എത്ര വലിയ വെല്ലുവിളികളെയും ഇന്ത്യ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എത്ര വലിയ വെല്ലുവിളികളെയും ഇന്ത്യ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തികഞ്ഞ സംയമനത്തോടെയാണ് സമീപകാലത്ത് ഉണ്ടായ എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും ഇന്ത്യ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ കൂട്ടായ്മയും സര്‍വശക്തിയും ഉപയോഗിച്ചുള്ള പോരാട്ടമാണ് നടക്കുന്നത്. മഹാമാരി രൂക്ഷമാകുന്നതിനിടയില്‍ ഉണ്ടായ രണ്ട് ചുഴലിക്കാറ്റുകള്‍ ഉയര്‍ത്തിയ പ്രതിസന്ധിയും നേരിടാന്‍ രാജ്യത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ 900 ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജനാണ് രാജ്യത്ത് ഉല്പാദിപ്പിച്ചുകൊണ്ടിരുന്നത്.

ഇപ്പോള്‍ അത് 9500 ടണ്‍ ആയി ഉയര്‍ന്നു. പത്തിരട്ടിയോളം വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അധികാരത്തില്‍ എത്തിയ ശേഷമുള്ള കഴിഞ്ഞ ഏഴ് വര്‍ഷവും തികഞ്ഞ പ്രതിബദ്ധത സര്‍ക്കാര്‍ പുലര്‍ത്തി.