ദില്ലി: രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്‍റെയും സംസ്കാരം ഇന്ന് നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളുടെ വൈകീട്ട് മൂന്ന് മണിക്ക് ബ്രാര്‍ ശ്മശാനത്തിലാണ് സംസ്കാരം.
രാവിലെ 11 മണി മുതല്‍ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനമുണ്ടാകും. പൊതു ജനങ്ങള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാം. ബ്രേഗേഡിയര്‍ എല്‍ എസ് ലിഡ്ഡറുടെ സംസ്കാരവും ഇന്ന് നടക്കും.രാവിലെ 9.15 നാണ് അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകള്‍ നടക്കുക.
അതേസമയം, ഹെലികോപ്റ്റര്‍ അപകടമുണ്ടായ കൂനൂരിലെ കാട്ടേരി എസ്റ്റേറ്റില്‍ വ്യോമസേന ഇന്നും പരിശോധന തുടരും. സംഭവത്തില്‍ സമഗ്ര അന്വേഷണമാണ് വ്യോമസേന പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയെന്നാണ് വിവരം. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്ന് പ്രധാനമായും നടത്തുക. കഴിഞ്ഞ ദിവസം പ്രതികൂല കാലാവസ്ഥയായതിനാല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംങ്ങിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ബംഗ്ലൂരുവിലെ വ്യോമസേന കമാന്‍ഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.
വിദഗ്ധ ചികിത്സ നല്‍ക്കുന്നതിനായി വെല്ലിംങ്ങ്ടണ്‍ സൈനിക ആശുപത്രിയില്‍ നിന്ന് ഇന്നലെയാണ് ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലേക്ക് വരുണ്‍ സിംങ്ങിനെ മാറ്റിയത്. കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗലോട്ട്, മുഖ്യമന്തി ബസവരാജ് ബൊമ്മയ് എന്നിവര്‍ ബംഗ്ലൂരുവിലെ കമാന്‍ഡ് ആശുപത്രിയിലെത്തി ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ സന്ദര്‍ശിച്ചിരുന്നു. വരുണ്‍ സിങ്ങിന്റെ പിതാവ് റിട്ടേര്‍ഡ് കേണല്‍ എ കെ സിങ്ങ് അടക്കമുള്ള കുടുബാംഗങ്ങളും ബംഗ്ലൂരുവിലെത്തിയിട്ടുണ്ട്. സുലൂരില്‍ നിന്ന് പ്രത്യേക എയര്‍ ആംബുലന്‍സിലാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ ഇന്നലെ ബംഗ്ലൂരുവിലെത്തിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്‍റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.

