പ്രൊഫ റോണി കെ ബേബി,
രാഷ്ട്രതന്ത്രശാസ്ത്ര വിഭാഗം,
എസ്.ഡി. കോളേജ് കാഞ്ഞിരപ്പള്ളി
പശ്ചിമഘട്ടമലനിരകള്‍ക്ക് ഒന്‍പത് കോടി വര്‍ഷത്തെ ചരിത്രമുണ്ട് എന്നാണ് ഭൗമശാസ്ത്രജ്ഞന്മാര്‍ അനുമാനിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്ന് മെഡഗാസ്കര്‍ ദ്വീപ് വേര്‍തിരിഞ്ഞതിനെത്തുടര്‍ന്ന് ഉണ്ടായ സമ്മര്‍ദ്ദഫലമായി പശ്ചിമതീരത്തിന് സമാന്തരമായി ഉയര്‍ന്നുവന്ന മലനിരകളാണ് പശ്ചിമഘട്ടമെന്ന് ഭൗമശാസ്ത്രജ്ഞന്മാര്‍ വിശ്വസിക്കുന്നു. പശ്ചിമഘട്ടമലനിരകളുടെ മൊത്തം വിസ്തീര്‍ണമായി കണക്കാക്കിയിരിക്കുന്നത് 129037 ചതുരശ്ര കിലോമീറ്ററും മൊത്തം നീളം 1490 കിലോമീറ്ററുമാണ്.
പശ്ചിമഘട്ടത്തിന്‍റെ പ്രാധാന്യം
ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലില്‍നിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിര്‍ത്തി ദക്ഷിണേന്ത്യയിലെ വലിയ ഭൂമികയില്‍ മഴ പെയ്യിക്കുന്നതില്‍ പശ്ചിമഘട്ടത്തിന്‍റെ സാന്നിധ്യം അനിവാര്യമാണ്. ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സ് പശ്ചിമഘട്ടമാണ്. കേരളത്തില്‍ മാത്രം 44 നദികള്‍ പശ്ചിമഘട്ടമലനിരകളില്‍നിന്നും ഉദ്ഭവിക്കുന്നു. കൂടാതെ ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന നദികളായ കൃഷ്ണ, ഗോദാവരി, കാവേരി, നേത്രാവതി, വൈഗ തുടങ്ങിയവയും ഉദ്ഭവിക്കുന്നത് ഇവിടെനിന്നും തന്നെയാണ്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടുകിടക്കുന്ന ആറു സംസ്ഥാനങ്ങളിലെ 25 കോടിയോളം ജനങ്ങളുടെ മുഖ്യ ജീവജലസ്രോതസ്സ് ഈ നദികളാണ് എന്ന് വിദഗ്ദ്ധര്‍ അനുമാനിക്കുന്നു. പശ്ചിമഘട്ടത്തില്‍ അധിവസിക്കുന്ന ഏകദേശം അഞ്ചു കോടിയോളം വരുന്ന ജനങ്ങളുടെയും ഒട്ടേറെ അപൂര്‍വ ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥ ഈ മലനിരകളുമായി ബന്ധപ്പെട്ടതാണ്.
വിവിധ സംസ്ഥാനങ്ങളിലായി 200 അണക്കെട്ടുകളാണ് പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിക്കുന്ന നദികളിലുള്ളത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആകെ വൈദ്യുതി ഉത്പാദനത്തില്‍ 60 ശതമാനവും ഈ അണക്കെട്ടുകളില്‍നിന്നാണ്. കൂടാതെ ആകെ കൃഷിഭൂമിയുടെ 70 ശതമാനത്തിലധികവും ജലസേചനം നടത്തുന്നതും ഈ നദികള്‍ ഉപയോഗപ്പെടുത്തിയാണ്. വലിയ സാമ്പത്തിക പ്രാധാന്യവും പശ്ചിമഘട്ടമലനിരകള്‍ക്കുണ്ട്. ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഇരുമ്പയിരില്‍ മൂന്നില്‍ രണ്ടു ഭാഗവും ഖനനം ചെയ്തെടുക്കുന്നത്കര്‍ണാടകയിലേയും ഗോവയിലേയും പശ്ചിമഘട്ടഭാഗങ്ങളില്‍ നിന്നാണ്. ഇവകൂടാതെ വന്‍തോതില്‍ മാംഗനീസ്, ബോക്സൈറ്റ് മുതലായവയും ഇവിടെനിന്നും ഖനനം ചെയ്യുന്നു.
