കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പ് പദ്ധതികളില്‍ എല്ലാം ആവിഷ്കരിച്ചിരുന്ന 80:20 (മുസ്ലിം : മറ്റ് മതന്യൂനപക്ഷങ്ങള്‍) എന്ന അനീതിപരമായ അനുപാതം ഹൈക്കോടതി റദ്ദാക്കി, ആനുകൂല്യങ്ങള്‍ തുല്യമായും ജനസംഖ്യാനുപാതികമായും വിതരണം ചെയ്യണമെന്ന് ഭരണഘടനയും ന്യൂനപക്ഷ കമ്മീഷന്‍ ആക്ടും ചൂണ്ടിക്കാണിച്ച് പ്രസ്താവിക്കുകയുണ്ടായി. നിലവിലെ ഈ അനുപാത സ്വീകരണം ഭരണഘടനാ തത്വങ്ങളുടെ “UTTER VIOLATION” ആണെന്ന് ഹൈക്കോടതി പറയുകയും സംസ്ഥാന സര്‍ക്കാരിനോട് തിരുത്തല്‍ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അഞ്ചിലധികം വര്‍ഷങ്ങളായി സ്വന്തം സര്‍ക്കാരില്‍നിന്ന് കേരളത്തിലെ ക്രൈസ്തവര്‍ നേരിട്ട വിവേചനത്തിനാണ് ഈ വിധിയോടെ അറുതി വന്നത്. വര്‍ഷം 100 കോടി രൂപവരെ ബഡ്ജറ്റ് വിഹിതമായി വകുപ്പിലേക്ക് വന്നതിന്‍റെ 10% പോലും ക്രിസ്ത്യാനികള്‍ക്ക് ലഭിച്ചിരുന്നില്ല. നിലവില്‍ കോടിക്കണക്കിന് രൂപയാണ് അര്‍ഹരായ പാവപ്പെട്ട ക്രിസ്ത്യാനികള്‍ക്ക് നിഷേധിക്കപ്പെട്ടത്.
നിലവില്‍ സംസ്ഥാന ന്യൂനപക്ഷവകുപ്പ് റൂള്‍ ചെയ്യപ്പെട്ടിട്ടില്ല: ആയതിനാല്‍ പി.എസ്.സി നിയമനങ്ങളല്ല താല്‍ക്കാലിക നിയമനങ്ങളാണ് വകുപ്പില്‍ അതിനാല്‍ തന്നെ ചില പാര്‍ട്ടികളും സംഘടനകളുമാണ് വകുപ്പ് നിയന്ത്രിക്കുന്നത് എന്ന ആക്ഷേപം പൊതുസമൂഹത്തിലുണ്ട്. നിലവില്‍ ഒരൊറ്റ ക്രിസ്ത്യാനി പോലും വകുപ്പ് ഓഫീസില്‍ ഇല്ല എന്നതും ഈ സംശയം ഊട്ടിയുറപ്പിക്കുന്നു. 2018-19 കാലഘട്ടത്തില്‍ വകുപ്പ് ഓഫീസില്‍നിന്നും ഇറങ്ങുന്ന സ്കോളര്‍ഷിപ്പ് തുടങ്ങിയ പദ്ധതികള്‍ 80:20 (മുസ്ലിം: മറ്റ് മതന്യൂനപക്ഷങ്ങള്‍) എന്ന അനുപാതത്തിലാണ് അനുവദിക്കുന്നത് എന്ന് രേഖപ്പെടുത്തിയിരുന്നു. 2019 ലെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ക്രിസ്ത്യന്‍ പിന്നാക്കവസ്ഥ സിറ്റിങ്ങുകളില്‍ 80:20 വിഷയം ചോദ്യം ചെയ്യാന്‍ തുടങ്ങിയതിനു പിന്നാലെ 80:20 എന്ന അനുപാത സ്വീകരണം എഴുതിയിരിക്കുന്നത് ഒഴിവാക്കിയാണ് സ്കോളര്‍ഷിപ്പ് നോട്ടിഫിക്കേഷന്‍ ഇറക്കുന്നത്. നിലവില്‍ ക്ഷേമവകുപ്പ് സൈറ്റില്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ വിളിച്ചിട്ടുണ്ട് പരിശോധിക്കാവുന്നതാണ്.
