ന്യൂഡൽഹി: നൂറ് കോടി ഡോസ് വാക്സിനേഷനിലൂടെ രാജ്യം പുതുചരിത്രമെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ അസാധാരണ ലക്ഷ്യത്തിലെത്തിയെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ഇത് ഓരോ ഇന്ത്യക്കാരന്റെയും നേട്ടമാണ്. രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നൂറ് വർഷത്തിനിടെയുണ്ടായ വലിയ മഹാമാരിയാണ് കോവിഡ്. അതിനെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയുമോയെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണിത്.
രാജ്യം കൊറോണയിൽനിന്ന് കൂടുതൽ സുരക്ഷിതമെന്ന് ലോകം വിലയിരുത്തും. വാക്സീനിൽ യാതൊരു വിവേചനവുമില്ല. വിഐപി സംസ്കാരം മാറ്റിനിർത്തി. വിളക്ക് കത്തിക്കാൻ പറഞ്ഞപ്പോൾ അതുകൊണ്ട് കൊറോണ പോകുമോയെന്ന് ചുച്ഛിച്ചു. എന്നാൽ അത് രാജ്യത്തിന്റെ ഒരുമയാണ് കാട്ടിയതെന്നും മോദി പറഞ്ഞു.