ഇനി കേരളത്തിലെ കാര്യം മാത്രം എടുക്കുകയാണെങ്കില്‍ പശ്ചിമഘട്ടത്തിലെ കേരളം ഉള്‍പ്പെടുന്ന ഭാഗത്തെ സഹ്യാദ്രി എന്നാണു വിശേഷിപ്പിക്കുന്നത്. പശ്ചിമഘട്ടമലനിരകളില്‍ 450 കിലോമീറ്ററാണ് കേരളത്തില്‍ ഉള്ളത് (പശ്ചിമഘട്ടത്തിന്‍റെ ആകെ വിസ്തൃതിയുടെ 28.12%) ഇത് കേരളത്തിന്‍റെ 72 ശതമാനം ഭൂപ്രദേശവും 50 ശതമാനം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നു. കേരളത്തിലെ മൂന്നു കോടിയോളം ജനങ്ങളുടെയും ജീവിതത്തെ നേരിട്ടുതന്നെ സ്വാധീനിക്കുന്ന ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടമലനിരകള്‍.
പശ്ചിമഘട്ടത്തിലെ പാരിസ്ഥിതികപ്രശ്നങ്ങള്‍
2013 ല്‍ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ് പുറത്തുവിട്ട ഒരു കണക്കുപ്രകാരം വിവിധ വര്‍ഷങ്ങളില്‍ പശ്ചിമഘട്ടത്തിലെ വനഭൂമിയുടെ തോത് (വിസ്തീര്‍ണം ചതുരശ്ര കിലോമീറ്ററില്‍) 1920 95,446 (73.1%), 1975 63,123 (48.4%), 1985 62,286 (47.7%), 1995 61,551 (47.2%), 2005 61,511 (47.1%), 2013 61,511 (47.1%). ഏറ്റവും അധികം വനനശീകരണം പശ്ചിമഘട്ടത്തില്‍ ഉണ്ടായിട്ടുള്ളത് 1920 മുതല്‍ 1975 വരെയുള്ള വര്‍ഷങ്ങളിലാണ്. ഈ കാലയളവില്‍ പശ്ചിമഘട്ടത്തിലെ 35.3 ശതമാനത്തോളം (33,579 ചതുരശ്ര കിലോമീറ്റര്‍) വനഭൂമിയും നഷ്ടപ്പെട്ടതായി കാണാം. കഴിഞ്ഞ നാല് പതിറ്റാണ്ടായി വനഭൂമിയുടെ നഷ്ടം വെറും ഒരു ശതമാനം മാത്രമാണ്. അവശേഷിക്കുന്ന പശ്ചിമഘട്ടഭൂമിയില്‍ 23,857 ചതുരശ്ര കിലോമീറ്റര്‍ (18.3%) വന്‍കിട തോട്ടങ്ങളും 26,365 ചതുരശ്ര കിലോമീറ്റര്‍ (20.2%) ചെറുകിട കൃഷിഭൂമികളുമാണ്. ദേശീയ വനനയപ്രകാരം പര്‍വ്വതമേഖലകളില്‍ 60 ശതമാനം വനമായിരിക്കണം. എന്നാല്‍ പശ്ചിമഘട്ടത്തില്‍ ഇന്ന് 50 ശതമാനത്തിലും താഴെ വനം മാത്രമേ മുകളില്‍ നല്‍കിയിരിക്കുന്ന കണക്കുകള്‍ പ്രകാരം നിലവിലുള്ളൂ. ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍റെ ഹൈദരാബാദിലുള്ള നാഷണല്‍ റിമോട്ട് സെസിങ് സെന്‍റര്‍ 2016 ല്‍ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ 90 (1920-2016) വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിലെ വനഭൂമിയുടെ 62.7 % നഷ്ടപ്പെട്ടതായി കണക്കുകള്‍ പറയുന്നു. ഗുജറാത്ത് 34.9%, കര്‍ണാടക 27.1%, ഗോവ 26.3 %, മഹാരാഷ്ട്ര 21.6% , തമിഴ്നാട് 15.2 % എന്നീ ക്രമത്തില്‍ വനഭൂമി നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട വനഭൂമിയില്‍ 17,239 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം വന്‍കിട തോട്ടങ്ങളായും 1,057 ചതുരശ്ര കിലോമീറ്റര്‍ വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്ക് വേണ്ടിയും മാറ്റപ്പെട്ടു. ആരാണ് ഇതിന് ഉത്തരവാദികള്‍?
