ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
മുഴുക്കുടിയനാണു ചാണ്ടിച്ചേട്ടന്‍. മിക്കദിവസവും സഹകുടിയന്മാരെല്ലാം ചേര്‍ന്നു പൊക്കിയെടുത്താണ് ചാണ്ടിച്ചേട്ടനെ വീട്ടിലെത്തിക്കുക. ഒരു ദിവസം കുടിയല്‍പം കൂടിപ്പോയി. കൂട്ടുകാരും അവരുടെ തോളില്‍ താങ്ങി ചാണ്ടിയും വീടിനു മുന്നിലെത്തി കോളിങ് ബെല്ലടിച്ചു.
“ആരാ…” ഭാര്യ മറിയ അകത്തുനിന്നു ചോദിച്ചു.
“ഞങ്ങള്‍ ചാണ്ടിയേം കൊണ്ടുവന്നതാ…”
“ആ വരാന്തയിലേക്കു ചാരിയേച്ചു പൊയ്ക്കോ…” വാതില്‍ തുറക്കാതെ മറിയ പറഞ്ഞു.
അപ്പോള്‍ കുടിക്കമ്പനി ആകെ കണ്‍ഫ്യൂഷനിലായി. ‘കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ’ എന്ന പാട്ട് പാടാന്‍ നാക്ക് തിരിയാഞ്ഞിട്ടാവണം അവര്‍ വീണ്ടും മുട്ടി വിളിച്ചു.
“വരാന്തയിലേക്കു വച്ചിട്ടു പൊയ്ക്കോള്ളാന്‍ പറഞ്ഞില്ലേ…” മറിയ വീണ്ടും ഒച്ചയെടുത്തു.
അന്നേരം കൂട്ടത്തില്‍ അല്പം ബോധമുള്ള ഒരു കുടിയന്‍ വാതില്‍ക്കലേക്കു നീങ്ങിനിന്നു വിളിച്ചു പറഞ്ഞു, “പൊന്നു പെങ്ങളേ, ഒന്നിങ്ങോട്ടിറങ്ങിവന്ന് ഞങ്ങളിലാരാ ചാണ്ടിയെന്ന് ഒന്നു പറഞ്ഞു താ. എങ്കിലല്ലേ വച്ചിട്ടുപോകാന്‍ പറ്റൂ…”
ഇവിടെ വിവരിക്കുന്നത് കളിതമാശയായി കാണാന്‍ പാടില്ല. വിവാഹത്തിന്‍റെ ആദ്യനാളുകളില്‍ അടുപ്പവും സ്നേഹവും കൊഞ്ചലും പറയലും മുട്ടലും ഉരുമ്മലും എല്ലാം കാണും. പിന്നെപ്പിന്നെ അതു കുറയും. നവദമ്പതികള്‍ യാത്ര ചെയ്യുന്നതു കണ്ടാലറിയാം. ബസില്‍ ഒന്നിച്ചിരുന്ന്, സൂര്യനു കീഴിലുള്ള സകല കാര്യങ്ങളും സംസാരിച്ച്, തമാശ പറഞ്ഞു ചിരിപ്പിച്ച്… എന്നാല്‍, കുറച്ചു നാള്‍ കഴിയുമ്പോള്‍ ഭര്‍ത്താവ് ഭാര്യയോടു പറയും, ‘നീ മുന്നിലിരുന്നോ. അവിടാ സ്ത്രീകളുടെ സീറ്റ്. ഞാന്‍ പിന്നിലിരുന്നോളാം…’ നാലഞ്ചുവര്‍ഷം കഴിയുമ്പോള്‍ പറയും, ‘നീ ആദ്യത്തെ ബസിനു പൊയ്ക്കോ. ഞാന്‍ അടുത്ത ബസിനു വന്നോളാം…’
ഈ അകല്‍ച്ച കുടുംബജീവിതത്തിലുണ്ടാക്കുന്ന വിള്ളല്‍ വളരെ വലുതാണ്. വര്‍ഷമെത്ര കഴിഞ്ഞാലും ആദ്യകാലത്തെ സ്നേഹവും അടുപ്പവും നിലനിര്‍ത്തണം. അതിന് ഒരു വഴിയുണ്ട്. എന്നും രാത്രി ഉറങ്ങുന്നതിനുമുമ്പ് പതിനഞ്ച് മിനിറ്റെങ്കിലും മുട്ടിയുരുമ്മിയിരുന്നു സംസാരിക്കുക. അന്നു കണ്ട രസങ്ങള്‍ പങ്കുവയ്ക്കുക. നല്ല വാക്കിനു ജീവിതത്തില്‍ പൊന്നിനേക്കാള്‍ വിലയുണ്ട്.
