രോഗികള്‍ക്കുംആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ഇന്ന് മുതല്‍ രോഗികള്‍ക്കും കര്‍ണാടകയിലേക്ക് പോവാന്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ചികിത്സക്കായി യാത്ര ചെയ്യുന്ന രോഗികള്‍ക്കും ആര്‍.ടി.പി.സി. ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും.

ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയെത്തിയ ആളുകളെ ഇന്നലെയും തലപ്പാടിയില്‍ നിന്നും മടക്കി അയച്ചു. രണ്ട് ഡോസ് വാക്സിനെടുത്തവരെയും കര്‍ണാടകയിലേക്ക് കടത്തിവിട്ടില്ല. വിവിധ ആവശ്യങ്ങള്‍ക്കായി കര്‍ണാടകയിലേക്ക് പോവേണ്ട നിരവധി പേരുടെ യാത്ര ഇന്നലെയും മുടങ്ങി.

ഇതോടെ കേരള അതിര്‍ത്തിയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. ഇന്നും പ്രതിഷേധമുണ്ടാവുമെന്നാണ് സൂചന. ക്രമസമാധാനപാലന ചുമതലയുള്ള കര്‍ണാടക എ.ഡി.ജി.പി. പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം തലപ്പാടി സന്ദര്‍ശിച്ചു.

പരീക്ഷക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും അതീവ ഗുരുതര രോഗികള്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. തലപ്പാടിയില്‍ അതിര്‍ത്തിയില്‍ കാസര്‍കോട് ജില്ലാ ഭരണകൂടം തുറന്ന ആര്‍.ടി.പി.സി. ആര്‍ പരിശോധന കേന്ദ്രത്തില്‍ കോവിഡ് പരിശോധനക്കായി നിരവധി പേരെത്തി.