പള്ളി ഇടിച്ചുനിരത്തിയത് അപലപനീയം: കാഞ്ഞിരപ്പള്ളി രൂപതയിലെ അല്മായ സംഘടനകള്‍

കാഞ്ഞിരപ്പള്ളി: ഡല്‍ഹി അന്ധേരിയ മോഡിലുള്ള സീറോ മലബാര്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളി ഇടിച്ചു നിരത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപതയിലെ അത്മായ സംഘടനകള്‍. നാനൂറ്റിയന്‍പതിലധികം കുടുംബങ്ങളുള്ള ഇടവക വിശ്വാസിഗണം പതിമൂന്നുവര്‍ഷമായി ദൈവാരാധനയര്‍പ്പിച്ചുകൊണ്ടിരുന്ന പള്ളിയാണ് തകര്‍ക്കപ്പെട്ടത്. ഡല്‍ഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകള്‍ മറികടന്ന് പള്ളി നശിപ്പിച്ച ഡല്‍ഹി റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി തികച്ചും അപലപനീയമാണ്.

സമാധാനകാംക്ഷികളായ ക്രൈസ്തവ വിശ്വാസി സമൂഹത്തിന്റെ വികാരം മാനിക്കാതെ ചട്ടങ്ങള്‍ മറികടന്ന് പള്ളി പൊളിച്ചു നീക്കിയതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും ഡല്‍ഹി അന്ധേരിയ മോഡിലുള്ള ഇടവകയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായും ഡി.സി.എം.എസ്., അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് (എ.കെ.സി.സി.), എസ്എംവൈഎം-യുവദീപ്തി, മാതൃവേദി, മിഷന്‍ലീഗ്, കെ.സി.എസ്.എല്‍., വിന്‍സന്റ് ഡി.പോള്‍, ഫ്രാന്‍സീസ്‌കന്‍ അല്മായ സഭ തുടങ്ങിയ സംഘടനകള്‍ അറിയിച്ചു. പള്ളി പൊളിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.