കല്യാണം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ വിവാഹമോചനത്തെക്കുറിച്ച് ആലോചന തുടങ്ങുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പൊരുത്തപ്പെടുക എന്നാല്‍ രണ്ടുപേരും ഒരേപോലെയാവുക എന്നല്ല അര്‍ത്ഥം. പല നല്ല ദാമ്പത്യങ്ങളും നോക്കിയാല്‍ അറിയാം. ഭര്‍ത്താവും ഭാര്യയും രണ്ടു സ്വഭാവക്കാരായിരിക്കും. അധികം സംസാരിക്കാത്തയാള്‍ക്കു വായാടി ഭാര്യ. ക്ഷിപ്രകോപിയായ കെട്ടിയോനു തുണ വരുന്നതു ക്ഷമയുള്ള ഇണ. പരസ്പരം സ്നേഹം ഉണ്ടാകുമ്പോള്‍ വൈരുധ്യങ്ങള്‍ മായും.
സ്നേഹം വെറുതേ ഉള്ളില്‍ വച്ചിട്ടു ചുമ്മാ കല്ലുപോലെയിരുന്നാല്‍ പോരാ. അതു പുറമേ കാണിക്കണം. ചില ഭര്‍ത്താക്കന്മാരുണ്ട്. എന്തിനും ഏതിനും എപ്പോഴും കുറ്റം പറഞ്ഞുകൊണ്ടിരിക്കും. ഭാര്യ മുട്ട പൊരിച്ചു വച്ചാല്‍ അങ്ങേരു ചോദിക്കും, “പുഴുങ്ങാന്‍ മേലേടീ…”
പുഴുങ്ങിയാല്‍ ചോദിക്കും, ‘പൊരിക്കാന്‍… മേലേടി..’
ഇനി പുഴുങ്ങിയും പൊരിച്ചും കൊടുത്താല്‍ പറയും ‘കണ്ടില്ലേ, അവളുടെ അഹങ്കാരം. പുഴുങ്ങാനുള്ള മുട്ട പൊരിച്ചും പൊരിക്കാനുള്ള മുട്ട പുഴുങ്ങീം വച്ചിരിക്കുന്നു. ഇതെന്നാ പാഴ്ച്ചെലവാ…”
എന്തിനും ഏതിനും കുറ്റം പറയുന്ന ശീലമുണ്ടെങ്കില്‍ അത് ഉപേക്ഷിക്കണം. പങ്കാളികള്‍ പരസ്പരം തൃപ്തി പ്രകടിപ്പിച്ചാലേ മനസ്സമാധാനത്തോടെ ജീവിക്കാന്‍ കഴിയൂ.
കടുപ്പക്കാരെന്നു പുറമേ ഭാവിക്കുമെങ്കിലും ആണുങ്ങളൊക്കെ പെണ്ണുങ്ങളേക്കാള്‍ മനക്കട്ടിയും സഹനശക്തിയും കുറഞ്ഞവരാണ്. പെണ്ണിന്‍റെ കരച്ചിലിനുമുന്നില്‍ അവര്‍ അലിയും. കാരണം, ദൈവം അവരെ മണ്ണുകൊണ്ടാണ് ഉണ്ടാക്കിയത്. പക്ഷേ, പെണ്ണിനു കടുപ്പം കൂടും. കാരണം അവരെ സൃഷ്ടിച്ചിരിക്കുന്നത് നല്ല കട്ടിയുള്ള വാരിയെല്ലുകൊണ്ടാണ്. ഈ രണ്ടു കാര്യങ്ങളും പരസ്പരം മനസ്സിലാക്കി വേണം ദമ്പതികള്‍ ഇടപഴകാന്‍. സഹനശക്തി, കാരുണ്യം, ആത്മബലം ഇതൊക്കെ സ്ത്രീകള്‍ക്കു കൂടുതലാണ്.
