ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ ഹര്‍ജിക്കെതിരെ തമിഴ്‌നാട് ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും.
കേസ് നാളെ പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായി തമിഴ്‌നാട് ഇന്നുതന്നെ മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ രാത്രി സമയത്ത് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തില്‍ മേല്‍നോട്ട സമിതി ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നും, സംസ്ഥാനത്തിന്റെ ആശങ്കകള്‍ തമിഴ് നാട് പരിഗണിക്കുന്നില്ലെന്നും കേരളം പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറിയത് അടക്കം കേരളം അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനജീവിതം അപകടത്തിലാക്കുന്ന തമിഴ്നാടിന്‍റെ നടപടി തടയണമെന്നും കേരളം ആവശ്യപ്പെടുന്നു. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിലും തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവിലും തീരുമാനം എടുക്കാന്‍ കേരള തമിഴ്നാട് പ്രതിനിധികള്‍ ഉള്‍പ്പെട്ട ഒരു സാങ്കേതിക സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മുല്ലപ്പെരിയാറില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. കേസ് പരിഗണിച്ച ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് മറുപടി നല്‍കാന്‍ തമിഴ്നാടിന് അനുമതി നല്‍കുകയായിരുന്നു.

