ബുഡാപെസ്റ്റ്: ക്രിസ്തീയ പാരമ്പര്യം വിളിച്ചോതിയ സാംസ്‌ക്കാരിക പരിപാടികളും അഭിഷേകം വർഷിച്ച തിരുക്കർമങ്ങളുമായി 52-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് പ്രൗഢോജ്ജ്വല തുടക്കം. 100ൽപ്പരം രാജ്യങ്ങളിൽനിന്നുളള ബിഷപ്പുമാരും വൈദികരും സമർപ്പിതരും അത്മായരും ഉൾപ്പെടെ ആയിരങ്ങൾ പങ്കുചേരുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് തിരി തെളിഞ്ഞതോടെ ഹംഗേറിയൻ തലസ്ഥാന നഗരിയായ ബുഡാപെസ്റ്റ് ഇനി ആത്മീയാഘോഷത്തിന്റെ ദിനങ്ങളിൽ.
ഹീറോസ് സ്‌ക്വയറിൽ ക്രമീകരിച്ച വിശാലമായ ബലിവേദിയിൽ, യൂറോപ്പ്യൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ആഞ്ചലോ ബഗ്‌നാസ്‌കോ അർപ്പിച്ച ദിവ്യബലിയോടെയാണ് സെപ്തംബർ 12വരെ നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് ഔദ്യോഗിക ആരംഭമായത്. യൂറോപ്പ്യൻ രാജ്യമായ ഹംഗറിയുടെ മഹത്തായ ക്രിസ്തീയ പൈതൃകം വിളിച്ചോതുന്ന സാസംക്കാരിക പരിപാടികളെ തുടർന്നായിരുന്നു ദിവ്യബലി അർപ്പണം. പ്രാരംഭ ദിവ്യബലിയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ക്രമീകരിച്ചതും സവിശേഷതയായി.ക്രിസ്തീയ വിശ്വാസത്തിൽ അടിസ്ഥാനമിട്ട ഹംഗറിയിലെ ഓരോ പ്രദേശത്തിന്റെയും തനതായ പൈതൃകം വിളിച്ചോതുന്ന നൃത്തരൂപങ്ങളും ദൈവസ്തുതികൾ മുഴങ്ങുന്ന സംഗീത പരിപാടികളുമായിരുന്നു ഉദ്ഘാടന പരിപാടികളിലെ പ്രധാന ആകർഷണം. പരമ്പരാഗത വേഷഭൂഷാതികൾ അണിഞ്ഞ് 300ൽപ്പരം നർത്തകരാണ് നൃത്തരൂപങ്ങൾ അവതരിപ്പിച്ചത്. ക്രിസ്തുനാഥന്റെയും പരിശുദ്ധ ദൈവമാതാവിന്റെയും ചിത്രങ്ങൾ പതിച്ച പതാകകളുടെ അകമ്പടിയോടെയാണ് നൃത്തസംഘങ്ങൾ വേദിയിലണഞ്ഞത്.
ദിവ്യകാരുണ്യത്തിലെ ക്രിസ്തുസാന്നിധ്യം ലോകത്തോട് പ്രഘോഷിക്കാൻ സംഗമിക്കുന്ന 52-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് ‘ഹംഗെക്‌സ്‌പോ’ എക്‌സിബിഷൻ ആൻഡ് ഫെയർ സെന്ററാണ് പ്രധാന വേദി. ആരാധക്രമ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘം മുൻ അധ്യക്ഷൻ കർദിനാൾ റോബർട്ട് സാറ, ഇറാഖിലെ ബാഗ്ദാദ് ആർച്ച്ബിഷപ്പും കൽദായ കത്തോലിക്കാ സഭാ പാത്രിയർക്കീസുമായ കർദിനാൾ ലൂയിസ് സാക്കോ, സിയൂൾ ആർച്ച്ബിഷപ്പ് കർദിനാൾ ആൻഡ്രൂ യോൺ സൂങ്, മ്യാൻമർ കർദിനാൾ ചാൾസ് ബോ, ഫിലിപ്പൈൻസ് ആർച്ച്ബിഷപ്പ് ഹൊസെ പൽമ എന്നിവർ വിവിധ ദിനങ്ങളിൽ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ, ലോക പ്രശസ്തരായ വൈദിക, സമർപ്പിത, അൽമായ വചനപ്രഘോഷകരും പ്രഭാഷകരായെത്തുന്നുണ്ട്. സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് തലശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംബ്ലാനി പങ്കെടുക്കുന്നുണ്ട്.
സമാപനത്തിന്റെ തലേന്നായ സെപ്റ്റംബർ 11നാണ്, വിഖ്യാതമായ മെഴുകുതിരി പ്രദക്ഷിണം നടക്കുക. കൊസൂത്ത് സ്‌ക്വയറിൽ കർദിനാൾ പീറ്റർ എർഡോ അർപ്പിക്കുന്ന ദിവ്യബലിയെ തുടർന്നാകും പ്രദിക്ഷണം. സെപ്തംബർ 12ന് സമാപന ദിവ്യബലി അർപ്പിച്ചുകൊണ്ട് ദിവ്യകാരുണ്യ കോൺഗ്രസിനെ ഫ്രാൻസിസ് പാപ്പ അഭിസംബോധന ചെയ്യും. 21 വർഷത്തിനുശേഷം ആദ്യമായാണ് ഒരു പാപ്പ ദിവ്യകാരുണ്യ കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നു എന്നതും ശ്രദ്ധേയം.