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നു പറയാറില്ലേ. മറ്റുള്ളവരുടെ മുന്നില്‍വച്ചു ദമ്പതികള്‍ കുറ്റം പറയരുത്. കല്യാണം കഴിഞ്ഞ് ആദ്യത്തെ വര്‍ഷം ഭാര്യ പറയും. ഭര്‍ത്താവ് കേട്ടോണ്ടു കിടക്കും. അടുത്തവര്‍ഷം ഭര്‍ത്താവ് പറയും. ഭാര്യ കേട്ടോണ്ടു കിടക്കും. അതിനടുത്ത വര്‍ഷം ഭാര്യയും ഭര്‍ത്താവും പറയും. നാട്ടുകാര്‍ കേട്ടോണ്ടു കിടക്കും. ഈ അവസ്ഥയിലാകരുത് കാര്യങ്ങള്‍. സ്വന്തം പങ്കാളി മറ്റൊരാളുടെ മുന്നില്‍വച്ചു കുറ്റം പറഞ്ഞു കേള്‍ക്കാന്‍ ആരും ആഗ്രഹിക്കില്ല. ഒരിക്കല്‍ ഒരു ഭര്‍ത്താവ് പറഞ്ഞു: “അച്ചോ… അവളൊന്നും എതിര്‍ത്തു പറയത്തില്ല. പക്ഷേ ഞാന്‍ മുഴുവന്‍ പറയുന്നതു കേട്ടിരുന്നിട്ട് അവരൊരു ആക്കിച്ചിരി ചിരിക്കും…” ചിരി നല്ലതാണ്. പക്ഷേ, ആക്കിച്ചിരി ദാമ്പത്യത്തിനു ഹാനികരമാണെന്നു മറക്കരുത്.
ഇന്നത്തെ കാലത്തെ കുടുംബങ്ങള്‍ ഒമ്പതു തരമുണ്ട്. ഇതില്‍ ഏതാണു നമ്മുടേതെന്നു കണ്ടെത്തുക. ആദ്യത്തെ ഏഴു കുടുംബങ്ങളും പ്രശ്നകുടുംബങ്ങളാണ്. അത്തരം കുടുംബങ്ങളിലെ സ്വഭാവവിശേഷങ്ങള്‍ ഇടകലര്‍ന്നു കാണപ്പെടും. നമ്മള്‍ ശ്രമിക്കേണ്ടത് അവസാന രണ്ടു കുടുംബങ്ങളാകാനാണ്.
- ലഹരിയുടെ ഭവനം
ഗൃഹനാഥന്‍ കുടിയന്മാരായ കുടുംബങ്ങള്‍ മദ്യശാലകളാണ്. കുടിയന്മാര്‍ കൂടുതലായി ഉപയോഗിക്കുന്ന രണ്ടു വാക്കുകളാണ് ‘ഇത്, ഏതാണ്ട്’ പെരുന്നാളായിട്ടു കുടിച്ചില്ലെങ്കില്‍ ഒരു ‘ഇത്’ വരത്തില്ല. ഞായറാഴ്ചയായിട്ടു രണ്ടു പെഗ് കഴിച്ചില്ലെങ്കില്‍ ഒരു ‘ഏതാണ്ട്’ പോലെ.
കുടിക്കാന്‍ ആളുകള്‍ക്കു കാരണങ്ങള്‍ പലതാണ്. ഓണം, ക്രിസ്മസ്, വിഷു, ഈസ്റ്റര്‍… എല്ലാ വിശേഷത്തിനും കുടിക്കും. അല്ലെങ്കില്‍ വിശേഷമുണ്ടാക്കി കുടിക്കും. ഒരു ദിവസം പൂസായി വന്ന ഒരു കുടിയന്‍ പറഞ്ഞ ന്യായം കുറച്ച് അന്യായം ആയിരുന്നു. ‘എന്‍റെ മൂത്തകുട്ടി മുലകുടി നിര്‍ത്തിയതിന്‍റെ വാര്‍ഷികമാണച്ചോ ഇന്ന്.’
