ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനം; ട്രയല്‍ അലോട്ട്മെന്റ് 13ന്

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് 13നും ആദ്യഅലോട്ട്മെന്റ് 21നും പുറത്തുവരും.

21മുതല്‍ കോവിഡ് ചട്ടങ്ങള്‍ പാലിച്ച്‌ പ്രവേശന നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്കൂളുകളില്‍ ഹാജരാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴിയും പ്രവേശനം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ട്രയല്‍ അലോട്ട്മെന്റ് സെപ്തംബര്‍ 13ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. http://admission.dge.kerala.gov.in എന്ന ലിങ്കിലൂടെ ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രവേശിച്ച്‌ Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്ത് ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Trial Resultsഎന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക് ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാവുന്നതാണ്.

ട്രയല്‍ റിസള്‍ട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങള്‍ അപേക്ഷകര്‍ക്ക് വീടിനടുത്തുള്ള സര്‍ക്കാര്‍ /എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ഹെല്‍പ്പ് ഡെസ്കകളില്‍ നിന്നും തേടാവുന്നതാണ്. അലോട്ട്മെന്റ് പരിശോധിച്ച ശേഷം ആവശ്യമായ തിരുത്തലുകള്‍ /ഉള്‍പ്പെടുത്തലുകള്‍ സെപ്തംബര്‍ 16ന് വൈകിട്ട് 5 മണിക്കുള്ളില്‍ നടത്തി ഫൈനല്‍ കണ്‍ഫര്‍മേഷന്‍ ചെയ്യേണ്ടതാണ്. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും.

ഓപ്ഷനുകള്‍ വിവരങ്ങള്‍ തിരുത്തുന്നതിനും പുതിയത്ചേര്‍ക്കുന്നതിനും സെപ്റ്റംബര്‍ 16 വൈകിട്ട് 5 വരെ സമയമുണ്ട്. ഈ വര്‍ഷം 3,94,457 പ്ലസ് വണ്‍ സീറ്റുകള്‍ സംസ്ഥാനത്തുണ്ട്. ഇതുവരെയും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യ അലോട്ട്മെന്റ് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ്ല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. കഴിഞ്ഞ വര്‍ഷങ്ങളിലെ ശരാശരി കണക്ക് അനുസരിച്ച്‌ മറ്റു കോഴ്സുകളിലേക്ക് വിദ്യാര്‍ഥികള്‍ പോകും എന്നുള്ളതിനാല്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റുകള്‍ അവസരം നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രദേശത്ത് സീറ്റുകള്‍ കുറവുണ്ടെങ്കില്‍ അതിനുള്ള പരിഹാരം കാണുമെന്നും മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.