ഫാ.ബിന്നി കയ്യാണിയിൽ
മാതാപിതാക്കളും കുട്ടികളും ഈ 5 കാര്യങ്ങള്‍ നിശ്ചയമായും അറിഞ്ഞിരിക്കണം
പ്രണയത്തെക്കുറിച്ച് വാചാലമാകാന്‍ എളുപ്പമാണെങ്കിലും പ്രണയം ഇന്നിന്‍റെ കാലത്തില്‍ അത്ര സുന്ദരമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രണയം എന്നും സുന്ദരംതന്നെ, പക്ഷെ അത് എവിടെയൊക്കെയോ വളരെ വിലയേറിയതായി തുടങ്ങിയിരിക്കുന്നു. വിലയേറിയത് എന്നു പറയുമ്പോള്‍ ചിലവിടുന്ന പണത്തെക്കാള്‍ പ്രണയത്തില്‍ നഷ്ടമാകുന്ന സ്വപ്നങ്ങളെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. നിസ്വാര്‍ത്ഥ പ്രണയങ്ങളുടെ മഹാകാവ്യങ്ങള്‍ കണ്ടും വായിച്ചും അഭിമാനംകൊണ്ട മലയാളി പ്രണയത്തിന്‍റെ പേരില്‍ ആക്രമിക്കപ്പെടുന്ന മനുഷ്യരുടെ പത്രവാര്‍ത്ത വായിച്ചു ഉത്തരം ഇല്ലാതെ ഇരിക്കുന്ന കാലത്തെത്തി.
പ്രണയത്തെ സ്വന്തം സ്വാര്‍ത്ഥത്തിനുള്ള ആയുധം ആക്കപ്പെടുമ്പോഴും, പ്രണയിനിയുടെയോ, പ്രണയിതാവിന്‍റെയോ സ്വാതന്ത്ര്യങ്ങള്‍ ഹനിക്കപ്പെടുമ്പോഴും പ്രണയം വിലയേറിയത് ആകുന്നു. ചിലപ്പോള്‍ ഒരാളുടെ സകല സ്വപ്നങ്ങളും നശിപ്പിക്കാന്‍ മാത്രം വിലയുള്ളത്, ചിലപ്പോള്‍ ഒരാളെ കൊല്ലാന്‍ മാത്രം വിലയുള്ളത്, ചിലപ്പോള്‍ തന്‍റെ വീടും കുടുംബവും നശിപ്പിക്കാന്‍ മാത്രം വിലയുള്ളത്.
ഇതില്‍ ഏറ്റവും അപകടം ഉള്ളത് പ്രണയം പ്രണയത്തിനുമപ്പുറമുള്ള ഗൂഢലക്ഷ്യങ്ങള്‍ നിറഞ്ഞത് ആകുമ്പോഴാണ്. പ്രണയം ഒരാളെ അടിമപ്പെടുത്താനുള്ള ആയുധം മാത്രമാവുമ്പോള്‍ നഷ്ടമാകുന്നത് ഒരു വ്യക്തിയുടെ ജീവിതവും സ്വപ്നങ്ങളും മാത്രമല്ല, ഒരു കുടുംബവും സമൂഹവും തന്നെയാണ്.
ജാഗ്രത ഉള്ളവരാകണം
പ്രണയം എന്നത് മനുഷ്യന്‍റെ സ്വാഭാവിക വികാരമാകുമ്പോള്‍, വികാരത്തിനുമേല്‍ വിചാരം കൂടി ഇല്ലായെങ്കില്‍ മറഞ്ഞിരിക്കുന്ന അപകടം അറിയാന്‍ പറ്റില്ല. പ്രണയത്തിന്‍റെ മറവില്‍ ‘ഒളിച്ചു കടത്തപ്പെടുന്ന’ വൈകൃതങ്ങള്‍ കൂടുന്നു എന്നതിന് കണക്കുകള്‍ സാക്ഷ്യം ആകുന്നു ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ജാഗ്രത തന്നെയാണ് മുഖ്യം. ജാഗ്രത തുടങ്ങേണ്ടത് കള്ളനാണയങ്ങളെ തിരിച്ചറിയുന്നിടത്തുനിന്നാണ്. കള്ള ഉദ്ദേശ്യങ്ങളോടെ നടിക്കപ്പെടുന്ന പ്രണയങ്ങളും, ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു വിധത്തിലും സഹായിക്കാത്ത പ്രണയങ്ങളും തുടക്കത്തില്‍ തന്നെ തിരിച്ചറിയുകയും മുറിച്ചെറിയുകയും വേണം. അത് അത്ര എളുപ്പമല്ലായെന്ന യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ടുതന്നെ നല്ല പ്രണയത്തെ തിരിച്ചറിയാനുള്ള ചില കാര്യങ്ങള്‍ വിശകലനം ചെയ്യാം.
1. ഈ പ്രണയം നിനക്ക് എന്താണ് തരുന്നത്?
