ബൈബിള്‍ ഗ്രന്ഥങ്ങള്‍ 32 സെക്കന്‍ഡില്‍ പറഞ്ഞ് ആറു വയസുകാരി ജിയാന് ദേശീയ റെക്കോര്‍ഡ്

വിശുദ്ധ ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെയും പേരുകള്‍ 32 സെക്കന്‍ഡുകളില്‍
ക്രമത്തില്‍ പറഞ്ഞ് ആറു വയസുകാരി ജിയാന്‍ ഹന്ന ബിനോയി ദേശീയ
റിക്കാര്‍ഡ് സ്ഥാപിച്ചു. കാഞ്ഞിരപ്പള്ളി രൂപതയിലെ റാന്നി അത്തിക്കയം
കടമുരുട്ടി കല്ലക്കുളത്ത് ബിനോയി-ജാന്‍സി ദമ്പതികളുടെ ഏക മകളാണ് ഇന്ത്യ
ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുന്നത്.
ബൈബിള്‍ പഴയനിയമത്തിലെ 46 ഉം പുതിയനിയമത്തിലെ 27 ഉം പുസ്തകങ്ങള്‍ 32
സെക്കന്‍ഡില്‍ ക്രമം തെറ്റാതെ പറഞ്ഞാണ് ജിയാന്‍ റിക്കാര്‍ഡ് കുറിച്ചത്.
നിലവിലുള്ള 36 സെക്കന്‍ഡിലെ റിക്കാര്‍ഡാണ് ഏറ്റവും കുറഞ്ഞ പ്രായത്തിലെ
നേട്ടം എന്ന തലത്തില്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി രൂപത റാന്നി ഫൊറോന പെരുന്തേനരുവി സെന്റ് ജോസഫ്‌സ് പള്ളി
ഇടവകാംഗമായ ജിയാന്‍ കൊല്ലമുള ലിറ്റില്‍ ഫ്‌ളവര്‍ പബ്ലിക് സ്‌കൂള്‍ ഒന്നാം
ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഉമിക്കുപ്പ ലൂര്‍ദ് മാതാ സണ്‍ഡേ സ്‌കൂളില്‍
ഒന്നാം ക്ലാസില്‍ പഠിക്കുന്നു.
നാലാം വയസില്‍ 196 രാജ്യങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകള്‍
ജിയാന്‍ ഹൃദിസ്ഥമാക്കിയിരുന്നു. അഞ്ചാം വയസില്‍ ഇന്ത്യയിലെ 29
സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകള്‍ 27 സെക്കന്‍ഡിനുള്ളില്‍
പറഞ്ഞ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു.
മുക്കൂട്ടുതറ ചക്കാലയ്ക്കല്‍ മാത്യു ചാക്കോ- മോളി ദമ്പതികളുടെ
പൗത്രിയാണ്. വല്യമ്മച്ചി മോളി മാത്യുവാണ് ജിയാന്‍ ഹന്നയെ
പരിശീലിപ്പിക്കുന്നത്. ബൈബില്‍ അധിഷ്ഠിതമായ കൂടുതല്‍ പഠനങ്ങള്‍ നടത്തി
റിക്കാര്‍ഡ് കുറിക്കാനുള്ള തയാറെടുപ്പിലാണ് ജിയാന്‍.