കോവിഡ് നിയന്ത്രണങ്ങളിലും ചികിത്സയിലും വിട്ടു വീഴ്‌ച പാടില്ല ;പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരം​ഗം പടിവാതിലിലെത്തിനില്‍ക്കെ നിയന്ത്രണങ്ങളില്‍ വീഴ്ച പാടില്ലെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘പ്രതിരോധത്തിലും ചികിത്സയിലും വീഴ്ച പാടില്ല. കൊറോണ വൈറസിനുണ്ടായ ജനിതക മാറ്റം വെല്ലുവിളിയാണ്. വൈറസ് വകഭേദങ്ങളെ ജാ​ഗ്രതയോടെ കാണണം. വൈറസിന്റെ ജനിതകമാറ്റത്തെക്കുറിച്ച്‌ പഠനങ്ങള്‍ നടക്കുന്നുണ്ട്. മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി മൂന്നാം തരം​ഗത്തെ നേരിടണം’- പ്രധാനമന്ത്രി പറഞ്ഞു.

വിനോദസഞ്ചാര മേഖലയെയും വ്യാപാരത്തെയുമെല്ലാം കോവിഡ് പ്രതികൂലമായി ബാധിച്ചു എന്നുളളത് സത്യമാണ്. എന്നാല്‍ ഹില്‍ സ്റ്റേഷനുകളിലും മാര്‍ക്കറ്റുകളിലുമെല്ലാം മാസ്‌ക് ധരിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നത് ശരിയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് കേസുകള്‍ ഉയരുകയാണ്. വ്യാപനം നിയന്ത്രിക്കുന്നതിനായി മൈക്രോ ലെവലില്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കോവിഡ് വകഭേദങ്ങളെ സൂക്ഷ്മമായി കരുതിയിരിക്കേണ്ടതുണ്ട്. വിദഗ്ധര്‍ അവയെ കുറിച്ച്‌ പഠിക്കുകയാണ്. കോവിഡ് 19 സാഹചര്യം മനസ്സിലാക്കി അതിന് അനുസരിച്ച്‌ പെരുമാറാന്‍ ജനങ്ങളെ നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല.കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനങ്ങള്‍ക്ക് എപ്പോഴും സാമ്ബത്തിക പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് സാഹചര്യത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കോവിഡിനോട് നന്നായി പോരാടിയെങ്കിലും ചില സംസ്ഥാനങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുന്ന‌ത് ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.