പരിസ്ഥിതി നശീകരണത്തിന്‍റെ യഥാര്‍ത്ഥ ഉത്തരവാദി പാറമടകള്‍
പശ്ചിമഘട്ടമലനിരകളിലെ പാരിസ്ഥിതികപ്രശ്നങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഉത്തരവാദി തലങ്ങും വിലങ്ങും പ്രവര്‍ത്തിക്കുന്ന പാറമടകളാണ് എന്നത് നഗ്നമായ യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങളെയും, വനം പരിസ്ഥിതി നിയമങ്ങളെയും, ഖനന നിയമങ്ങളെയും കാറ്റില്‍പറത്തിക്കൊണ്ട് പശ്ചിമഘട്ടത്തിലെ ഭൂമിയുടെ എല്ലാ രൂപങ്ങളും ഇന്ന് പാറമട, റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. വന്‍കിട റിസോര്‍ട്ട് മുതലാളിമാരും ഖനന മാഫിയകളും പശ്ചിമഘട്ടത്തിലെ പ്രകൃതിയെ നശിപ്പിച്ച് സമ്പത്ത് കുന്നുകൂട്ടുമ്പോള്‍ സാധാരണ കൃഷിക്കാരന്‍റെ ജീവിതം പ്രകൃതി ക്ഷോഭങ്ങളില്‍പെട്ട് അത്യന്തം ദുസ്സഹമാവുകയാണ്. ഏഴായിരത്തോളം അനധികൃത പാറമടകള്‍ ഇന്ന്. പശ്ചിമഘട്ട മലനിരകളില്‍ കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. കരിങ്കല്‍ ഖനനരംഗത്ത് നിലനില്‍ക്കുന്ന എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തിക്കൊണ്ടാണ് കഴിഞ്ഞ രണ്ടര വര്‍ഷക്കാലംകൊണ്ട് മാത്രം 2146 പാറമടകള്‍ക്ക് കേരളത്തില്‍ അനുമതി കൊടുത്തത് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഈ സര്‍ക്കാരിന്‍റെ കാലത്താണ് ജനവാസകേന്ദ്രങ്ങളില്‍നിന്നും വെറും അന്‍പതു മീറ്റര്‍ ദൂരപരിധിക്ക് പുറത്തുപോലും പാറമടകള്‍ ആകാം എന്ന നിയമങ്ങള്‍ വന്നത്.
കേരളം മുഴുവന്‍ കത്തിച്ച് ചാമ്പലാക്കാന്‍ ശേഷിയുള്ള അത്രയും അളവിലുള്ള സ്ഫോടകവസ്തുക്കളാണ് സംസ്ഥാനത്തെ പാറമടകളില്‍ ശേഖരിച്ചിരിക്കുന്നത് എന്നാണ് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍റെ (പി.ഇ.എസ്.ഒ) രേഖകള്‍ പറയുന്നത്. ഇവരുടെ കണക്കുകള്‍ പ്രകാരം കേരളത്തിലെ അംഗീകൃത പാറമടകളില്‍ ഒരു സമയം സൂക്ഷിക്കാവുന്നത് 1,23,000 കിലോ സ്ഫോടകവസ്തുക്കളാണെങ്കിലും യഥാര്‍ഥ കണക്ക്ഇതിന്‍റെ പത്തിരട്ടിയിലധികം വരും. നിയമപ്രകാരം പാറഖനനത്തിന് നൈട്രേറ്റ് മിക്സ്ചര്‍ മാത്രമേ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍, ഇത് ആരുംതന്നെ പാലിക്കുന്നില്ലെന്ന് പി.ഇ.എസ്.ഒ. അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നിരോധിക്കപ്പെട്ട അമോണിയം നൈട്രേറ്റാണു പല വന്‍കിട ക്വാറികളിലും ഉപയോഗിക്കുന്നത്. ഈ പാറമടകളിലെ സ്ഫോടനം മൂലം പശ്ചിമഘട്ട മലനിരകളില്‍ ഉണ്ടാകുന്ന പ്രകമ്പനങ്ങള്‍ വ്യാപക പരിസ്ഥിതി നാശങ്ങള്‍ക്കും, ഭൂമിയുടെയും മണ്ണിന്‍റെയും ഘടനയ്ക്കും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. പശ്ചിമഘട്ട മലനിരകളിലെ വ്യാപക മണ്ണിടിച്ചിലിനും, ഉരുളു പൊട്ടലിനും ഉള്ള പ്രധാന കാരണം ഇതുതന്നെയാണ്.
