സധൈര്യം സസന്തോഷം ഈശോമിശിഹായെ അനുഗമിക്കുക; ലോകയുവതയ്ക്ക് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം

ധൈര്യത്തോടും സന്തോഷത്തോടുംകൂടി ക്രിസ്തുനാഥനെ അനുഗമിക്കാൻ ലോകമെമ്പാടുമുള്ള യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. വിശ്വപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോറിയ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര യുവജന സംഗമമായ ‘മ്‌ളാഡിഫെസ്റ്റി’നെ അഭിസംബോധന ചെയ്ത് അയച്ച സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. ക്രിസ്തുവിന്റെ ശിഷ്യരായിരിക്കുക എന്നതിന്റെ അർത്ഥം ക്രിസ്തുവിനെ ഉപരിവിപ്ലവമായി അനുകരിക്കുക എന്നല്ല. മറിച്ച്, ഹൃദയത്തിന്റെ ആഴത്തിൽ ക്രിസ്തുവുമായി അനുരൂപപ്പെടുക എന്നതാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ധനവാനായ യുവാവ് ഈശോയോട് ചോദിക്കുന്ന, ‘നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു നന്മ ചെയ്യണം,’ എന്ന തിരുവചനമാണ് സമ്മേളനത്തിന്റെ ആപ്തവാക്യം. പ്രസ്തുത വചനഭാഗത്തെ ആസ്പദമാക്കിയായിരുന്നു പാപ്പയുടെ സന്ദേശം. ‘മ്‌ളാഡിഫെസ്റ്റ്’ യഥാർത്ഥത്തിൽ യേശുക്രിസ്തുവുമായുള്ള കണ്ടുമുട്ടലുമാണ്. സുവിശേഷത്തിൽ പേരു പറയാത്തതും എന്നാൽ നമുക്കറിയാവുന്ന ആ യുവാവ് സംഗമത്തിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും പ്രതീകമാണ്. ധനിക യുവാവിന്റെ ഉള്ളിൽ പരിപൂർണതയ്ക്കുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഭൗതീക വസ്തുക്കളോടുമുള്ള ആസക്തി നൽകുന്ന ബലഹീനതയും ശക്തമായിരുന്നു.

അതിനാലാണ്, ‘നീ പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കുകൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക,’ എന്ന ഈശോയുടെ മറുപടി അവനെ അസ്വസ്ഥനാക്കിയത്. ധനവാനായ യുവാവിന്റെ ഹൃദയം രണ്ടു യജമാനൻമാർക്കിടയിൽ, അതായത് പണത്തിനും ദൈവത്തിനുമിടയിൽ വിഭജിക്കപ്പെട്ടിരുന്നു. യേശുവിന്റെ ഉത്തരം അംഗീകരിക്കാനുള്ള ധൈര്യം അവനുണ്ടാകാതിരുന്നത് ഒരു സങ്കട നിമിഷമായിരുന്നു. ധനവാനായ യുവാവിനെ പോലെ നഷ്ടധൈര്യരാകാതെ, കർത്താവിനെ അനുകരിക്കുന്നതിന്റെ ഉദാത്ത ഉദാഹരണമായ മറിയത്തെ നിങ്ങൾ മാതൃകയാക്കണം.

യേശുവിനെ അനുഗമിക്കുന്നത് ഒരു നഷ്ടമല്ല, അത് കണക്കാക്കാൻ സാധിക്കാത്ത നേട്ടമാണ്. കർത്താവിന് സ്വയം സമർപ്പിച്ച് നിങ്ങൾ അവിടുത്തോടൊപ്പം യാത്ര ചെയ്യണം. മരണം പ്രദാനം ചെയ്യുന്ന മറ്റു വിഗ്രഹങ്ങളുടെയും വ്യാജസമ്പാദ്യങ്ങളുടെയും വശീകരണങ്ങളിൽ ഉൾപ്പെടരുത്. പരിശുദ്ധ അമ്മയെ പോലെ, മറ്റുള്ളവരെ കുറിച്ച് ശ്രദ്ധാലുക്കളാകാനും സ്വീകരിക്കാൻ അത്ര എളുപ്പമല്ലെങ്കിൽകൂടി ദൈവഹിതത്തിൽ നമ്മുടെ സന്തോഷം കണ്ടെത്താനും പാപ്പ യുവജനങ്ങളെ പ്രചോദിപ്പിച്ചു. എങ്കിൽ തീർച്ചയായും അത് നമ്മെ സന്തോഷഭരിതരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.