കോവിഡ് പോയിട്ടില്ല

കോവിഡിനു ശേഷം ഹൃദ്രോഗം ഗുരുതരമായ രീതിയിൽ വർദ്ധിച്ചിരിക്കുന്നു

✍️ ഡോ.അനിറ്റ് ജോസഫ്‌ കാരയ്ക്കാട്ട്


കോവിഡിന്‍റെ ഭീതിയില്‍നിന്ന് ലോകം വിമുക്തമായി ക്രിസ്മസ്സിന്‍റെയും ന്യൂ ഇയറിന്‍റെയും ആഘോഷങ്ങളിലേക്ക് പ്രവേശിക്കുന്ന വേളയിലാണ് വീണ്ടും ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ ചൈനയില്‍നിന്നും പൊട്ടിപ്പുറപ്പെട്ടത്. ബി എഫ് 7 എന്ന ഒമിക്രോണ്‍ വകഭേദം ചൈനയില്‍ മരണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു എന്നത് ലോകത്തെ ഞെട്ടിച്ചു കഴിഞ്ഞു. ഇത് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ നാം മറന്നു തുടങ്ങിയിരുന്ന കോവിഡ് കാലത്തിന്‍റെ മുന്‍കരുതലുകളുടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഈ വാര്‍ത്തകള്‍. എന്നാല്‍ ഇന്ത്യയിലെ ഭൂരിഭാഗം പേരിലും രോഗബാധ വന്നതും കോവിഡ് വാക്സിന്‍ എടുത്തതും കോവിഡിനെതിരെയുള്ള നമ്മുടെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാണ്. അതിനാല്‍ ഊ വകഭേദം ഭീതിജനകമാംവിധം ബാധിക്കുകയില്ല എന്നാണ് വിദ്ഗ്ധര്‍ പറയുന്നത് എങ്കിലും മുന്‍പ് നാം സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ തുടര്‍ന്നും സ്വീകരിക്കേണ്ടത് ആവശ്യമല്ല, വളരെ അത്യാവശ്യമാണ്. കാരണം പുതിയ വകഭേദത്തിന്‍റെ വ്യാപനശക്തി മറ്റ് വകഭേദത്തെ അപേക്ഷിച്ച് കൂടുതലാണ്. ഈ വകഭേദം ഒരേ സമയം പതിനെട്ടു പേരെ വരെ ബാധിക്കാന്‍ ശക്തിയുള്ള ഒന്നാണ്. അതായത് ഒരു സമൂഹത്തില്‍ ഒരാള്‍ക്ക് ഈ അണുബാധയുണ്ടെങ്കില്‍ ആ രോഗിയുടെ ചുറ്റും നില്‍ക്കുന്ന പതിനെട്ടുപേരെ ഒരേ സമയം രോഗബാധിതനാക്കാനുള്ള കഴിവ് ഈ വകഭേദത്തിനുണ്ട്.
കോവിഡ് 19 ഉം ഹൃദ്രോഗങ്ങളും
കോവിഡ് വൈറസ് പ്രധാനമായും ശ്വാസകോശരോഗമാണെങ്കിലും അത് മറ്റ് അവയവങ്ങളെയും ബാധിക്കാം. ഇത്തരത്തില്‍ കോവിഡ് ഹൃദയത്തെ ബാധിക്കുകയും തത്ഫലമായി ഹൃദയാഘാതം വരെ നേരിട്ടവരും ജീവന്‍ നഷ്ടമായവരും വരെയുണ്ട്. കോവിഡ് ബാധിച്ച ഒരു വ്യക്തിക്ക് ഒരു സാധാരണവ്യക്തിയെ അപേക്ഷിച്ച് ഹൃദ്രോഗം വരാനുള്ള സാധ്യത 63% കൂടുതലാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. കോവിഡ് എല്ലാവരിലും ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. പക്ഷേ, ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും കോവിഡ് ഹൃദയത്തെയും രക്തചംക്രമണസംവിധാനത്തെയും ബാധിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ചെറിയ ലക്ഷണങ്ങളോടെ വീടുകളില്‍ കഴിഞ്ഞവരില്‍പോലും ഹൃദയാഘാതം വരാനുള്ള സാധ്യത എട്ടുശതമാനം കൂടുതലാണ്.
കോവിഡ് സംബന്ധമായ ഹൃദ്രോഗങ്ങള്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കാം. എന്നാല്‍ മരണനിരക്ക് കൂടുതല്‍ പുരുഷന്മാര്‍ക്കിടയിലാണ്.
കോവിഡിനുശേഷമുള്ള ഹൃദ്രോഗങ്ങളുടെ കാരണം ഇവയാണ്.
1. രക്തത്തില്‍ ഓക്സിജന്‍റെ കുറവ് – ശരീരത്തില്‍ ഓക്ലിജന്‍റെ അളവ് നിയന്ത്രിക്കുന്നത് പ്രധാനമായും ശ്വാസകോശമാണ്. കോവിഡ് വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നതുമൂലം രക്തത്തില്‍ എത്തുന്ന ഓക്സിജന്‍റെ അളവിനു കുറവ് സംഭവിക്കുന്നു. അത് മറ്റ് അവയവങ്ങളെ എന്നപോലെ തന്നെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കും.
2. കൊറോണ വൈറസ് ഹൃദയത്തില്‍ രക്തം കട്ട പിടിപ്പിക്കുന്ന അവസ്ഥ ഉണ്ടാക്കാം.
കോവിഡ് മൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങള്‍ ഇവയാണ്.
1. മയോകാര്‍ഡൈറ്റിസ്:- ഹൃദയത്തിന്‍റെ ഭിത്തികളെ ബാധിക്കുന്ന രോഗാവസ്ഥയാണ് ഇത്. കൊറോണ വൈറസ് മൂലം ഇത് ഉണ്ടാകാം.
2. കാര്‍ഡിയോ മയോപ്പതി:- കൊറോണ വൈറസ് ഹൃദയത്തിന്‍റെ രക്തം പമ്പ് ചെയ്യാനുള്ള കഴിവിനെ ബാധിക്കാം.
3. ഹൃദയസ്തംഭനം
4. ഹൃദയാഘാതം
കോവിഡിനുശേഷമുള്ള ഹൃദ്രോഗങ്ങളുടെ ലക്ഷണങ്ങള്‍
1. അമിതമായ ക്ഷീണം
2. നെഞ്ചുവേദന
3. നെഞ്ചിടിപ്പ് കൂടുക
4. അടിക്കടിയുണ്ടാകുന്ന ശ്വാസം മുട്ടല്‍
5. നെഞ്ചിന് ഭാരം അനുഭവപ്പെടുക