പശ്ചിമഘട്ടത്തിലെ കര്‍ഷകരെ പഴിചാരി രക്ഷപെടുന്ന മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്. അവര്‍ പശ്ചിമഘട്ടത്തിലെ മലകള്‍ ഇടിച്ചുനിരത്തി കേരളത്തിലെ നെല്‍പ്പാടങ്ങളും, തണ്ണീര്‍തടങ്ങളും മണ്ണിട്ടുനികത്തി ശതകോടികള്‍ സമ്പാദിച്ച റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ആണ്. രണ്ടായിരത്തി പതിനൊന്നിലെ കണക്കനുസരിച്ച് കേരളത്തില്‍ 2,13,157 ഹെക്ടര്‍ നെല്‍വയലുകള്‍ ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് മാത്രം കേരളത്തിലെ ഒന്നേകാല്‍ ലക്ഷം ഹെക്റ്റര്‍ പാടശേഖരം നികത്തപ്പെട്ടു. കഴിഞ്ഞ നൂറ് വര്‍ഷം കൊണ്ട് നികത്തപ്പെട്ടതിന്‍റെ ഇരട്ടി വരും ഇത്. കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തിനിടയില്‍ മാത്രം നെല്‍വയല്‍ തണ്ണീര്‍തട നിയമത്തെ അപ്രസക്തമാക്കിക്കൊണ്ട് 20,000 ഹെക്ടറോളം വയലുകളാണ് ഭൂമാഫിയകള്‍ വിവിധ പദ്ധതികളുടെ പേരില്‍ നികത്തിയെടുത്തത്. ഇതു നികത്തുന്നതിനുള്ള മണ്ണ് മുഴുവന്‍ വന്നത് പശ്ചിമഘട്ടത്തിലെ മലനിരകള്‍ ഇടിച്ചുനിരപ്പാക്കിയാണ്. ഇന്ന് പശ്ചിമഘട്ടം അതിജീവനത്തിനു വേണ്ടി തത്രപ്പെടുമ്പോള്‍ വലിയ യന്ത്രക്കൈകള്‍കൊണ്ട് മലനിരകളും കുന്നുകളും ഇടിച്ചുനിരത്തിയ ഭൂമാഫിയകള്‍ എല്ലാ വീഴ്ച്ചകളും കര്‍ഷകരുടെ തലയില്‍ കെട്ടിവെച്ച് നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നത് കടുത്ത അനീതിയാണ്.
പറയൂ ആരാണ് പശ്ചിമഘട്ടത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണക്കാര്‍?
ഇനി പറയൂ ആരാണ് യഥാര്‍ത്ഥത്തില്‍ പശ്ചിമഘട്ടത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണക്കാര്‍ ? മുഖ്യധാരാ മാധ്യമങ്ങളും, പരിസ്ഥിതി മൗലികവാദികളും, നിഷ്പക്ഷരാണ് എന്ന് മേനി നടിക്കുന്ന ആക്റ്റിവിസ്റ്റുകളും, ഹരിത രാഷ്ട്രീയക്കാരും എല്ലാവരും ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത ഒരു പുകമറയുണ്ട്. നിലനില്‍പ്പിനുവേണ്ടി, അതിജീവനത്തിനുവേണ്ടി ഒരു തുണ്ടു ഭൂമിയില്‍ ചോര നീരാക്കി ജീവിതകാലം മുഴുവന്‍ പണിയെടുക്കുന്ന പാവപ്പെട്ട കര്‍ഷകരാണത്രെ പശ്ചിമഘട്ടത്തിന്‍റെ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് കാരണം. ആഗോളതാപനം വന്നാലും, വിളനാശം വന്നാലും, പ്രകൃതിദുരന്തം വന്നാലും, വിളകള്‍ക്ക് വിലത്തകര്‍ച്ച വന്നാലും എന്നും ഇരകള്‍ പാവപ്പെട്ട കര്‍ഷകര്‍ മാത്രം. അവനുവേണ്ടി സംസാരിക്കാന്‍ സംഘടിത രാഷ്ട്രീയപാര്‍ട്ടികള്‍ ഇല്ല, ആക്റ്റിവിസ്റ്റുകള്‍ ഇല്ല, പ്രസ്ഥാനങ്ങള്‍ ഇല്ല.
