ക്യൂബയിൽ പ്രക്ഷോഭം വ്യാപിക്കുന്നു; പൊതുതിരഞ്ഞെടുപ്പ്  വേണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ മൂവ്‌മെന്റ്

ക്യൂബൻ ഭരണകൂടത്തിനെതിരായ പ്രക്ഷോപങ്ങൾ കലാപസാധ്യതയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, രാജ്യത്ത് സ്വതന്ത്രമായ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ക്യൂബയിലെ പ്രബല ക്രിസ്ത്യൻ സംഘടനയായ ‘ക്രിസ്ത്യൻ ലിബറേഷൻ മൂവ്‌മെന്റ്’. രൂക്ഷമായ ഭക്ഷ്യക്ഷാമവും കോവിഡിനെ തുടർന്നുണ്ടായ ആരോഗ്യപ്രതിസന്ധിയും നേരിടുന്ന ക്യൂബയിൽ ഭരണകൂടത്തിനെതിരെ ജനരോഷം ഇരമ്പുകയാണ്.

സ്വേച്ഛാധിപത്യത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രക്ഷോഭങ്ങൾ ഓരോ ദിവസം കഴിയുന്തോറും വ്യാപകമാകുന്നു എന്നാണ് റിപ്പോർട്ടുകൾ.സ്വതന്ത്രമായ പൊതുതിരഞ്ഞെടുപ്പ് നടത്താൻ ഭരണകൂടത്തിനുമേൽ സമ്മർദം ചെലുത്തേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ടാണ്, ‘ക്രിസ്ത്യൻ ലിബറേഷൻ മൂവ്‌മെന്റി’ന്റെ ആഹ്വാനം.

കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബ കഴിഞ്ഞ ആറ് പതിറ്റാണ്ടുകൾക്കിടയിൽ ഇത്രമാത്രം വ്യാപകമായ പ്രതിഷേധങ്ങൾക്ക് വേദിയാകുന്നത് ഇതാദ്യമായിരിക്കും. ജൂലൈ 11ന് ആയിരങ്ങളാണ് ഭരണകൂടത്തിനെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. സ്വാതന്ത്ര്യത്തിനായി ആയിരക്കണക്കിന് പൗരന്മാർ ശബ്ദമുയർത്തുകയാണെന്ന് ‘ക്രിസ്ത്യൻ ലിബറേഷൻ മൂവ്‌മെന്റി’ന്റെ നാഷണൽ കോർഡിനേറ്റർ എഡ്വേർഡോ കാർഡെറ്റ് പറഞ്ഞു.

‘അടിച്ചമർത്തലും അനീതിയും അനുഭവിച്ച് മടുത്ത ജനത തങ്ങളുടെ ആഗ്രഹം പൂർണമായി തിരിച്ചറിഞ്ഞ് നടത്തുന്ന പ്രതിഷേധമാണിത്. നിയമപരമായ അവകാശം വിനിയോഗിച്ച് സമാധാനപരമായി പ്രതിഷേധിക്കുന്ന എല്ലാ ക്യൂബൻ ജനതയെയും ഞങ്ങൾ പിന്തുണയ്ക്കുന്നു,’ അദ്ദേഹം വ്യക്തമാക്കി.

എല്ലാ പൗരന്മാർക്കും ഭരണകൂടത്തെ തിരഞ്ഞെടുക്കാനും വോട്ടുചെയ്യാനുമുള്ള അവകാശം അംഗീകരിക്കുന്നതിനുപുറമെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും അടിച്ചമർത്തൽ നിയമങ്ങൾ റദ്ദാക്കണമെന്നും സംരംഭകത്വത്തിനുള്ള വ്യക്തിപരമായ സാമ്പത്തിക അവകാശങ്ങൾ അംഗീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കത്തോലിക്കാ സഭയുടെ സാമൂഹ്യസംബന്ധിയായ പ്രബോധനങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കത്തോലിക്കാ വിശ്വാസിയായ ഓസ്വാൾഡോ പയാ സർദിനാസ് 1988ൽ രൂപം നൽകിയ പ്രസ്ഥാനമാണ് ‘ക്രിസ്ത്യൻ ലിബറേഷൻ മൂവ്‌മെന്റ്’. ക്യൂബയിൽ ജനാധിപത്യം സ്ഥാപിക്കുക എല്ല ലക്ഷ്യത്തോടെ അദ്ദേഹം നടത്തിയ ഒപ്പ് ശേഖരശ്രമം സംഘടനയെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കി മാറ്റി.

രാജ്യവ്യാപകമായിതന്നെ പ്രസ്ഥാനത്തിനെ ഭരണകൂടം അടിച്ചമർത്താൻ ശ്രമിച്ചു. ‘ക്യൂബൻ വസന്തം’ എന്ന പേരിൽ കുപ്രസിദ്ധമായ, 2003ലെ അടിച്ചമർത്തൽ കാലഘട്ടത്തിൽ പ്രസ്ഥാനത്തിന്റെ 42 നേതാക്കളെ ഭരണകൂടം ജയിലിലടച്ചു. 2012ൽ പയയും മറ്റൊരു നേതാവും സംശയാസ്പദമായ സാഹചര്യത്തിൽ റോഡപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു.