കേരളത്തിലെ ക്രൈസ്തവ സമൂഹം സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹികമായും സാംസ്‌കാരികമായും മുന്നോക്കാവസ്ഥയിലുള്ള സമൂഹമാണെന്ന മിഥ്യാധാരണയാണ് സമുദായാംഗങ്ങള്‍ക്കും പൊതുസമൂഹത്തിനുമുള്ളത്. എന്നാല്‍, യാഥാര്‍ഥ്യങ്ങളുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലുമ്പോഴാണ് ഈ സമുദായത്തിന്റെ അപകടകരമായ പിന്നോക്കാവസ്ഥ നമ്മള്‍ മനസ്സിലാക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ നിന്നും ഈ സമുദായം നേരിടുന്ന അനീതികളെയും വിവേചനങ്ങളെയുംകുറിച്ച് നമ്മില്‍ പലര്‍ക്കും വലിയ അറിവുകളൊന്നുമില്ല. അതിനാല്‍ സമുദായത്തിന്റെ അവസ്ഥയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും വിവിധ തലങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന അനീതികളെക്കുറിച്ചും വ്യക്തമായ അവബോധം ആര്‍ജിച്ചെടുക്കേണ്ടതുണ്ട്.
നമ്മുടെ ഉപേക്ഷ ഒരുപക്ഷേ നാളത്തെ നമ്മുടെ തലമുറ അവഗണിക്കപ്പെടുന്നതിനു കാരണമായേക്കാം. നമ്മുടെ അവകാശങ്ങളെക്കുറിച്ചു ചിന്തിക്കാതെ പുറംമോടികളില്‍ മയങ്ങി, ശരിയായി കണ്ണുതുറന്നു നോക്കാതെ നടന്നുനീങ്ങുന്ന ഒരാള്‍ക്കൂട്ടമായി ഇവിടുത്തെ ക്രൈസ്തവ സമൂഹം മാറിക്കൊണ്ടിരിക്കുന്നു. തൊഴില്‍ രംഗത്തും, വിദ്യാഭ്യാസ രംഗത്തുമുള്ള ആനുകൂല്യങ്ങളും അര്‍ഹതപ്പെട്ട അവകാശങ്ങളും നമ്മുടെ കടുത്ത ഉപേക്ഷയാല്‍ മിഥ്യയായി അവശേഷിക്കുന്നു.
പൊതുഭരണ വകുപ്പുകളിലും സര്‍ക്കാര്‍ തലത്തിലും സമുദായ പ്രാതിനിധ്യം കുറഞ്ഞുവരുന്നു. ഈ അവസ്ഥ ഏറെ അപകടകരമാണ്. സര്‍ക്കാര്‍ തലത്തിലേക്കും പൊതുഭരണവകുപ്പിലേക്കും സമുദായ പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടതുണ്ട്. സാധ്യതകളെ പ്രയോജനപ്പെടുത്തി നമുക്ക് നമ്മുടെ യുവതലമുറയെ ഉന്നത സ്ഥാനങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ കഴിയണം. അതിനാവശ്യമായ ബോധവല്‍ക്കരണവും പരിശീലനവും നല്‍കേണ്ടതുണ്ട്.
വിവിധ മേഖലകളിലുള്ള ഈ പിന്നോക്കാവസ്ഥമൂലം ക്രൈസ്തവ സമുദായം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാവുന്നതല്ല. ജനസംഖ്യ കുറഞ്ഞ് സമുദായത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലായിക്കൊണ്ടിരിക്കുകയാണ്. ഇവ പരിഹരിക്കണമെങ്കില്‍ നാം ആദ്യമായി നമ്മുടെ സമുദായത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കണം, അറിയണം. അറിയുന്നതിനെ മാത്രമേ നമുക്ക് സ്‌നേഹിക്കുവാന്‍ സാധിക്കുകയുള്ളു. സമുദായ അവബോധം ഉണ്ടെങ്കിലേ സമുദായ സ്‌നേഹം ഉണ്ടാവുകയുള്ളു. സമുദായ സ്‌നേഹം ഉണ്ടായെങ്കില്‍ മാത്രമേ സമുദായത്തിനുവേണ്ടിയും അതിന്റെ അവകാശങ്ങള്‍ക്കുവേണ്ടിയും ശബ്ദിക്കാന്‍ സന്നദ്ധത ഉണ്ടാവുകയുള്ളു. സമുദായത്തെ ബാധിക്കുന്ന പൊതുവായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ പരിശ്രമം അംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. വ്യക്തിതാല്പര്യങ്ങളും സ്ഥാപിത താല്പര്യങ്ങളും മാറ്റിവച്ച് സമുദായത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും അപകടകരമായ ഈ ഉപേക്ഷ അരുത്. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറുകളാണിത്.

