എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ; ഇന്ന് അർദ്ധരാത്രി മുതൽ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയും

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന ഇന്ധനവില കുതിച്ചുയരുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചു.

ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയും. ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വില കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ഇന്ധന വിലയില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ധനവിനു ശേഷമാണ് ഇപ്പോള്‍ വില കുറയുന്നത്. ഒക്ടോബറില്‍ പെട്രോള്‍ ലീറ്ററിന് 7.82 രൂപയും ഡീസല്‍ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും. ഇതിനിടെ ഇന്ധനവില കുറഞ്ഞത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ മാസത്തിലും പിന്നീട് സെപ്റ്റംബറിലും.

സെപ്റ്റംബറില്‍ ഡീസലിന് 1.11 രൂപ കുറഞ്ഞതാണ് നിരക്കിലുണ്ടായ ഏറ്റവും വലിയ കുറവ്. ഒരിടവേളയ്ക്കു ശേഷം സെപ്റ്റംബര്‍ 24 മുതലാണ് ഇന്ധന വില കൂടാന്‍ തുടങ്ങിയത്. ഈ വര്‍ഷം ഇതുവരെയുള്ള വില വര്‍ധന പെട്രോളിന് 31% ഡീസലിന് 33% ആണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് വര്‍ധിച്ചത്.