പരിസ്ഥിതി വാദത്തിനും ഒരുപക്ഷേ മൗലികവാദത്തിനും വളക്കൂറുള്ള ആധുനിക വികസന കാഴ്ചപ്പാടുകളിലെല്ലാം മുന്‍വിധികളോടെ പ്രതിസ്ഥാനത്തു നിര്‍ത്തപ്പെടുന്നത് എന്നും പാവപ്പെട്ട കൃഷിക്കാര്‍ മാത്രം. വന്‍കിട കയ്യേറ്റക്കാരായ ബ്രിട്ടീഷ് പ്ലാന്‍റേഷന്‍ കമ്പനികളും, സര്‍ക്കാരിന്‍റെ തലതിരിഞ്ഞ നയസമീപനങ്ങളും, ക്വാറി – റിസോര്‍ട്ട് – റിയല്‍ എസ്റ്റേറ്റ് മാഫിയകളും ചവിട്ടിമെതിച്ച പശ്ചിമഘട്ടത്തിന്‍റെ തകര്‍ച്ചയുടെ മുഴുവന്‍ പാപഭാരവും ഇന്നു പേറുന്നത് പാവപ്പെട്ട കര്‍ഷകര്‍ മാത്രം. പശ്ചിമഘട്ടത്തിന്‍റെ ആവാസവ്യവസ്ഥ ഈ രീതിയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ല എന്നും, പശ്ചിമഘട്ടത്തെ തകര്‍ത്തെറിഞ്ഞു നിര്‍ബാധം മുന്നോട്ടു പോകുന്ന പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നുമുള്ള ചിന്തകള്‍ കര്‍ഷകരുടെ ഇടയില്‍ തന്നെ ഉയരുമ്പോള്‍ അത്തരം ശബ്ദങ്ങള്‍ ഒന്നും പുറത്തുവരുന്നില്ല എന്ന് ഇത്തരം മാഫിയകള്‍ തന്നെ ഉറപ്പുവരുത്തുന്നു. പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും കപട കര്‍ഷകസ്നേഹത്തിന്‍റെ പേരു പറഞ്ഞുകൊണ്ട് അട്ടിമറിക്കാന്‍ ഈ മാഫിയകള്‍ ശ്രമിക്കുകയാണ്. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ഏതു സത്യസന്ധമായ പഠനങ്ങളും, വിലയിരുത്തലുകളും ആത്യന്തികമായി പ്രതിസ്ഥാനത്തു നിര്‍ത്തുക തങ്ങളെ ആണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞുകൊണ്ട് അതിനെ അട്ടിമറിക്കാന്‍ വളരെ ബോധപൂര്‍വ്വം പടച്ചുവിടുന്നവയാണ് കര്‍ഷകസ്നേഹത്തിന്‍റെ ഈ കള്ളക്കഥകള്‍.
തലമുറകളായി പശ്ചിമഘട്ട മലനിരകളില്‍ പ്രകൃതിയും പരിസ്ഥിതിയും ആവാസവ്യവസ്ഥയുമായി സഹവര്‍ത്തിത്വത്തോടെ സഹവസിക്കുന്ന കര്‍ഷകന് അതു സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചു വളരെ നല്ല ബോധ്യമുണ്ടെങ്കിലും വളരെ ചുരുങ്ങിയ സമയംകൊണ്ട് വലിയ തോതിലുള്ള പ്രകൃതി ചൂഷണത്തിലൂടെ കഴിവതും ലാഭം സമ്പാദിക്കുക എന്ന ഏക ലക്ഷ്യം മാത്രമേ ഇത്തരം മാഫിയകള്‍ക്കുള്ളു. ഇവരുടെ നിയമവിരുദ്ധപ്രവത്തനങ്ങള്‍ക്ക് രാഷ്ട്രീയ ഉദ്യോഗസ്ഥ മേലാളന്മാര്‍ കുടപിടിക്കുമ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ലാഭമെന്ന ഏക ലക്ഷ്യവുമായി ഒരു ധാര്‍മ്മികതയുമില്ലാതെ, പ്രകൃതിസ്നേഹത്തിന്‍റെ ഒരു ലാഞ്ചന പോലും ഇല്ലാതെ പശ്ചിമഘട്ടത്തെ നിര്‍ബാധം കശക്കി എറിയുകയാണ്. സ്വന്തം താല്പര്യസംരക്ഷണത്തിനു വേണ്ടി എന്തും ചെയ്യാന്‍ കെല്‍പ്പുള്ള ഇത്തരം ലോബികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണ്. മലയോരങ്ങളിലെ കര്‍ഷകര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായ നിലപാടുകള്‍ സ്വീകരിക്കുന്ന കത്തോലിക്കാ സഭപോലും ഇന്ന് പരിസ്ഥിതി വിരുദ്ധരെന്നും മാഫിയയുടെ പിണിയാളുകള്‍ എന്നും പൊതുസമൂഹത്തിനുമുന്‍പില്‍ വിചാരണ ചെയ്യപ്പെടുകയാണ്.
