂപീകരിക്കണമെന്ന ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിലെ അനുശാസനം നടപ്പിലാക്കാത്തതിനെയും മുന്‍പ് സ്റ്റാന്‍ സ്വാമി ചോദ്യം ചെയ്തിരുന്നു. അവകാശങ്ങള്‍ക്കായി ആദിവാസികളെ സംഘടിപ്പിച്ചു ഇദ്ദേഹം നയിച്ച സമരം 2017 ല്‍ പതല്‍ഗുഡി അവകാശ പ്രസ്ഥാനമായി ജാര്‍ഖണ്ഡില്‍ ശക്തിപ്പെടുകയും ചെയ്തു.
തലമുറകളായി താമസിക്കുന്ന കിടപ്പാടത്തിന് പട്ടയം ആവശ്യപ്പെട്ട് 2006നും 2011നുമിടെ 30 ലക്ഷം അപേക്ഷകള്‍ സമര്‍പ്പിക്കുകയും 11 ലക്ഷം പേര്‍ക്ക് പട്ടയം ലഭിക്കുകയും ചെയ്തു. 14 ലക്ഷം അപേക്ഷകള്‍ തള്ളുകയും അഞ്ചു ലക്ഷം തീര്‍പ്പാകാതെ കെട്ടിക്കിടക്കുകയും ചെയ്തപ്പോഴും അച്ചന്‍ ഇടപെടലുകള്‍ നടത്തി.
ആദിവാസികളെ കുടിയൊഴിപ്പിച്ച് ഭൂമി കൈവശപ്പെടുത്താന്‍ സര്‍ക്കാര്‍ ലാന്‍റ് അക്വിസിഷന്‍ ആക്റ്റ് ഭേദഗതി ചെയ്ത തീരുമാനത്തെയും ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ലാന്‍ഡ് ബാങ്കുകള്‍ സ്ഥാപിക്കാന്‍ നീക്കം നടത്തിനെയും ചോദ്യം ചെയ്തു.
നീതി തേടിയുള്ള അവകാശ പോരാട്ടത്തില്‍ ധീരമായ നിലപാടുകളുള്ള സ്റ്റാന്‍ സ്വാമി സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും കണ്ണിലെ കരടായി മാറിയതിനെത്തുടര്‍ന്നാണ് ആരോപണങ്ങള്‍ കെട്ടിച്ചമച്ചുള്ള അറസ്റ്റ്.
ഭീമ കൊറേഗാവ് പ്രക്ഷോഭത്തില്‍ പങ്കില്ലെന്ന് 2018 ല്‍ മുംബൈ ഹൈക്കോടതിയില്‍ സ്റ്റാന്‍ സ്വാമി നല്‍കിയ മൊഴികളെ വകവയ്ക്കാതെയാണ് അറസ്റ്റുണ്ടായത്. കഴിഞ്ഞ മാസങ്ങളില്‍ ഐഎന്‍എയുടെ മണിക്കൂറുകൾ നീണ്ട വിശദമായ ചോദ്യം ചെയ്യലിനു പിന്നാലെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍ക്കിന്‍സന്‍സ് രോഗിയായ വയോധികനെ ജയിലില്‍ അടച്ചത്. എല്‍ഗാര്‍ പരിഷത്ത്, ഭീമ കൊറേഗാവ് സംഭവങ്ങളില്‍ ഇതോടകം അറസ്റ്റിലായവര്‍ക്കെല്ലാം നിരോധിതസംഘടനയായ സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎയുടെ ആരോപണം.
ഫാ. സ്റ്റാന്‍ സ്വാമിയെ കൂടാതെ, സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, നാഗ്പൂരിലെ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്ലിങ്, ഡല്‍ഹി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബു തുടങ്ങി ഏതാനും പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധവുമായി റാഞ്ചി രൂപതയും മനുഷ്യാവകാശ സംഘടനകളും ഈശോസഭയും ഉള്‍പ്പെടെ ദേശവ്യാപകമായ പ്രതിഷേധം നടത്തിയിരുന്നു. ഫാ. സ്റ്റാന്‍ ഉള്‍പ്പെടെ പൗരവകാശ പ്രവര്‍ത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്നന്നു യുഎന്‍ മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലിന്‍റെ പ്രസ്താവന ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളുകയും ഇന്ത്യ സ്വതന്ത്ര ജുഡീഷ്യറിയും നിയമസംവിധാനവുമുള്ള രാജ്യമാണെന്നാണ് വിശദീകരിക്കുകയും ചെയ്തിരിക്കുന്നു.

