കോവിഡ് മഹാമാരിയെ അതിജീവിച്ച് 117-ാം പിറന്നാൾ ആഘോഷിക്കാൻ തയാറെടുക്കുന്ന കന്യാസ്ത്രീയമ്മയെ കുറിച്ചുള്ള വാർത്ത തരംഗമാകുന്നു. വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ നാമധേയത്തിലുള്ള ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി’ സഭാംഗമായ സിസ്റ്റർ അൻദ്രെ റണ്ടനാണ് ആ ഭാഗ്യവതി. ലോക രോഗീദിനവും ലൂർദ് മാതാവിന്റെ തിരുനാൾ ദിനവുമായ ഫെബ്രുവരി 11ന് 117 വയസ് ആഘോഷിക്കാനൊരുങ്ങുമ്പോൾ, ദൈവം നൽകിയ നന്മകളെപ്രതി നന്ദി അർപ്പിക്കുകയാണ് ഫ്രാൻസിൽനിന്നുള്ള ഈ കന്യാസ്ത്രിയമ്മ.
110 വയസിന് മുകളിൽ പ്രായമുള്ളവരുടെ വിശദാംശങ്ങൾ പരിശോധിക്കുന്നജെറോന്റോളജി റിസർച്ച് ഗ്രൂപ്പിന്റെ കണ്ടെത്തൽ പ്രകാരം ലോകത്തിലെ ഏറ്റവും പ്രായം കൂടിയവരിൽ രണ്ടാം സ്ഥാനത്താണ് സിസ്റ്റർ ആൻദ്രെ. (ജനുവരി രണ്ടിന് 118 വയസ് തികഞ്ഞ ജപ്പാനിലെ കെയ്ൻ തനകയാണ് ഏറ്റവും പ്രായം കൂടിയ വ്യക്തി) മാത്രമല്ല, വിശുദ്ധ പയസ് 10-ാമൻ മുതൽ ഫ്രാൻസിസ് പാപ്പവരെയുള്ള 10 പാപ്പമാരുടെ കാലയളവിൽ വിശ്വാസജീവിതം നയിക്കാൻ കഴിഞ്ഞ വ്യക്തി എന്ന സവിശേഷതയുമുണ്ട് സിസ്റ്ററിന്.
19-ാം വയസിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച സിസ്റ്റർ റാണ്ടൻ, 40-ാം വയസിലാണ് സന്യസ്തവ്രതം സ്വീകരിച്ച് വിൻസെൻഷ്യൻ സഭയിൽ അംഗമായത്. പിന്നീട് വിവിധ മേഖലകളിൽ സേവനം ചെയ്ത സിസ്റ്റർ 76-ാം വയസുമുതൽ തെക്കൻ ഫ്രാൻസിലെ സെന്റ് കാതറിൻ ലേബറിന്റെ നാമധേയത്തിലുള്ള വിശ്രമകേന്ദ്രത്തിലാണ് താമസം. കഴിഞ്ഞ ജനുവരിയിലാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. മഠത്തിലെ 88 അന്തേവാസികളിൽ 81പേരും കോവിഡ് ബാധിതരായിരുന്നു, അവരിൽ 10പേർ മരണപ്പെടുകയും ചെയ്തു.
കോവിഡ് ബാധിതയായപ്പോൾ മരണഭയം അലട്ടിയോ എന്ന ചോദ്യത്തിന് സിസ്റ്റർ നൽകിയ മറുപടി ഇങ്ങനെ: ‘മരണത്തെ പേടിയില്ലാത്തതിനാൽ ഭയം തേന്നിയില്ല. എന്നാൽ, നിങ്ങളോടൊപ്പം ആയിരിക്കാൻ കഴിയുന്നതിൽ ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു.’ 115-ാം പിറന്നാൾ ആഘോഷിച്ച 2019ൽ സിസ്റ്റർ ആൻദ്രെയ്ക്ക് ഫ്രാൻസിസ് പാപ്പ ഒരു ആശംസാ കാർഡും ജപമാലയും സമ്മാനിച്ചിരുന്നു. സിസ്റ്ററിന്റെ പ്രാർത്ഥനകളിലെല്ലാം ഇപ്പോൾ ഉപയോഗിക്കുന്നത് പാപ്പ സമ്മാനിച്ച ജപമാലയാണ്. സന്തുഷ്ട ജീവിതത്തിന്റെ രഹസ്യം എന്തെന്നു ചോദിച്ചാൽ കന്യാസ്ത്രിയമ്മയുടെ മറുപടി പുഞ്ചിരിനിറഞ്ഞ ഒറ്റ വാക്കിൽ ചുരുങ്ങും, ‘പ്രാർത്ഥന, അതുമാത്രം.’