പശ്ചിമഘട്ടസംരക്ഷണത്തിന് ഉയരട്ടെ കര്‍ഷകശബ്ദം
പശ്ചിമഘട്ടത്തിലെ ആവര്‍ത്തിക്കുന്ന ഓരോ പ്രകൃതി ദുരന്തവും കര്‍ഷകരെയും, സഭയേയും തെരുവില്‍ വിചാരണ ചെയ്യുന്നതിന് പരിസ്ഥിതി മൗലികവാദികളും, മുഖ്യധാരാ സാമൂഹികമാധ്യമങ്ങളും അവസരമാക്കുമ്പോള്‍ അതിനിടയിലൂടെ സമര്‍ത്ഥമായി രക്ഷപ്പെടുന്നത് പശ്ചിമഘട്ടത്തെ തകര്‍ത്തെറിഞ്ഞ ഇത്തരം നിക്ഷിപ്തതാല്പര്യക്കാരാണ്. പശ്ചിമഘട്ട ത്തെക്കുറിച്ചുള്ള ഒരു പഠനങ്ങളും, പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള ഒരു ബാഹ്യ ഇടപെടലുകളും ഇവര്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇവര്‍ക്ക് മറച്ചുവയ്ക്കാന്‍ ഏറെയുണ്ട്. മടിശ്ശീലയ്ക്ക് കനമുള്ളവനല്ലേ ഭയപ്പെടേണ്ടതുള്ളൂ. പശ്ചിമഘട്ടത്തിന്‍റെ പേരില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട, പഴി കേള്‍ക്കേണ്ടിവന്ന കര്‍ഷകരുടെ പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട ഉറച്ചതും സത്യസന്ധവുമായ നിലപാടുകള്‍ കേരളത്തിലെ പൊതുസമൂഹം ചര്‍ച്ച ചെയ്യണം. യഥാര്‍ത്ഥ കര്‍ഷകസ്നേഹികളെയും, കര്‍ഷകരുടെ പേരില്‍ സ്ഥാപിതതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരെയും കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയണം. കര്‍ഷകരെ ഇരകളാക്കിക്കൊണ്ട് പശ്ചിമഘട്ടത്തെ കൊള്ളയടിക്കുന്ന മൂലധന ശക്തികളെ ഒറ്റപ്പെടുത്തിക്കൊണ്ട്, യഥാര്‍ത്ഥ കര്‍ഷകരെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള ധീരമായ നടപടികള്‍ ഉണ്ടാകണം. നമ്മളോട് കാലഘട്ടം ആവശ്യപ്പെടുന്നത് അതാണ്. ഇനിയും നമ്മള്‍ അമാന്തിച്ചുനിന്നാല്‍ അതിന് ഭാവിയില്‍ കൊടുക്കേണ്ടിവരുന്ന വില വലുതായിരിക്കും.
പശ്ചിമഘട്ടത്തിലെ വന്‍കിട കയ്യേറ്റങ്ങള്‍
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പാദത്തോടെ പശ്ചിമഘട്ട മലനിരകളിലെ ഫലഭൂയിഷ്ടമായ ഭൂമി മുഴുവന്‍ വിദേശികളുടെ കീഴില്‍ വന്‍കിട തോട്ടങ്ങളായി മാറ്റപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. കേരളരൂപീകരണത്തിനുമുന്‍പ് തിരുവിതാംകൂറിലെ സാമന്ത രാജാക്കന്മാര്‍ക്ക് അവകാശമായി ലഭിച്ച 1,30,000 ഏക്കര്‍ ഭൂമി മുഴുവനായും തന്നെ വിദേശകമ്പനികളുടെ നിയന്ത്രണത്തില്‍ എത്തി. ഇതു മുഴുവനും തന്നെ പശ്ചിമഘട്ട മലനിരകളിലായിരുന്നു. 1928 ല്‍ യുണൈറ്റഡ് പ്ലാന്‍റേഷന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ പുറത്തിറക്കിയ പ്ലാന്‍റേഷന്‍ ഡയറക്ടറി പ്രകാരം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളിലായി 61 വന്‍കിട തോട്ടങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഡയറക്ടറിയിലെ വിവരങ്ങള്‍ പ്രകാരം ദക്ഷിണ ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകളില്‍ യുറോപ്യന്മാരുടെ നിയന്ത്രണത്തില്‍ 1928 ല്‍ തന്നെ 976 തോട്ടങ്ങള്‍ ഉണ്ടായിരുന്നു. തോട്ടം ആവശ്യങ്ങള്‍ക്കുവേണ്ടി അഞ്ചുലക്ഷത്തോളം ഏക്കര്‍ വനഭൂമി (2,74,926 ഏക്കര്‍ തോട്ടഭൂമിയും 2,36,649 ഏക്കര്‍ തോട്ടം ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള റിസര്‍വ് ഭൂമിയും) യൂറോപ്യന്മാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കമ്പനികളുടെ കൈവശം ഉണ്ടായിരുന്നതായി കണക്കുകള്‍ പറയുന്നു. ഇവിടെ തോട്ടങ്ങള്‍ക്കുവേണ്ടി വളരെ വ്യാപകമായി വനഭൂമി കയ്യേറി വെട്ടിനശിപ്പിച്ചിരുന്നു.