സംസ്ഥാന ന്യൂനപക്ഷവകുപ്പ് ഒരു പഠനവും നടത്താതെയാണ് 80:20 അനുപാതം സ്വീകരിച്ചിരിക്കുന്നത് എന്ന് വിവരാവകാശ മറുപടിയില്‍ വകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു പ്രത്യേക സ്കോളര്‍ഷിപ്പിനായി 2011ല്‍ സ്വീകരിച്ച ഈ അനുപാതം ക്രിസ്ത്യാനികളുടെ ജാഗ്രത കുറവിനെയും അറിവില്ലായ്മയേയും ചൂഷണം ചെയ്ത് ചില തല്‍പരകക്ഷികള്‍ രഹസ്യാത്മകമായി, അന്യായമായി തുടര്‍ന്നതാണ് ഈ അനുപാത സ്വീകരണം.
സച്ചാര്‍ റിപ്പോര്‍ട്ടുമായോ, പാലോളി റിപ്പോര്‍ട്ടുമായോ ഒരു ബന്ധവും 80:20 (മുസ്ലീം:മറ്റ് മതന്യൂനപക്ഷങ്ങള്‍) എന്ന അനുപാത സ്വീകരണത്തിനില്ല. 1992ല്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിലവില്‍ വന്നതിന് പിറ്റേ വര്‍ഷം 1993ല്‍ ആന്ധ്രപ്രദേശില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിച്ചു. മറ്റു സംസ്ഥാനങ്ങളിലും എല്ലാം തന്നെ ന്യൂനപക്ഷ വകുപ്പുകളുണ്ട് അവരെല്ലാവരും എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും തുല്യപരിഗണന കൊടുക്കുന്നു. 2005ലെ സച്ചാര്‍ റിപ്പോര്‍ട്ടിനുമുന്‍പ് തന്നെ അതായത് 2001 മുതല്‍ കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമത്തിനായി ഒരു മന്ത്രി തന്നെയുണ്ട്. ഈ അടുത്ത കാലത്ത് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് വരെ മുസ്ലിം സമുദായാംഗങ്ങളാണ് ന്യുനപക്ഷക്ഷേമം കൈകാര്യം ചെയ്തിരുന്നത്.
80:20 എന്ന കുല്‍സിത ശ്രമത്തിന്‍റെ നാള്‍വഴി പറയാം പാലോളി മുഹമ്മദ് കുട്ടി കമ്മീഷന്‍ 2008 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആകെ ഒരു സ്കോളര്‍ഷിപ്പ് പദ്ധതിയെപ്പറ്റി മാത്രമാണ് പറഞ്ഞിരിക്കുന്നത് അത് മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി രൂപീകരിക്കേണ്ടതായ ഒരു സ്കോളര്‍ഷിപ്പിനെ കുറിച്ചാണ്. ആ സ്കോളര്‍ഷിപ്പ് സര്‍ക്കാര്‍ 2009 ല്‍ കോളേജ് വിദ്യാഭ്യാസവകുപ്പിന് കീഴില്‍ ആരംഭിച്ച് 2008 മുതല്‍ മുന്‍കാല പ്രാബല്യംവരെ നല്‍കുകയുണ്ടായി. 