ലഹരി ശീലമാക്കിയാല്‍ ഒരുവന്‍ കുടുംബത്തില്‍നിന്ന് അറിയാതെ അകലും. കുടുംബത്തിനായി ജീവിക്കുന്ന ഭര്‍ത്താവിനുവേണ്ടി ഏതു കുരിശും ചുമക്കാന്‍ ഭാര്യ തയ്യാറാകും. പക്ഷേ, കുപ്പിക്കുവേണ്ടി ജീവിക്കുന്നവനുവേണ്ടി അവള്‍ അങ്ങനെ ചെയ്യുമെന്നു പ്രതീക്ഷിക്കരുത്. കുപ്പിയുടെ പിന്നാലെ പോയാല്‍ കുപ്പിയും തീരും കുടുംബബന്ധവും തീരും. - ജീവന്‍ തകര്‍ക്കുന്ന കുടുംബം
കല്യാണം കഴിഞ്ഞ് ഉടനേ കുട്ടിയുണ്ടായാല്‍ എന്തോ നാണക്കേടു പോലെയാണു ചിലര്‍ക്ക്. കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ സമ്മാനമാണ്. വേണ്ടത്ര ആലോചനയ്ക്കുശേഷം വിവാഹബന്ധത്തിലേക്കു കടക്കുക. താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി ഗര്‍ഭഛിദ്രം നടത്തരുത്. കാരണം, അതൊരു സ്ത്രീയുടെ മനസ്സില്‍ വളരെ ആഴത്തിലുള്ള മുറിവുകളാണുണ്ടാക്കുന്നത്. ആണായാലും പെണ്ണായാലും കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ സമ്മാനമാണെന്ന് കരുതുക. ഗര്‍ഭഛിദ്രം നടത്തുന്നവരുടെ വീട് ഒരു കശാപ്പുശാല പോലെയാണ്. കുറ്റബോധത്തിന്‍റെ ചോരമണം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവരുത്. - ആഢംബരത്തിന്‍റെ കുടുംബം
എണ്‍പതു വയസ്സു കഴിഞ്ഞ ചിലര്‍ നല്ല കറുകറുത്ത മുടിയുമായി കാണാം. സൂക്ഷിച്ചു നോക്കിയാല്‍ അതൊരു മൂന്നുനില ഗോപുരമാണെന്ന് മനസ്സിലാകും. മേലെ കറുപ്പ്, താഴെ ചെമ്പിപ്പ്, അതിനും താഴെ നരപ്പ്. വാര്‍ദ്ധക്യത്തെ ഭയപ്പെടേണ്ട കാര്യമില്ല. ‘അങ്ങേരെ കണ്ടാല്‍ കിളവനായി, എന്നെ കണ്ടാല്‍ അത്രയും തോന്നില്ല’ എന്നു ചില സ്ത്രീകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ചില ആണുങ്ങള്‍ക്കാണെങ്കില്‍ സമപ്രായക്കാരായ സ്ത്രീകളുടെ സൗന്ദര്യവുമായി ഭാര്യയെ താരതമ്യപ്പെടുത്താനാണു താല്‍പര്യം. ‘അപ്പുറത്തെ വീട്ടിലെ സൂസിയെ കണ്ടില്ലേ, അവളും നിന്നെപ്പോലെ മൂന്നു പ്രസവിച്ചതല്ലേ. എന്നിട്ടും അവളെക്കണ്ടാല്‍ ഇപ്പോഴും കല്യാണം കഴിച്ച അന്നത്തെപ്പോലെതന്നെ.’
