തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി ഉയര്‍ത്തി തീവ്ര ന്യൂനമര്‍ദ്ദ സാധ്യത. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം, തീവ്ര ന്യൂനമര്‍ദ്ദമാകാനുള്ള സാധ്യതയുള്ളതിനാലാണ് കേരളത്തില്‍ മഴ ശക്തിപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
ഓഗസ്റ്റ് 12 ാം തിയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്നലെതന്നെ കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. ഇത് പ്രകാരം ഇന്ന് 8 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു
09-08-2022: ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
10-08-2022: തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
11-08-2022: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലയില്‍ ജാഗ്രത തുടരണം. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാല്‍ യാതൊരു കാരണവശാലും ആരും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല.

