കുതിച്ച് യുഡിഎഫ് കിതച്ച് എൽഡിഎഫ്; ഒടുവിൽ കേരളത്തിൽ താമര വിരിയുന്നു..

കേരളത്തില്‍ യുഡിഎഫ് തരംഗമാണ് അലയടിക്കുന്നത്. കടുത്ത മത്സരം പ്രതീക്ഷിച്ച മണ്ഡലങ്ങളില്‍ പോലും വ്യക്തമായ ഭൂരിപക്ഷവുമായാണ് യുഡിഎഫ് മുന്നേറുന്നത്.

18 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. എന്നാല്‍ ഇടത് മുന്നണി ആലത്തൂർ മണ്ഡലത്തില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. തൃശ്ശൂരില്‍ എൻഡിഎ സ്ഥാനാർഥിയും മുന്നിട്ട് നില്‍ക്കുന്നു.തുടക്കം മുതല്‍ ലീഡ് നില ഉയർത്തിയാണ് തൃശൂരില്‍ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപി മുന്നേറുന്നത്. ഇതേ രീതിയില്‍ തുടർന്നാല്‍ തൃശൂരില്‍ സുരേഷ് ഗോപിക്ക് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാനാകും. അതേസമയം തിരുവനന്തപുരത്ത് തുടക്കം മുതല്‍ എൻഡിഎ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖറും സിറ്റിങ് എംപി ശശി തരൂരും മാറി മാറി ലീഡ് ഉയർത്തുന്ന കാഴ്ചയായിരുന്നു കണ്ടത്. എന്നാല്‍ പിന്നീട് ശശി തരൂർ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയായിരുന്നു.ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പത്തനംതിട്ടയിൽ ആന്റോ ആന്റണിയും മുന്നിലാണ്. കൊല്ലത്ത് വ്യക്തമായ ലീഡോ‍‍ടെ എൻ കെ പ്രേമചന്ദ്രൻ മുന്നിലാണ്. ആലപ്പുഴയില്‍ കെ സി വേണുഗോപാലും കോട്ടയത്ത് ഫ്രാൻസിസ് ജോർജും മുന്നിട്ട് നില്‍ക്കുന്നു. ഇടുക്കിയില്‍ ഡീൻ കുര്യാക്കോസ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. എറണാകുളത്ത് ഹൈബി ഈഡൻ, ചാലക്കുടിയില്‍ ബെന്നി ബെഹ്നാനും പൊന്നാനിയില്‍ ഡോ. അബ്ദുള്‍ സമദ് സമദാനിയും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും വലിയ മുന്നേറ്റമാണ് നടത്തുന്നത്. മലപ്പുറം മുസ്ലിം ലീഗിന്റെ കോട്ടയാണെന്ന് ആവർ‌ത്തിക്കുന്നതാണ് ഇരു മണ്ഡലത്തിലേയും സ്ഥാനാർത്ഥികളുടെ മുന്നേറ്റം.പാലക്കാട് വി കെ ശ്രീകണ്ഠൻ, കോഴിക്കോട് എം കെ രാഘവൻ, വടകരയില്‍ ഷാഫി പറമ്ബില്‍, കണ്ണൂരില്‍ കെ സുധാകരൻ, കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ‌ മുന്നിലാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി 3 ലക്ഷത്തിന് മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്.