ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യത്തെ മുഴുവന്‍ രാജ്ഭവനുകളും ഇന്ന് ഉപരോധിക്കും.
തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത ഇ.ഡി നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാകുകയാണ് കോണ്‍ഗ്രസ്. ഇന്നലെ ലോക്‌സഭാ സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവായ അധീര്‍ രഞ്ജന്‍ ചൗധരി പരാതി നല്‍കിയിരുന്നു.
തുടര്‍ച്ചയായ മൂന്നാം ദിവസമായ ഇന്നലെ എട്ട് മണിക്കൂറിലേറെ സമയമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തിയത്. ഡോടെക്‌സ് മെര്‍ച്ചന്‍ഡെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്ബനിയും യംഗ് ഇന്ത്യന്‍ എന്ന രാഹുലിന്റെ കൂടി ഉടമസ്ഥതയില്‍ ഉള്ള കമ്ബനിയും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച ചോദ്യങ്ങളാണ് അന്വേഷണ സംഘം ഇന്നലെ പരിശോധിച്ചത്. ഒരു കോടി രൂപ പലിശ രഹിത വായ്പയായി യംഗ് ഇന്ത്യയ്ക്ക് ഡോടെക്‌സ് മെര്‍ച്ചന്‍ഡെയ്‌സ് നല്‍കിയെങ്കിലും ഈ വായ്പാ തുക യംഗ് ഇന്ത്യ ഇതുവരെ തിരിച്ചടച്ചിട്ടില്ല. ഈ ഇടപാട് കള്ളപ്പണം വെളുപ്പിക്കലായിരുന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് ഒരു ദിവസം ചോദ്യം ചെയ്യലില്‍ നിന്നും ഇടവേള നല്‍കിയിരിക്കുകയാണ് ഇ.ഡി. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുലിനോട് ഇ.ഡി ആവശ്യപെട്ടു. രാഹുല്‍ ഗാന്ധി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുന്ന നാളെ രാജ്യത്തെ ജില്ലാ ഭരണ സിരാ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും കോണ്‍ഗ്രസ് പ്രതിഷേധം.