അയല്‍ക്കാരിയുടെ സൗന്ദര്യവുമായി ഭാര്യയെ താരതമ്യപ്പെടുത്തുമ്പോള്‍ ഒരു കാര്യമോര്‍ക്കുക. നിങ്ങള്‍ ഇപ്പോള്‍ വെട്ടുന്നത് കുടുംബസമാധാനത്തിന്‍റെ കുഴിമാടമാണ്. കാരണം, സൗന്ദര്യത്തിന്‍റെ തിളക്കമല്ല, സ്നേഹത്തിന്‍റെ വിളക്കാണു ദാമ്പത്യത്തില്‍ പ്രകാശിക്കേണ്ടത്. - സീരിയലുകളുടെ കുടുംബം
ടിവി വന്നപ്പോള്‍ എല്ലാവരും സന്തോഷിച്ചു. സീരിയല്‍ വന്നപ്പോഴും അങ്ങനെതന്നെ. പക്ഷേ, അതു കേരളത്തിലെ പല കുടുംബങ്ങളിലെയും സന്ധ്യാപ്രാര്‍ത്ഥന ഇല്ലാതാക്കി. ഇപ്പോള്‍ പല വീടുകളിലും സന്ധ്യയ്ക്കു പൊതുവായ ഒരു കാഴ്ചയേ ഉള്ളൂ. ടിവിക്കു മുന്നില്‍ റിമോട്ടില്‍ ചാനലുകള്‍ തവളച്ചാട്ടംപോലെ മാറ്റിമാറ്റി കളിക്കുന്ന കാഴ്ച. ആറുമണി കഴിഞ്ഞാല്‍ കേരളത്തിലെ പല വീടുകളിലും ഇപ്പോള്‍ മിണ്ടാട്ടമില്ല. മിണ്ടുന്നത് ടിവി മാത്രമാണ്. ആരെങ്കിലും ഒരു വായുഗുളിക ചോദിച്ചാല്‍ പരസ്യത്തിന്‍റെ ഇടവേള വരുന്നതുവരെ കാത്തിരിക്കണം. കുടുംബാംഗങ്ങള്‍ തമ്മില്‍ സംസാരിക്കാനുള്ള സമയം അപഹരിക്കുന്ന തരത്തിലാവരുത് ഒരു ആസ്വാദനവും. അതു കുടുംബബന്ധത്തിന്‍റെ ഇഴയടുപ്പം കുറയ്ക്കും. - മൗനത്തിന്‍റെ കുടുംബം
പരസ്പരം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ദമ്പതികള്‍ ജീവിക്കുന്ന കുടുംബം സെമിത്തേരിയാണ്. അവരുടെ ബഡ്റൂം മോര്‍ച്ചറിക്കു തുല്യമാണ്. കിടക്ക ശവപ്പെട്ടിയും. സുഹൃത്തുക്കളെ കാണുമ്പോള്‍ ഇതേ ആളുകള്‍ ഒരു മിനിറ്റുപോലും മിണ്ടാതിരിക്കുകയില്ല. കേരളത്തിലെ പല കുടുംബങ്ങളിലെയും പ്രധാന ചര്‍ച്ചാവിഷയം കാലാവസ്ഥയാണ്. ഭര്‍ത്താവ് പറയും, ‘ഇന്നു മഴ പെയ്യുമായിരിക്കും’ ‘ഓ… പെയ്യുവായിരിക്കും’ ഭാര്യയുടെ മറുപടി.
കാലാവസ്ഥ ഇല്ലെങ്കില്‍ വിഷയദാരിദ്ര്യം വരുന്ന അവസ്ഥയാണു പലര്‍ക്കും. ഈ രീതിയിലേക്ക് നിങ്ങളുടെ കുടുംബത്തെ നയിക്കരുത്. പിണങ്ങി, മിണ്ടാതിരിക്കലാണു പല കുടുംബങ്ങളിലെയും പ്രധാന പ്രതിഷേധപരിപാടി. പിണക്കപരിപാടിയില്‍ നഷ്ടം കൂടുതല്‍ ആണുങ്ങള്‍ക്കാണ്. കാരണം, സ്വന്തം കാര്യം സ്വയം ചെയ്യാനുള്ള കഴിവോ താല്‍പര്യമോ സ്ത്രീകളെ അപേക്ഷിച്ചു നമ്മുടെ നാട്ടിലെ ആണുങ്ങള്‍ക്കില്ല.
