ക്രിസ്ത്യൻ മൂല്യങ്ങൾ മുറുകെ പിടിക്കണം;സ്ലോവാക്യൻ ജനതയോട് ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം

തങ്ങളുടെ സമ്പന്നവും മഹത്തരവുമായ പാരമ്പര്യങ്ങളും മൂല്യങ്ങളും മുറുകെപ്പിടിച്ച് മുന്നേറാൻ സ്ലോവാക്യൻ ജനതയോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഉപഭോക്തൃ സംസ്‌ക്കാരം, ഭൗതിക നേട്ടങ്ങൾക്കായുള്ള ദാഹം, ആശയപരമായ ദ്രുവീകരണം എന്നിവയെപ്രതി മഹത്തരമായ മൂല്യങ്ങളെ തള്ളിക്കളയരുതെന്നും പാപ്പ മുന്നറിയിപ്പു നൽകി. പ്രസിഡൻഷ്യൽ പാലസ് ഗാർഡനിൽ സർക്കാർ ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ, മതനേതാക്കൾ എന്നിവരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്തു പഠിപ്പിച്ച അഷ്ടസൗഭാഗ്യങ്ങൾ സമൂഹത്തെ കുറിച്ചുള്ള ക്രിസ്തീയ ദർശനത്തിന് പ്രചോദനമാകണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

ഭക്ഷണത്തിന് രുചി പകരാനും ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനും ഉപയോഗിക്കുന്ന ഉപ്പുപോലെ, സമൂഹത്തിന് രുചി പകരുന്നവരും പൈതൃകത്തിന്റെ സംരക്ഷകരുമായി മാറാനും പാപ്പ യുവതലമുറയോട് ആഹ്വാനം ചെയ്തു. ദൈനംദിന ജീവിതത്തിലെ രണ്ട് സുപ്രധാന ഘടകങ്ങളായ അപ്പവും ഉപ്പും കൈമാറി അതിഥികളെ സ്വാഗതം ചെയ്യുന്ന മനോഹരമായ പാരമ്പര്യമാണ് സ്ലാവിക് ജനതക്കുള്ളത്. ബ്രാറ്റിസ്ലാവയിൽ ഇറങ്ങിയപ്പോൾ, പാപ്പയെ പരമ്പരാഗത രീതിയിൽ ഉപ്പും അപ്പവും നൽകിയാണ് അവർ സ്വാഗതം ചെയ്തത്. അത് അനുസ്മരിച്ചുകൊണ്ടാണ് ഐക്യദാർഢ്യത്തിന്റെ രസം പകരുന്നവരാകാൻ പാപ്പ ആവശ്യപ്പെട്ടത്.

മധ്യ കിഴക്കൻ യൂറോപ്പിന്റെ സുവിശേഷവൽക്കരണത്തിൽ പ്രധാന പങ്കുവഹിച്ച വിശുദ്ധ സിറിളിന്റെയും വിശുദ്ധ മെത്തഡിയൂസിന്റെയും മാതൃകകളെ പാപ്പ ഉയർത്തിക്കാട്ടി. ‘സ്ലോവാക്യയുടെ സുവിശേഷവൽക്കരണം സാഹോദര്യത്തിൽനിന്നാണ് തുടങ്ങിയത്. സ്ലാവ്, ഗ്രീക്ക്, ലാറ്റിൻ വിഭാഗങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയായിരുന്നു അവർ. നന്മയെ സംരക്ഷിക്കുക എന്നാൽ ഭൂതകാലത്തെ ആവർത്തിക്കുകയല്ല, മറിച്ച് ഒരാളുടെ വേരുകൾ നഷ്ടപ്പെടാതെ പുതുമയിലേക്ക് തുറക്കുക എന്നാണെന്ന് വിശുദ്ധരായ അവർ നമുക്ക് കാണിച്ചുതരികയും ചെയ്തു.’

നാല് ദിവസത്തെ സന്ദർശനത്തിനായി എത്തിച്ചേർന്ന പാപ്പയ്ക്ക് ആവേശോജ്ജ്വല സ്വീകരണമാണ് സ്ലോവാക്യൻ ജനത നൽകിയത്. സ്ലോവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലെ അന്താരാഷ്ട്ര വിമാനതാവളത്തിൽ സ്ലോവാക്യൻ പ്രസിഡന്റ് സൂസന്ന കപുട്ടോവ നേരിട്ടെത്തിയാണ് പാപ്പയെ വരവേറ്റത്. പുരുഷൻമാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പേപ്പൽ പതാകകളുമായി വിമാനത്താവളത്തിൽ അണിനിരന്നതും മനോഹര കാഴ്ചയായി.

സഭാ ശുശ്രൂഷകർ, യഹൂദ നേതാക്കൾ എന്നിവരുമായുള്ള കൂടിക്കാഴ്ച, മിഷനറി സിസ്റ്റേഴ്‌സ് നടത്തുന്ന മിഷണറി സിസ്റ്റേഴ്‌സ് നടത്തുന്ന ‘ബേത്ത്ലെഹേം സെന്റർ’ സന്ദർശനം എന്നവയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന സന്ദർശന പരിപാടികൾ. (സെപ്തം.14) വിശുദ്ധ ജോൺ ക്രിസോസ്തോമിന്റെ ജന്മദേശമായ കോസൈസൽ സന്ദർശിക്കുന്ന പാപ്പ, മെസ്‌ക സ്പോർട്ടോവ സ്‌ക്വയറിലെ ബലിവേദിയിൽ ബൈസന്റൈൻ റീത്തിൽ ദിവ്യബലി അർപ്പിക്കും. നാളെ സാസ്റ്റിനിലെ വ്യാകുലമാതാ നാഷണൽ ബസിലിക്കയിൽ അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് പര്യടനം സമാപിക്കുക.