സ്വാതന്ത്ര്യത്തിനുശേഷം ഈ തോട്ടംഭൂമി മുഴുവന്‍ വന്‍കിട കുത്തകകളുടെ നിയന്ത്രണത്തില്‍ എത്തുകയായിരുന്നു. ബിനാമി പേരുകളില്‍ ഇപ്പോഴും ഈ തോട്ടങ്ങള്‍ നിയന്ത്രിക്കുന്നത് വിദേശകമ്പനികളാണ് എന്ന ഗുരുതരമായ കണ്ടെത്തലാണ് കേരള സര്‍ക്കാര്‍ നിയമിച്ച ഡോ.എം.ജി രാജമാണിക്യം ഐ.എ.എസ് നടത്തിയിരിക്കുന്നത്. കേരളത്തില്‍ മാത്രം ആകെ സര്‍ക്കാര്‍ റവന്യു ഭൂമിയുടെ 58 ശതമാനം (അഞ്ചുലക്ഷത്തി ഇരുപതിനായിരത്തോളം ഏക്കര്‍ സ്ഥലം) ഈ കമ്പനികളുടെ നിയന്ത്രണത്തിലാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കേരള ഭൂസംരക്ഷണ നിയമം, കേരള ഭൂപരിഷ്കരണ നിയമം, ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട്, വിദേശ നാണ്യ വിനിമയനിയമങ്ങള്‍ തുടങ്ങിയവ ലംഘിച്ചു പ്രവര്‍ത്തിക്കുന്ന ഇത്തരം തോട്ടങ്ങള്‍ക്കെതിരെ സി ബി ഐ , എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തുടങ്ങിയവ അടങ്ങിയ ഉന്നതതല അന്വേഷണമാണ് രാജമാണിക്യം കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഒരു നൂറ്റാണ്ടോളം ആയി പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതിക്കും, ആവാസവ്യവസ്ഥിതിക്കും കനത്ത ആഘാതം ഏല്‍പ്പിക്കുന്ന ഇത്തരം വന്‍കിട തോട്ടങ്ങളെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ എല്ലാ കുറ്റങ്ങളും പാവപ്പെട്ട കര്‍ഷകരുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നത് വളരെ ബോധപൂര്‍വ്വമായ അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സര്‍ക്കാര്‍ എന്ന വലിയ ഭൂമികയ്യേറ്റക്കാരന്‍
ഇതോടൊപ്പമാണ് പശ്ചിമഘട്ട മലനിരകളില്‍ സര്‍ക്കാര്‍ എന്ന വലിയ കയ്യേറ്റക്കാരന്‍റെ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തങ്ങള്‍ തിരിച്ചറിയേണ്ടത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ്, കേരള സര്‍ക്കാരിന് കീഴിലുള്ള പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍, സ്വകാര്യകുത്തകയായ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് തുടങ്ങിയ വന്‍കിട വ്യവസായസ്ഥാപനങ്ങള്‍ പശ്ചിമഘട്ടവനങ്ങളെ മാത്രം കൊള്ളയടിച്ച് തടിച്ചുകൊഴുത്തവയില്‍ ചിലത് മാത്രം ആണ്. 2001 ല്‍ പൂട്ടിപ്പോയ ബിര്‍ള ഗ്രൂപ്പിന്‍റെ മാവൂര്‍ ഗ്രാസിം റയോണ്‍സ് ടണ്ണിന് വെറും ഒരു രൂപ മാത്രം സര്‍ക്കാരിന് കൊടുത്താണ് മുള വാങ്ങിയിരുന്നത്. പൂട്ടിപ്പോകുന്നതിനു മുന്‍പ് പശ്ചിമഘട്ടത്തിലെ പതിനായിരക്കണക്കിനു ഹെക്ട്റിലെ മുളംകാടുകള്‍ക്ക് കത്തി വെച്ചിട്ടാണ് വ്യവസായഭീമനായ ബിര്‍ള നാടുവിട്ടത്. നിലമ്പൂര്‍ കാടുകളിലെ നിത്യഹരിത വനങ്ങള്‍ ബ്രിട്ടീഷുകാരുടെ കാലത്തും അതിനുശേഷവും വലിയ തേക്കിന്‍ തോട്ടങ്ങള്‍ക്ക് വേണ്ടി വെട്ടിനശിപ്പിച്ചു. പശ്ചിമഘട്ടത്തിലെ പതിനായിരക്കണക്കിനു ഹെക്റ്റര്‍ വനഭൂമിയാണ് ഇങ്ങനെ തേക്കിന്‍കൂപ്പുകളായി മാറിയത്.