ഒരിക്കല്‍ ഇങ്ങനെ പിണങ്ങിയിരുന്ന ഒരു ഭര്‍ത്താവിന് ഒരു അബദ്ധം പറ്റി. അയാള്‍ക്ക് കോട്ടയത്തുനിന്നു കോഴിക്കോടുവരെ പോണം. രാവിലെ അഞ്ചരയ്ക്ക് എഴുന്നേല്ക്കണം. ഭാര്യയോട് അങ്ങോട്ടുചെന്ന് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ മടി. അയാള്‍ ഒരു കത്തെഴുതി ഭാര്യ കാണ്‍കെ വച്ചു. ‘എത്രയായാലും നീ എന്‍റെ തങ്കമല്ലേ. എനിക്കു നാളെ കോഴിക്കോടുവരെ പോണം. രാവിലെ അഞ്ചരമണിയാകുമ്പോള്‍ എന്നെ വിളിക്കണം. പോയ് വരുമ്പോള്‍ ഞാന്‍ നിനക്കേറ്റവും ഇഷ്ടമുള്ള കോഴിക്കോടന്‍ ഹല്‍വ കൊണ്ടുവരാം.’
ഭാര്യ കത്തെടുത്തു വായിക്കുന്നതു കണ്ട സമാധാനത്തോടെ ഭര്‍ത്താവ് ഉറങ്ങി. രാവിലെ ഉണര്‍ത്തിയതു ഭാര്യയല്ല. സൂര്യനാണ്. ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം ഒമ്പതര. കട്ടിലിനു താഴേക്കു നോക്കി. ഒരു ഗ്ലാസ്സ് കട്ടന്‍കാപ്പി തണുത്തിരിക്കുന്നു. ഒപ്പം ഒരു കത്തും. ‘ചേട്ടാ… ചേട്ടാ… എഴുന്നേല്ക്ക്… ചേട്ടാ… നേരം അഞ്ചരയായി.’
ഇതുപോലെ വൈരാഗ്യബുദ്ധിയോടും വാശിയോടുംകൂടി പ്രവര്‍ത്തിക്കുന്നവരാകരുത് ദമ്പതികള്‍. അഭിപ്രായഭിന്നതകള്‍ ഉണ്ടാകാം. അതു പരിഹരിക്കാന്‍ ഏറ്റവും ആദ്യം കിട്ടുന്ന അവസരംതന്നെ പ്രയോജനപ്പെടുത്താം. - നരകമാകുന്ന കുടുംബം
പരസ്പരം സംസാരിക്കുന്നതുപോലെതന്നെ പ്രധാനമാണ് പരസ്പരം കേള്‍ക്കാനുള്ള ക്ഷമയും. ഒരാള്‍ പറയുന്നത് കേള്‍ക്കാന്‍ മറ്റൊരാള്‍ക്കു ക്ഷമയില്ലെങ്കില്‍ കുടുംബം നരകമാകും. പറഞ്ഞു തോല്‍പ്പിക്കാന്‍ പരസ്പരം ശ്രമിച്ചാല്‍ നല്ല കുടുംബം അകലെയാകും. നരകം ബാക്കിയാകും. - ചന്തയായ കുടുംബം
ചില വീടുകളിലേക്കു കയറിച്ചെന്നാല്‍ അതൊരു ചന്തയാണെന്നു തോന്നും. സ്നേഹിച്ചിരിക്കുമ്പോള്‍ ഭര്‍ത്താവ് ഡോസ് കുറച്ച് ഭാര്യയെ ചീത്ത വിളിക്കും. ദേഷ്യം വരുമ്പോള്‍ അറിയാതെ ഡോസ് കൂടും. ഇതു കേട്ടിരിക്കുന്ന പിള്ളേര്‍ അത് പഠിക്കും. ദേഷ്യം വരുമ്പോഴും വരാത്തപ്പോഴും ഡോസ് കൂട്ടി തന്നെ വിളിച്ചു നടക്കും. മാതാപിതാക്കള്‍ തമാശയ്ക്കുപോലും സഭ്യമല്ലാത്ത വാക്കുകള്‍ വീട്ടില്‍ ഉപയോഗിക്കരുത്. - വിദ്യാലയമായ കുടുംബം
