ഗർഭച്ഛിദ്രം കൊലപാതകംതന്നെ, സ്വവർഗ വിവാഹത്തെ സഭയ്ക്ക് അംഗീകരിക്കാനാവില്ല നിലപാട് ആവർത്തിച്ചു ഫ്രാൻസിസ് പാപ്പ

ഗർഭച്ഛിദ്രം കൊലപാതകംതന്നെയാണെന്നും വിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ള ഒരു കൂദാശയായതിനാൽ സ്വവർഗ വിവാഹത്തെ സഭയ്ക്ക് അംഗീകരിക്കാനാവില്ലെന്നും ഫ്രാൻസിസ് പാപ്പ. ക്രിസ്തു സ്ഥാപിച്ച കൂദാശകളിൽ മാറ്റം വരുത്താൻ സഭയ്ക്ക് അധികാരമില്ലെന്നും പാപ്പ വ്യക്തമാക്കി. സ്ലോവാക്യൻ സന്ദർശനത്തിനുശേഷം വത്തിക്കാനിലേക്കുള്ള മടക്കയാത്രാമധ്യേ വിമാനത്തിൽ മാധ്യമ പ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പാപ്പ ആവർത്തിച്ചുറപ്പിച്ചത്.

ഗർഭച്ഛിദ്ര അനുകൂലികളായ രാഷ്ട്രീയനേതാക്കൾക്ക് ദിവ്യകാരുണ്യം നിഷേധിക്കണമെന്നതുമായി ബന്ധപ്പെട്ട് യു.എസ് സഭയിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരണം ആരാഞ്ഞപ്പോൾ, സഭയുടെ കൂട്ടായ്മയിലില്ലാത്ത ആർക്കും കുർബാന സ്വീകരിക്കാനാകില്ലെന്നും പാപ്പ വ്യക്തമാക്കി. ‘ഗർഭച്ഛിദ്രത്തെ സഭയ്ക്ക് അംഗീകരിക്കാനാവില്ല. സഭ അത് അംഗീകരിച്ചാൽ കൊലപാതകത്തെ അംഗീകരിക്കലാകും,’ പാപ്പ അസന്നിഗ്ദ്ധമായി പ്രസ്താവിച്ചു.

സഭയുടെ കൂട്ടായ്മയിൽ ഇല്ലാത്തവർക്ക് ദിവ്യകാരുണ്യം സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞപ്പോൾതന്നെ, എന്നാൽ അത് ഒരു ശിക്ഷാവിധിയല്ലെന്നും പാപ്പ വ്യക്തമാക്കി. വിശുദ്ധ കുർബാന പൂർണത തികഞ്ഞവർക്കുള്ള സമ്മാനമല്ല, മറിച്ച്, സഭയിലെ ക്രിസ്തുസാന്നിധ്യത്തിന്റെ സമ്മാനമാണെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ, വൈദികരും ബിഷപ്പുമാരും തങ്ങളുടെ മുന്നിലെത്തുന്ന പ്രശ്‌നങ്ങളോട് രാഷ്ട്രീയമായല്ല അജപാലനപരമായി പ്രതികരിക്കണമെന്നും ഓർമിപ്പിച്ചു.

അതോടൊപ്പം, വൈദികരും ബിഷപ്പുമാരും നല്ല അജപാലകരായിരിക്കണമെന്നും സഭയിൽനിന്ന് പുറത്താക്കപ്പെട്ടവർ ഉൾപ്പെടെയുള്ളവരിലേക്ക് അവർ എത്തിച്ചേരേണ്ടതുണ്ടെന്നും പാപ്പ വിശദീകരിച്ചു. ‘സഭാ ഭ്രഷ്ടുകൾ ഉണ്ടാകാതിരിക്കാൻ നോക്കാം. അവരെല്ലാം പാവങ്ങളാണ്, ദൈവത്തിന്റെ മക്കളാണ്. നമ്മുടെ സാമീപ്യവും അജപാലനവും അവർക്കും ആവശ്യമുണ്ട്. ആത്മാവിന്റെ പ്രചോദനം അനുസരിച്ച് അജപാലകൻ കാര്യങ്ങൾ  പരിഹരിക്കുന്നു. സാമീപ്യവും കരുണയും ആർദ്രതയുമുള്ള ദൈവത്തെപ്പോലെയുള്ള അജപാലകരാകാം,’ പാപ്പ പറഞ്ഞു.

സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാൻ യൂറോപ്പ്യൻ യൂണിയൻ അംഗരാജ്യങ്ങളെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരമായാണ്, സ്വവർഗ വിവാഹത്തെ അംഗീകരിക്കാനാകില്ലെന്ന സഭാ നിലപാട് ആവർത്തിച്ചത്. ‘വിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ള ഒരു കൂദാശയായതിനാൽ സ്വവർഗ വിവാഹം സഭയ്ക്ക് അംഗീകരിക്കാനാവില്ല. ക്രിസ്തു സ്ഥാപിച്ച കൂദാശകളിൽ മാറ്റം വരുത്താൻ സഭയ്ക്ക് അധികാരവുമില്ല.’  

എന്നാൽ വ്യത്യസ്തമായ ലൈംഗിക ആഭിമുഖ്യമുള്ളവരെ സിവിൽ നിയമങ്ങളിലൂടെ സഹായിക്കാനും അവരുടെ ആരോഗ്യം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിൽ പിന്തുണ നൽകാനുള്ള അവസരങ്ങളും ഭരണകൂടങ്ങൾക്കുണ്ടെന്നും പാപ്പ കൂട്ടിച്ചേർത്തു.