6. തലകറക്കം
ഹൃദയാഘാതത്തിന്‍റെ പ്രധാനലക്ഷണങ്ങള്‍ ഇവയാണ്.
1. പെട്ടെന്നുള്ള നെഞ്ചുവേദന
2. അസാധാരണമായ വിധത്തില്‍ ശരീരം വിയര്‍ക്കുക.
3. തോളിന് ചുറ്റിലും സന്ധികളിലും എല്ലാം വേദന.
4. നെഞ്ചിടിപ്പില്‍ വ്യത്യാസം വരിക (കൂടുകയോ കുറയുകയോ ആവാം)
5. അസ്വസ്ഥത
ഹൃദയാഘാതം സമയബന്ധിതമായി തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്തില്ലായെങ്കില്‍ ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
കോവിഡിനുശേഷമുള്ള ഹൃദ്രോഗങ്ങളെ എങ്ങനെ നേരിടാം?
കോവിഡ് മൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങള്‍ നേരത്തെ കണ്ടെത്തുകയും കൃത്യമായി ചികിത്സിക്കുകയും ചെയ്താല്‍ രോഗമുക്തി നേടാവുന്നതാണ്. അതിനാല്‍ കോവിഡ് ഭേദമായതിനുശേഷം നെഞ്ചുവേദന, അമിതമായ നെഞ്ചിടിപ്പ്, ക്ഷീണം, ശ്വാസംമുട്ടല്‍ എന്നീ ലക്ഷണങ്ങളുണ്ടായാല്‍ ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് വിധേയരാവുക.
2. കോവിഡിനുശേഷം രണ്ടോ മൂന്നോ മാസത്തേക്ക് കഠിനമായ വ്യായാമങ്ങള്‍ ചെയ്യരുത്. വ്യായാമം കുറഞ്ഞ വേഗത്തില്‍ തുടങ്ങി ക്രമേണ പഴയ ഗതിയിലേയ്ക്ക് പതിയെ കൊണ്ടുവരുന്നതാണ് ഉചിതം.
3. ധാരാളം വെള്ളം കുടിക്കുക.
4. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
5. ജങ്ക് ഫുഡ് ഒഴിവാക്കുക.
കോവിഡ് വാക്സിനുശേഷം യുവാക്കളില്‍ ഹൃദ്രോഗ സാധ്യതയുണ്ടോ?
കോവിഡ് 19 നു ഉപയോഗിച്ച ചില വാക്സിനുശേഷം യുവാക്കളില്‍ മയോകാര്‍ഡൈറ്റിസ,് പെരികാര്‍ഡൈറ്റിസ് എന്നീ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ചില പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് പ്രധാനമായും കണ്ടെത്തിയത് കോവിഡ് 19 എം ആര്‍ എന്‍ എ വാക്സിന്‍ സ്വീകരിച്ചവരിലാണ്. 18 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ രോഗബാധിതരുടെ നിരക്ക് 1.71 ആണ്. എന്നാല്‍ ഇത്തരം വാക്സിനുകളുടെ ഗുണങ്ങള്‍ അപകടസാധ്യതകളേക്കാള്‍ കുടുതലാണെന്ന് സെന്‍റേഴ്സ് ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ പറയുന്നു.
 ഹൃദയത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ നാം ജീവിതകാലം മുഴുവന്‍ ശ്രദ്ധയോടെ അതിനെ പരിചരിച്ചേ മതിയാകൂ. അപ്രതീക്ഷിതമായുണ്ടാകുന്ന ഹൃദയാഘാതം തടയാന്‍ ആരോഗ്യകരമായ ഭക്ഷണം, മുടങ്ങാതെയുള്ള വ്യായാമം, മാനസികപിരിമുറുക്കങ്ങള്‍ ഒഴിവാക്കല്‍, പതിവായുള്ള ചെക്കപ്പുകള്‍ എന്നിവ പാലിക്കണം.