മെട്രോമാന്‍ ഇ ശ്രീധരന്‍ ബി ജെ പിയില്‍: നിർണായക പ്രഖ്യാപനവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ ബി ജെ പിയില്‍ ചേരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിജയയാത്രവേളയിലാകും ഇ ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം ഇ ശ്രീധരനെ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി ജെ പി വരണമെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചു. ഒമ്ബത് വര്‍ഷത്തെ രാഷ്ട്രീയ പ്രവേശനത്തിന്റെ വെളിച്ചത്തിലാണ് ബി ജെ പിയില്‍ ചേരുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടകാരിയെന്ന, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവന കുറുക്കന്റെ ബുദ്ധിയാണെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. ഹിന്ദുക്കളെ കബളിപ്പിക്കാനുള്ള ബുദ്ധിയാണ് ഇതിനു പിന്നില്‍. ഭീഷണിപ്പെടുത്തിയാണ് വിജയരാഘവനെക്കൊണ്ടു പ്രസ്താവന തിരുത്തിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ചലച്ചിത്ര താരങ്ങളടക്കം പ്രമുഖരുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചര്‍ച്ച നടത്തിവരികയാണ്. കേന്ദ്ര നിര്‍ദ്ദേശ പ്രകാരമാണ് കൂടിക്കാഴ്‌ചകള്‍ നടക്കുന്നത്. പാര്‍ട്ടിയുമായി പിണങ്ങി നില്‍ക്കുന്ന മേജര്‍ രവിയെ തിരികെ ബി ജെ പി പാളയത്തിലേക്ക് എത്തിക്കാനുളള ശ്രമങ്ങളും നടക്കുന്നുണ്ട്.

രമേശ് പിഷാരടി, ധര്‍മ്മജന്‍, ഇടവേള ബാബു തുടങ്ങിയവര്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ വേദിയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ബി ജെ പിയുടെയും രാഷ്ട്രീയ നീക്കം

Leave a Reply