പ്രണയമെന്നത് ഒരു മനുഷ്യന്‍റെ ഒരു സ്വാഭാവിക അടിസ്ഥാന ആവശ്യം ആണെന്നുള്ളതുകൊണ്ടു തന്നെ നല്ല പ്രണയം ഒരാള്‍ക്ക് ഒരിക്കലും ബുദ്ധിമുട്ടേറിയ ദിവസങ്ങള്‍ക്കു കാരണം ആകില്ല. പ്രണയത്തിന്‍റെ ആദ്യ ദിവസങ്ങള്‍ക്ക് അപ്പുറം എന്നും സങ്കടവും നിരാശയും ടെന്‍ഷനുമാണ് ഈ ബന്ധം തരുന്നതെങ്കില്‍ നിങ്ങളുടെ തീരുമാനം തെറ്റിയെന്നുറപ്പിക്കാം. അഭിപ്രായവ്യത്യാസങ്ങളും, കൊച്ചു പിണക്കങ്ങളും ഉണ്ടാകാം എന്ന സത്യം അംഗീകരിക്കുമ്പോഴും, ആത്യന്തികമായി രണ്ടുപേര്‍ക്കും സന്തോഷം തരുന്നില്ല എങ്കില്‍ അത് തെറ്റായ തിരഞ്ഞെടുപ്പാണെന്ന് അംഗീകരിച്ചേ പറ്റൂ. ഒരാളുടെ സന്തോഷത്തിനുവേണ്ടി മറ്റേ ആളുടെ എല്ലാ ചിന്തകളും ആഗ്രഹങ്ങളും ബന്ധങ്ങളും, ലക്ഷ്യങ്ങളും മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നെങ്കില്‍ അത് പ്രണയമല്ല, നിഗൂഢലക്ഷ്യങ്ങളുള്ള ഒളിച്ചുകടത്തല്‍ തന്നെയാണ്.
2. ജീവിതത്തെ മെച്ചപ്പെടുത്തുന്നുണ്ടോ ?
രണ്ടാമതായി അവനവനോട് ചോദിക്കേണ്ട ചോദ്യം ഈ ബന്ധം ഏതെങ്കിലും രീതിയില്‍ സ്വന്തം ജീവിതത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ടോ എന്നാണ്. പഠനം, ജോലി, വിശ്വാസം, അങ്ങനെ ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട മേഖലകളില്‍ നിന്‍റെ പ്രണയം നിനക്ക് വളര്‍ച്ച തരുന്നില്ലെങ്കില്‍ അത് നന്മയുള്ള പ്രണയമായി കാണാന്‍ കഴിയില്ല. ഒരാളുടെ ജീവിതത്തിന് കൂട്ടായി നില്‍ക്കേണ്ട പ്രണയം ജീവിതത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നില്ലെങ്കില്‍ ആ പ്രണയത്തിന്‍റെ ലക്ഷ്യം പ്രണയമല്ല എന്ന് മനസ്സിലാക്കുക
3. ബന്ധങ്ങള്‍ക്കുള്ള വില
പ്രണയം രണ്ടു പേര്‍ തമ്മിലാണെന്ന് പറയുമ്പോഴും ആ രണ്ട് വ്യക്തികളെ വ്യക്തികളായി നിലനിര്‍ത്തുന്ന ഒരു കുടുംബവും കുറെയധികം ബന്ധങ്ങളും നമ്മുടെ സാമൂഹിക ചുറ്റുപാടില്‍ പ്രാധാന്യമുള്ളതാണ്. പ്രണയത്തില്‍ ആകുമ്പോള്‍ ഈ ബന്ധങ്ങളെ വലിച്ചെറിയാന്‍ നിന്നോട് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ ആ പ്രണയത്തിന്‍റെ ശുദ്ധിയെക്കുറിച്ച് സംശയിക്കാം. ഒരാളെ അവന്‍റെയോ അവളുടെയോ സ്വാഭാവിക ജീവിതപശ്ചാത്തലത്തില്‍നിന്ന് പറിച്ചു മാറ്റാന്‍ ശ്രമിക്കുന്നവര്‍ ആ ആളുടെ നന്മ ആഗ്രഹിക്കുന്നു എന്ന് കരുതാനാവില്ലല്ലോ.
4. പരസ്പരം താങ്ങാവുന്നുണ്ടോ ?
