കേരളത്തിലെ പുതിയ ലോക്ക്ഡൗൺ നയം; തീരുമാനം ചൊവ്വാഴ്ച

സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ചൊവ്വാഴ്ചയോടെ മാറ്റം വരും. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദല്‍ നടപടിയാണ് ആലോചനയില്‍. ഇതിനിടെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ തുറക്കണമെന്ന് സംസ്ഥാനം സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘം ആവശ്യപ്പെട്ടു.

ഒരുവശത്ത് മുഴുവന്‍ അടച്ചുപൂട്ടിയിട്ടും കുറയാത്ത കേസുകള്‍, മറുവശത്ത് ലോക്ക് ഡൗണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധം, മുഴുവന്‍ തുറന്നിടരുതെന്ന കേന്ദ്ര നിര്‍ദ്ദേശം. വലിയ സമ്മര്‍ദ്ദത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. തുറക്കലിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും നിലവിലെ ലോക്ക് ഡൗണ്‍ രീതി എന്തായാലും കേരളം മാറ്റും.

വിദഗ്ധസമിതിയുടെ ബദല്‍ നിര്‍ദ്ദേശം ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗം പരിഗണിക്കും. രോഗമുണ്ടായാല്‍ തദ്ദേശസ്ഥാപനം മുഴുവന്‍ അടക്കുന്നതിന് പകരം കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദലാണ് പരിഗണനയില്‍. മറ്റ് സ്ഥലങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ തുറന്നേക്കും. വാരാന്ത്യ ലോക്ക് ഡൗണും ഉണ്ടാകില്ല.

രോഗമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധത്തിനാണ് സംസ്ഥാന സന്ദര്‍ശിക്കുന്ന കേന്ദ്രസംഘവും ഊന്നല്‍ നല്‍കുന്നത്. കൊഴിക്കോടും പത്തനംതിട്ടയും സന്ദര്‍ശിച്ച സംഘം കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ തുറക്കാനാണ് നിര്‍ദ്ദേശിച്ചത്.

അതിനിടെ കേരളത്തിലെ കണക്ക് ദേശീയ തലത്തില്‍ ചര്‍ച്ചയാകുമ്ബോള്‍ സ്ഥിതിയില്‍ വലിയ ആശങ്ക വേണ്ടെന്ന അഭിപ്രായപ്പെടുന്ന വിദഗ്ധരുമുണ്ട്. രോഗമുള്ള സ്ഥലത്ത് കേന്ദ്രീകരിച്ച്‌ നടത്തുന്ന വ്യാപക പരിശോധനയാണ് കേസുകള്‍ കണ്ടെത്തുന്നതിനും ടിപിആറും ഉയരുന്നതിനും കാരണമെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഗംഗാ ദീപ് കാംഗിന്‍റെ അഭിപ്രായം ഇതിനകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.

നിലവിലെ ലോക് ഡൗണ്‍ രീതികളിലെ അശാസ്ത്രീയത മാത്രമല്ല, വ്യാപകമായി ഉയരുന്ന എതിര്‍പ്പുകളും വ്യാപാരികള്‍ കോടതിയെ സമീപിച്ചതും ഓണം വരുന്നതുമൊക്കെ പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാറും ഇളവിലേക്ക് നീങ്ങുന്നത്.