വത്തിക്കാനിൽ മാർപ്പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച പൂർത്തിയായി; കൂടിക്കാഴ്ച ഒന്നേകാൽ മണിക്കൂർ നീണ്ടു നിന്നു

റോം: പതിനാറാം ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയ പ്രാധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.

ഒന്നേകാല്‍ മണിക്കൂറാണ് മോദിയും പോപ്പ് ഫ്രാന്‍സിസും തമ്മില്‍ കൂടിക്കാഴ്‌ച്ച നടത്തിയത്. കോവിഡ് 19 അടക്കം ആഗോള വിഷയങ്ങള്‍ മാര്‍ പാപ്പയുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തതായാണ് വിവരം.

പേപ്പല്‍ ഹൗസിലെ ലൈബ്രറിയിലാണ് ചര്‍ച്ചനടന്നത്. ചര്‍ച്ച ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയ്ക്കു ശേഷം മോദി വത്തിക്കാനില്‍നിന്ന് മടങ്ങി. കൂടിക്കാഴ്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. മാര്‍പാപ്പയെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ അറിയാന്‍ വാര്‍ത്താസമ്മേളനത്തിനും പ്രസ്താവനക്കും കാതോര്‍ക്കുകയാണ് രാജ്യം. വിദേശകാര്യ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കും.

വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. നെഹ്റു, ഇന്ദിരാഗാന്ധി, ഐ.കെ. ഗുജ്റാള്‍, എ.ബി. വാജ്പേയി എന്നിവരാണ് മുമ്ബ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍. 1999ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഒടുവില്‍ ഇന്ത്യ സന്ദര്‍ശിച്ചത്.