ചെറുതോണി: മൂന്നു ഷട്ടറുകള്‍ തുറന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടിട്ടും ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു.
നിലവില്‍ ഇടുക്കിയിലെ 2385.18 അടിയാണ്. നീരൊഴുക്ക് ശക്തമായതും ജില്ലയിലെ ഇടവിട്ടുള്ള മഴയുമാണ് ജലനിരപ്പ് ഉയരുന്നതിന് കാരണം. ഈ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിടാനാണ് തീരുമാനം.
നിലവില്‍ മൂന്നു ഷട്ടറുകളിലൂടെ സെക്കന്‍റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സെക്കന്‍റില്‍ രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ കര്‍വ് കമ്മറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയായി ഉയര്‍ന്നു. നീരൊഴുക്ക് സെക്കന്‍ഡില്‍ 6941 ഘനയടിയാണ്. സെക്കന്‍ഡില്‍ 3080.5 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. സെക്കന്‍ഡില്‍ 2111 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.
മുല്ലപ്പെരിയാറില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവും ഇന്നലെ 3230 ഘനയടിയായി വര്‍ധിപ്പിച്ചിരുന്നു.കൂടുതല്‍ വെള്ളം തുറന്നു വിടുന്നത് കണക്കിലെടുത്ത് പെരിയാര്‍ തീരപ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