ഇതുവരെ പറഞ്ഞ ഏഴുതരം ദുര്‍ഗുണങ്ങളും ഒഴിവാക്കി ജീവിക്കുന്നവരുണ്ട്. അത്തരം കുടുംബങ്ങള്‍ വിദ്യാലയങ്ങളാണ്. സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കു പാഠമാക്കുന്നവര്‍. അങ്ങനെയുള്ള ദമ്പതികളെ കാണുമ്പോള്‍ മറ്റുള്ളവര്‍ പറയും, ‘കണ്ടോ… അവരെ കണ്ടു പഠിക്കണം’ സമൂഹം കണ്ടുപഠിക്കാന്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള മാതൃകാജീവിതം നയിക്കുന്ന ദമ്പതികളുടെ കുടുംബം ഒരു വിദ്യാലയമാണ്. - ദൈവാലയമാകുന്ന കുടുംബം
ഏറ്റവും അവസാനമായി നമ്മുടെ വീടുകള്‍ ദൈവാലയങ്ങളാകണം. കുടുംബം ഒരു ദൈവാലയം ആകണമെങ്കില്‍ അതു വിശുദ്ധമായ ഏഴു തൂണുകളില്‍ പണിയണം. തൂണുകള്‍ എന്ന് സൂചിപ്പിച്ചത് ഏഴു കാര്യങ്ങളാണ്. ‘സ’ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഏഴു കാര്യങ്ങള്‍. അവ താഴെപ്പറയുന്നവയാണ്:
സ്വാതന്ത്ര്യം: ഭര്‍ത്താവിനും ഭാര്യയ്ക്കും തമ്മില്‍ പരസ്പരം മറയ്ക്കാന്‍ ഒന്നുമുണ്ടാകരുത്. ഭാര്യ മറ്റൊരാളോടു സംസാരിക്കുന്നതു കണ്ടു ഭര്‍ത്താവുവരുന്നു. അവര്‍ ഉടനെ ഓടിയൊളിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം – അവര്‍ക്കിടയില്‍ സ്വാതന്ത്ര്യമില്ല. ഭയപ്പെടാതെയും ഒളിക്കാതെയും ഒരുമിച്ചു ജീവിക്കുന്ന ദാമ്പത്യത്തിലേ സ്വാതന്ത്ര്യം ഉണ്ടാകൂ.
സുരക്ഷിതത്വം : തനിക്കും മക്കള്‍ക്കും സ്നേഹത്തോടെയുള്ള സംരക്ഷണം ഉറപ്പുവരുത്തുവാന്‍ ഭര്‍ത്താവിനു കഴിഞ്ഞാല്‍ ഭാര്യ നിഴല്‍പ്പോലെ ഒപ്പം നില്‍ക്കും.
സാമീപ്യം: ചില ഭര്‍ത്താക്കന്മാര്‍ക്ക് ഒരു ധാരണയുണ്ട്. കുറേ പണവും സുഖസൗകര്യങ്ങളും കൊടുത്താല്‍ ഭാര്യ തൃപ്തയാകുമെന്ന്. ഒരിക്കല്‍ ഒരു സ്ത്രീ പറഞ്ഞു, ‘അച്ചോ… അങ്ങേര്‍ കല്യാണം കഴിച്ചത് എന്നെയല്ല, ഇരുപത്തഞ്ചേക്കര്‍ റബര്‍ത്തോട്ടത്തെയും ഒരു മാരുതിക്കാറിനെയുമാണ്.’ ഇങ്ങനെ പണത്തെ സ്നേഹിച്ചു സാമീപ്യത്തിന്‍റെ സുഖം കളയരുത്. ഭാര്യയെ കേള്‍ക്കുന്ന ഭര്‍ത്താവാകുക. അല്ലാതെ റേഡിയോപോലെ, ‘എല്ലാം അങ്ങോട്ടും പറയും, കേട്ടാല്‍ മതി, ഇങ്ങോട്ടൊന്നും പറയേണ്ട’ എന്ന നയം വേണ്ട.