കൂടാതെ യൂക്കാലിത്തോട്ടങ്ങള്‍ എന്ന സര്‍ക്കാരിന്‍റെ മരമണ്ടന്‍ പരീക്ഷണങ്ങള്‍ പതിനായിരക്കണക്കിന് ഹെക്റ്റര്‍ കന്യാവനങ്ങളുടെ കുരുതിക്ക് കാരണമായി. വിദേശജന്യ വൃക്ഷമായ യൂക്കാലി നമ്മുടെ മലയോരങ്ങള്‍ക്ക് ഏല്‍പ്പിക്കുന്ന ആഘാതം വിവരണാതീതമാണ്. ഭൂമിയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി വെള്ളമൂറ്റിക്കുടിക്കുന്ന ഗ്രാന്‍റിസും യൂക്കാലിപ്സും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി തുടങ്ങിയതോടെ 31,580 ഹെക്ടര്‍ വനഭൂമി ഇതുവരെ വെട്ടിവെളുപ്പിച്ചു കഴിഞ്ഞു. ഇടുക്കി ജില്ലയില്‍ മാത്രം പള്ളിവാസല്‍, മാട്ടുപ്പെട്ടി, ചെങ്കുളം, പന്നിയാര്‍, നേര്യമംഗലം, ഇടുക്കി, ഇടമലയാര്‍, പാമ്പാര്‍, മാങ്കുളം തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികള്‍ 10,416 ഹെക്ടര്‍ വനഭൂമിയെ വെള്ളത്തിനടിയില്‍ ആക്കിയിട്ടുണ്ട്.
കേരളത്തിന് പുറത്തേക്കുപോയാല്‍ കര്‍ണാടകത്തിലെ പശ്ചിമഘട്ട ഭാഗങ്ങളില്‍ കുദ്രേമുഖ് ഇരുമ്പുഖനിയുടെ പ്രവര്‍ത്തനങ്ങള്‍മൂലം തുംഗഭദ്ര നദിയില്‍ വെള്ളം ഒഴുക്കുപോലും തടഞ്ഞുകൊണ്ട് ചെളി നിറഞ്ഞിരിക്കുന്നു. ശരാവതി നദിയില്‍ പണിത ലിംഗനമക്കി അണക്കെട്ട് ആയിരക്കണക്കിന് ഹെക്റ്റര്‍ വനഭൂമി നശിപ്പിച്ചു. കാര്‍വാര്‍, ഉത്തരകന്നഡ ജില്ലകളിലൂടെ ഒഴുകുന്ന കാളിനദിയെ ദാന്തേലി പേപ്പര്‍മില്ലും കോസ്റ്റിക് സോഡാ ഫാക്റ്ററികളും ചേര്‍ന്ന് വിഷവാഹിനിയാക്കി. തമിഴ്നാട്ടിലെ താമ്രപര്‍ണി നദി കരയിലുള്ള പേപ്പര്‍മില്ലുകള്‍ കാരണം വ്യാപകമായിമലിനമായി. ഇത്തരത്തിലുള്ള പശ്ചിമഘട്ടത്തിലെ പരിസ്ഥിതിനാശത്തിന്‍റെ പൂര്‍ണ്ണമായും ഉത്തരവാദിത്വം സര്‍ക്കാരിനും വ്യാവസായിക കുത്തകകള്‍ക്കും ആയിരിക്കെ അവരൊക്കെ പാവപ്പെട്ട കര്‍ഷകനെ ഇരകള്‍ ആക്കിക്കൊണ്ട് തങ്ങളുടെ വീഴ്ച്ചകള്‍ മറച്ചുവയ്ക്കുകയാണ്.