2011 ജനുവരി ഒന്നിന് കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകൃതമായി. നിയമസഭ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് രൂപീകരിച്ച ഈ വകുപ്പിലേക്ക് 2008 മുതല്‍ അന്നുവരെ കോളേജ് വിദ്യാഭ്യാസവകുപ്പിന് കീഴില്‍ കൊടുത്തു വന്നിരുന്ന മുസ്ലിം ഗേള്‍സ് സ്കോളര്‍ഷിപ്പ് വകമാറ്റി. ന്യൂനപക്ഷ വകുപ്പിലൂടെ കൊടുക്കുമ്പോള്‍ മറ്റു ന്യൂനപക്ഷങ്ങളെയും പരിഗണിക്കണമെന്ന ആവശ്യം വന്നതിന്‍റെ പേരില്‍ 20% ലത്തീന്‍, പരിവര്‍ത്തിത ക്രിസ്ത്യാനികളെയും ഉള്‍പ്പെടുത്തി പ്രസ്തുത പദ്ധതിയില്‍ മാറ്റം കൊണ്ടുവന്നു. ഇപ്പോള്‍ ഈ പ്രസ്തുത സ്കോളര്‍ഷിപ്പ് സി.എച്ച് മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ് എന്ന പേരില്‍ ഈ അനുപാത സ്വീകരണം തന്നെ സ്വീകരിച്ചു പോരുന്നു. പിന്നീട് വകുപ്പില്‍നിന്ന് വന്ന ഓരോ സ്കോളര്‍ഷിപ്പ് പദ്ധതികളും, പാലോളി റിപ്പോര്‍ട്ടിലെ സ്കോളര്‍ഷിപ്പ് പരാമര്‍ശങ്ങളില്‍ ഇല്ലാത്തതാണ്. അതിനാല്‍ അവ തുല്യമായി ന്യുനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ടതാണ് എന്നിട്ടും തികച്ചും തന്ത്രപരമായി 80:20 (മുസ്ലിം: മതന്യൂനപക്ഷങ്ങള്‍) എന്ന അനുപാത സ്വീകരണം അതില്‍ എല്ലാം വകുപ്പ് നടപ്പിലാക്കി.
നിലവില്‍ രണ്ട് കേസുകളാണ് കോടതിയില്‍ വന്നത് അഡ്വക്കേറ്റ് ജസ്റ്റിന്‍ പള്ളിവാതുക്കല്‍ കൊടുത്തതും, അഡ്വക്കേറ്റ് പി.പി ജോസഫ് കൊടുത്തതും രണ്ടിന്‍റെയും വിധിയില്‍ സര്‍ക്കാരിനോട് ഈ അനുപാത സ്വീകരണം വിവേചനമാണെന്നും ഉടനെ തിരുത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാലമത്രയും ഈ അനീതി ചോദ്യം ചെയ്യാന്‍ ഒരു ക്രിസ്ത്യന്‍ എം.എല്‍.എ. പോലും തയ്യാറാകാതിരുന്നത് ഈ ക്രൈസ്തവ സമൂഹത്തിനോടുള്ള മുഖ്യ ജനപ്രതിനിധികളുടെ പ്രതിബദ്ധത തെളിയിക്കുന്നതാണ്.
ഇന്ത്യയില്‍ 6 വിഭാഗങ്ങളെയാണ് മതന്യൂനപക്ഷങ്ങള്‍ ആയി പരിഗണിച്ചിരിക്കുന്നത്. സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍, മുസ്ലിം, പാഴ്സി വിഭാഗങ്ങളാണ്. കേരളത്തില്‍ മുഖ്യമായി ഉള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ ക്രിസ്ത്യന്‍, മുസ്ലിം സമൂഹങ്ങളാണ്.