സംതൃപ്തി: നല്ല തൃപ്തിയോടെ ജീവിക്കുന്നവരുടെ മുഖം കാണുമ്പോഴേ അറിയാം. സംശയവും വെറുപ്പും ഒഴിവാകുമ്പോള്‍ ജീവിതത്തില്‍ സംതൃപ്തിയുടെ പ്രകാശം പരക്കും.
സമര്‍പ്പണംڈ: സാമ്പത്തികം, ആത്മീയം, ലൈംഗികം ഈ മൂന്നു കാര്യങ്ങളിലും ദമ്പതികള്‍ പരസ്പരം സമര്‍പ്പിച്ചുവേണം ജീവിക്കുവാന്‍. സാമ്പത്തികകാര്യങ്ങള്‍ ഇരുവരും അറിഞ്ഞിരിക്കണം. പങ്കാളിയെ മറച്ച് ഒരു പണമിടപാടും ഉണ്ടാകരുത്.
ദാമ്പത്യത്തില്‍ ലൈംഗികസമര്‍പ്പണത്തിന് വലിയ പ്രാധാന്യമുണ്ട്. ചില ഭാര്യമാരുണ്ട്. വലിയ ഭക്തിക്കാരായിരിക്കും. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ചവരെ ഓരോ ദൈവങ്ങളുടെ പേരുപറഞ്ഞ് പ്രാര്‍ത്ഥനയുമായി ഇരിക്കും. ഞായറാഴ്ച പ്രണയപൂര്‍വ്വം അടുത്തു ചെല്ലുന്ന ഭര്‍ത്താവിനോടു പറയും, ‘അയ്യോ, ഇന്നു ഞായറാഴ്ചയല്ലേ… അവധി ദിവസമല്ലേ…’ ഭര്‍ത്താവിനുവേണ്ടി അവര്‍ക്ക് ഒരു ദിവസം ഉണ്ടാവില്ല. ദാമ്പത്യത്തില്‍ ലൈംഗികസമര്‍പ്പണത്തിനുള്ള സ്ഥാനം മനസ്സിലാക്കാത്തവരാണിവര്‍.
സമാധാനം: കുടുംബത്തില്‍ സമാധാനം ഉണ്ടായാലേ കുട്ടികള്‍ ശരിയായ ദിശയില്‍ വളരൂ. അച്ഛനും അമ്മയും, കീരിയും പാമ്പും പോലെ കഴിയുന്ന വീട്ടിലെ കുട്ടികള്‍ക്ക് പെരുമാറ്റവൈകല്യങ്ങള്‍വരെ സംഭവിക്കാം. കുടുംബസമാധാനത്തിനു തുരങ്കം വയ്ക്കുന്ന നടപടികള്‍ പരസ്പരം ഒഴിവാക്കുക.
സ്നേഹം: പ്രകടിപ്പിക്കാത്ത സ്നേഹം കല്‍ച്ചീളുപോലെയാണ്. അതിനു ഒരു വിലയുമില്ല. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ അഞ്ചുഭാഷകള്‍ ഒരുവന് അറിയാം. പക്ഷേ, ആള്‍ വാ തുറന്നൊരു വാക്കു മിണ്ടില്ലെങ്കിലോ? എന്തു പ്രയോജനം? സ്നേഹവും ഇതുപോലെയാണ്. പ്രകടിപ്പിച്ചില്ലെങ്കില്‍ ഒരു പ്രയോജനവുമില്ല. സംസാരിക്കുന്നതും സമ്മാനം കൊടുക്കുന്നതും പരിഗണന കൊടുക്കുന്നതും ഇഷ്ടം മനസ്സിലാക്കി പെരുമാറുന്നതും എല്ലാം സ്നേഹം പ്രകടിപ്പിക്കാനുള്ള വഴികളാണ്.
ഈ ഏഴു തൂണുകളില്‍ കുടുംബം പണിതാല്‍ നിങ്ങളുടെ കുടുംബവും ദൈവാലയമാകും. ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍ ദമ്പതികള്‍ക്കു സാധിക്കും.

