ന്യൂഡല്‍ഹി: ഡല്‍ഹിയേയും സമീപ പ്രദേശങ്ങളേയും മൂടി പുകമഞ്ഞ്. ദീപാവലിക്ക് ശേഷമുള്ള രണ്ടാം ദിനവും ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക വളരെ ഗുരുതര അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്.ഇന്നലത്തെ വായു നിലവാര സൂചിക 450 ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ ആറ് മണിയാകുമ്ബോഴേക്കും വായു നിലവാര സൂചിക 533ആയി റിപ്പോര്‍ട്ട് ചെയ്തു. വായുവിന്റെ അവസ്ഥ വളരെ അപകടകരമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളായ നോയിഡ, ഗയിസാബാദ്, രുരുഗ്രാം എന്നിവിടങ്ങളില്‍ ഡല്‍ഹിയേക്കാള്‍ മോശം അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.നാളെ വൈകുന്നേരം ഏഴ് മണി മുതല്‍ മാത്രമാണ് അല്‍പം ആശ്വാസം പ്രതീക്ഷിക്കുന്നത്. എന്നാല്‍ വായു നിലാവര സൂചിക ഗുരുതരമായി തന്നെ തുടരുമെന്നും സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് (സഫര്‍) പറഞ്ഞു. വായുവിന്റെ ഗുണ നിലവാരം മോശമാകുന്നതിനാല്‍ ദീപാവലിയോടനുബന്ധിച്ച് ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജനങ്ങള്‍ നിരോധനം ലംഘിച്ച് പടക്കം പൊട്ടിച്ചതാണ് വായു ഇത്രയും മോശമാകാന്‍ കാരണമെന്നാണ് അധികൃതര്‍ കരുതുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വായു നിലവാര സൂചികയെ അപേക്ഷിച്ച് ഏറ്റവും അപകടകരമാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അധികൃതര്‍ പറയുന്നു
അനുകൂലമല്ലാത്ത കാലാവസ്ഥ സാഹചര്യം, താഴ്ന്ന കാറ്റ്, പടക്കം പൊട്ടിക്കല്‍, വൈക്കോല്‍ കത്തിക്കല്‍ തുടങ്ങിയവ ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലേയും വായു മലിനമാക്കുന്നതിന് പ്രധാന കാരണമായതായി അധികൃതര്‍ പറഞ്ഞു. ഒക്ടോബര്‍ 27 മുതല്‍ ദീപാവലിക്ക് മുന്നോടിയായി ദില്ലി സര്‍ക്കാര്‍ പടക്കമല്ല ദീപങ്ങള്‍ തെളിയിക്കൂ എന്ന പ്രചാരണപരിപാടിയടക്കം ആരംഭച്ചിരുന്നു. ഡല്‍ഹിയില്‍ അനധികൃതമായി പടക്കങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്. പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ എക്്‌സ്‌പ്ലോസീവ്‌സ് ആക്ടും മറ്റ് ഐപിസി ചട്ടങ്ങളും പ്രകാരം കേസെടുക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവരെ സര്‍ക്കാര്‍ 13,000 കിലോ അനധികൃത പടക്കങ്ങള്‍ പിടിച്ചെടുക്കുകയും 33 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