1950 കാലഘട്ടത്തില്‍ കേരളത്തില്‍ 23 ശതമാനത്തിനടുത്ത് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നപ്പോള്‍ മുസ്ലിം സമൂഹം 14% ആയിരുന്നു 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ 18.38 ശതമാനമായി ചുരുങ്ങിയപ്പോള്‍ മുസ്ലിം ജനസംഖ്യ 26.56 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചു. 2018ലെ കേരളസര്‍ക്കാര്‍ കണക്കുപ്രകാരം ക്രിസ്ത്യന്‍ ജനനനിരക്ക് 14.3 ശതമാനമായി കുറഞ്ഞപ്പോള്‍ മുസ്ലിം ജനനനിരക്ക് 44 ശതമാനമായി വര്‍ധിച്ചു. ന്യൂനപക്ഷങ്ങളില്‍ ന്യുനപക്ഷമായി ന്യുനാല്‍ ന്യുനപക്ഷവിഭാഗം ആയിക്കൊണ്ടിരിക്കുന്ന ക്രൈസ്തവസമൂഹം കേരളത്തില്‍ വിശ്വാസപരമായും സാംസ്കാരികപരവുമായ അടിച്ചമര്‍ത്തല്‍ നേരിടുന്ന കാലം വിദൂരമല്ല. ക്രിസ്ത്യാനികള്‍ ഈ അപകടകരമായ അവസ്ഥയെ തിരിച്ചറിയണം. ന്യുനപക്ഷവിഭാഗങ്ങള്‍ അടിച്ചമര്‍ത്തപ്പെടാതിരിക്കാന്‍ ഭരണഘടന ന്യുനപക്ഷ പരിഗണന നല്‍കുമ്പോള്‍ അതുപോലും കേരളസര്‍ക്കാര്‍ ഇവിടുത്തെ ക്രിസ്ത്യാനികള്‍ക്ക് നിഷേധിക്കുന്ന ദുരവസ്ഥ. ഭരണഘടന ന്യൂനപക്ഷ തത്വങ്ങളെ സംരക്ഷിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചപ്പോള്‍ അതിനെ എതിര്‍ത്ത മുസ്ലിംലീഗ് പോലെയുള്ള പാര്‍ട്ടികള്‍ക്കും മുസ്ലിം സംഘടനകള്‍ക്കും മാധ്യമം തുടങ്ങിയ പത്രമാധ്യമങ്ങള്‍ക്കും എന്ത് ഭരണഘടന പ്രതിബദ്ധതയാണ് ഉള്ളത് എന്നു സംശയിച്ചുപോകുന്നു.
ക്രിസ്ത്യാനികളെ നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ് നിങ്ങളുടെ അറിവില്ലായ്മ ഇവിടെ ചൂഷണം ചെയ്യുകയാണ്. ഇനി നമ്മള്‍ക്കുവേണ്ടി ആരോ സംസാരിക്കുവാനും നിലപാടുകള്‍ സ്വീകരിക്കാനും ഉണ്ടെന്നു കരുതരുത്. നമുക്ക് നമ്മളെയുള്ളു. ഞാനാണ് സഭ നമ്മളാണ് സഭ എന്‍റെ ഉയര്‍ച്ചയും തകര്‍ച്ചയുമാണ് സഭയുടെ ഉയര്‍ച്ചയും തകര്‍ച്ചയും എന്ന ബോധ്യത്തിലേക്ക് ഉയരണം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാം നേടിയെടുക്കുക. നമുക്കും നമ്മുടെ കുടുംബങ്ങള്‍ക്കും സഹോദരങ്ങള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി എല്ലാവരെയും സ്നേഹിച്ച് നമ്മുടെ മിശിഹാ അവസാനമായി നമ്മോട് ആവശ്യപ്പെട്ട സുവിശേഷവത്കരണത്തില്‍ നമുക്ക് പങ്കാളികളാവാം. ക്രിസ്ത്യാനികള്‍ ഉണ്ടെങ്കിലേ ക്രിസ്തു ക്രിസ്തുവായി യുഗാന്ത്യംവരെയും നിലനില്‍ക്കൂ ഇല്ലേല്‍ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ലോകം അടിമപ്പെടുകയും ലോകത്തിലെ സമാധാനം നഷ്ടമാകുകയും ചെയ്യും. പ്രാവുകളെപ്പോലെ നിഷ്കളങ്കരാവുന്നതിനൊപ്പം സര്‍പ്പങ്ങളെപ്പോലെ വിവേകികള്‍ ആയി മാറുവാന്‍ നമ്മുടെ തലമുറയെ ഒരുക്കുക.