പ്രണയം രണ്ടുപേരുടെ പങ്കുവയ്ക്കലും, പരിഗണിക്കലും, സഹായിക്കലും, കൂട്ടിരിക്കലും എല്ലാം ചേരുമ്പോഴാണ് പൂര്‍ണമാകുന്നത്. ഒരാള്‍ക്ക് മാത്രം പ്രാധാന്യം ഉണ്ടാകുമ്പോഴും, ഒരാളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ബലി കഴിക്കപ്പെടേണ്ടി വരുമ്പോഴും അത് പ്രണയമല്ലാതെ ആവുന്നു. അവനുവേണ്ടിയോ അവള്‍ക്കുവേണ്ടിയോ എല്ലാം ഉപേക്ഷിച്ചു എന്ന് മഹത്വവത്ക്കരിച്ചു പറയാന്‍ എളുപ്പവും കേള്‍ക്കാന്‍ സുഖവും ആണ്. പക്ഷെ അവിടെ ഒരാളുടെ ജീവിതം മാത്രമാണ് ജീവിക്കപ്പെടുന്നത്. മറ്റേ ആള്‍ ബലി കഴിക്കപ്പെടുകയാണ്. പരസ്പരം സഹായിക്കാനും പൂരകമാകാനും കഴിയണം. ‘എല്ലാം പോയാലും നിനക്ക് ഞാനില്ലേ’ എന്ന ഡയലോഗ് കേള്‍ക്കാനും പറയാനും രസമാണ്. പക്ഷെ ജീവിതത്തിന്‍റെ സായാഹ്നത്തില്‍ നിരാശയോടെ ഒന്നും തിരിച്ചു പിടിക്കാന്‍ കഴിയാതെ നിരാശയില്‍ വിലപിക്കാന്‍ വേണ്ടി ഇന്ന് എന്തിന് പ്രണയിക്കണം. ഒരാള്‍ക്കുവേണ്ടി പ്രസവിച്ചു കൂട്ടാന്‍ മാത്രം അല്ലല്ലോ പെണ്‍കുട്ടിയുടെ ജീവതം. ഒരാള്‍ ബലി ആകാനും ഒരാള്‍ ആഘോഷിക്കാനും ഇത് അടിമത്തമല്ല, പ്രണയമാണ്, രണ്ടുപേര്‍ക്കും തുല്യതയുള്ള സുന്ദരജീവിതം.’
5. വികാരങ്ങളുടെ ക്രമീകരണം
പ്രണയത്തില്‍ വികാരത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ രണ്ട് തലങ്ങള്‍ കാണേണ്ടി ഇരിക്കുന്നു. പ്രണയത്തില്‍ കാമമാണ് മുന്നില്‍ നില്ക്കുന്നതെങ്കില്‍ അത് പ്രണയമല്ല. സ്വന്തം ശാരീരികചോദനകള്‍ക്ക് ആശ്വാസം കണ്ടെത്താന്‍ ചുളിവില്‍ കണ്ടെത്തിയ ഒരു മാര്‍ഗം മാത്രമാണ് ആ ബന്ധം. അത് പ്രണയം അല്ല, മൃഗീയമായത് എന്തോ ആണ്.
ഇതോടൊപ്പം തന്നെ പ്രാധാന്യമുള്ള ഒന്നാണ് പ്രണയത്തിലെ മറ്റു വികാരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നത്. ഒരാളുടെ വികാരങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യമെങ്കില്‍ തെറ്റായ വഴിയിലാണെന്ന് ഉറപ്പിക്കാം. ഒരാളുടെ ഇഷ്ടത്തിനും, സങ്കടത്തിനും, സന്തോഷത്തിനും, അരിശത്തിനും, പിണക്കത്തിനും മാത്രമേ വില ഉള്ളു എങ്കില്‍ അവിടെ രണ്ട് വ്യക്തികള്‍ ഇല്ലല്ലോ ഒരാളല്ലേ ഉള്ളു.
Emotional Blackmailing:വികാരങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സൂക്ഷിക്കേണ്ട ഒന്നാണ് ഇമോഷണല്‍ ബ്ലാക്മെയ്ലിംഗ്. പ്രണയത്തില്‍ സ്വന്തം ഇമോഷന്‍സ് ഉപയോഗിച്ച് മറ്റേ ആളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു എങ്കില്‍ ഉറപ്പിക്കാം ആ ബന്ധം ആരോഗ്യമുള്ളതല്ല. ചിലപ്പോഴെങ്കിലും കാണുന്ന ഒന്നാണ് ഒരാള്‍ ചെയ്ത കാര്യങ്ങളുടെ കണക്കു പറഞ്ഞും, സഹിച്ച വേദനകളുടെ കണക്ക് പറഞ്ഞും മറ്റേ ആളെ നിയന്ത്രിക്കുന്നത്. അത് ഒരിക്കലും നല്ല പ്രണയത്തില്‍ സംഭവിക്കാത്തതും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്.
വാല്‍ക്കഷ്ണം :
നല്ല പ്രണയം മോശം പ്രണയം അങ്ങനെ രണ്ടുണ്ടോ. ഇല്ല എന്നുതന്നെ ഞാന്‍ പറയും. പ്രണയം നല്ലത് മാത്രമേയുള്ളു. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചിന്തിച്ച് നോക്കിയിട്ട് മോശം പ്രണയത്തിലാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍, നിങ്ങള്‍ക്ക് ഉള്ളത് പ്രണയമേ അല്ല. അത് കാമമോ, കള്ളത്തരം, ‘ഒളിച്ചു കടത്തലോ’ പ്രണയത്തിന്‍റെ പേര് പറഞ്ഞുള്ള കീഴടക്കലോ ആണ്. അത് മാനുഷികമല്ല മൃഗീയമാണ്.

