വി. ഫ്രാന്‍സീസ് സേവ്യര്‍


1506-ല്‍ സ്പെയിനിലെ നവാരായിലുള്ള സേവ്യര്‍ മാളികയിലാണ് ഫ്രാന്‍സിസ് ജനിച്ചത്. ഉന്നതവിദ്യാഭ്യാസം നേടിയ ഫ്രാന്‍സിസ് പാരീസ് സര്‍വ്വകലാശാലയില്‍ തത്വശാസ്ത്രാധ്യാപകനായി ജോലിചെയ്തിരുന്ന കാലത്ത് വി. ഇഗ്നേഷ്യസ് ലയോളയുമായി പരിചയപ്പെട്ടു. ഭൗമികമായ തലത്തില്‍ വലിയ നേട്ടങ്ങള്‍ വിഭാവനം ചെയ്തിരുന്ന ഫ്രാന്‍സിസിനോട് ഇഗ്നേഷ്യസ് പലപ്പോഴും ചോദിച്ചിരുന്നു “ഒരു മനുഷ്യന്‍ ലോകം മുഴുവന്‍ നേടിയാലും തന്‍റെ ആത്മാവു നശിച്ചാല്‍ അവനെന്തു പ്രയോജനം”? സ്നേഹിതന്‍റെ ഈ ചോദ്യം ആദ്യമൊന്നും ഫ്രാന്‍സിസില്‍ ചലനമുളവാക്കിയില്ല. അഞ്ചാറുമാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഫ്രാന്‍സിസ് ഇഗ്നേഷ്യസിന്‍റെ ക്ഷണപ്രകാരം ആദ്ധ്യാത്മികാഭ്യാസങ്ങള്‍ നടത്തി. 1534-ല്‍ മോണ്‍മാര്‍ത്രയില്‍ച്ച് ഇഗ്നേഷ്യസ്, ഫ്രാന്‍സിസ്, പീറ്റര്‍, ഫാബെര്‍ എന്നിവരും മറ്റു ചിലരുംകൂടെ ബ്രഹ്മചര്യം,ദാരിദ്രം, അനുസരണം, മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരമുള്ള ശുശ്രൂഷ എന്നിവ വ്രതമായി സ്വീകരിച്ചു. 1537-ല്‍ വെനീസില്‍ വച്ച് ഫ്രാന്‍സീസ് വൈദീക പട്ടം സ്വീകരിച്ചു. അനന്തരം വെനീസ്, ബൊളോഞ്ഞാ, റോമാ എന്നീ സ്ഥലങ്ങളില്‍ കുറേക്കാലം ജോലിചെയ്തു. ദിവ്യകാരുണ്യനാഥനോടുള്ള ഭക്തിയും ആത്മരക്ഷയിലുള്ള തീക്ഷ്ണതയും നിറഞ്ഞുനിന്ന ഫ്രാന്‍സിസ് 1541 ഏപ്രില്‍ 7-ാം തീയതി ഇന്‍ഡ്യയിലേക്കു യാത്ര പുറപ്പെട്ടു. അടുത്തവര്‍ഷം മെയ് 6-ാം തീയി ഇന്‍ഡ്യയിലെത്തി. ഇന്‍ഡ്യയിലെ അപ്പസ്തോലിക്ക് ഡലഗേറ്റായി നിയമനം കിട്ടിയ കല്‍പ്പന കൈവശമുണ്ടായിരുന്നിട്ടും അതുപുറത്തെടുക്കാതെ വിനീതവൈദികനായി പോര്‍ട്ടുഗീസ് ഉദ്യോഗസ്ഥന്മാരുടെ കീഴില്‍ അദ്ദേഹം ജീവിച്ചു. അവരുടെ വ്യഭിചാരം, മദ്യപാനം, ദുര്‍മ്മാതൃക എന്നിവയെ കുറ്റപ്പെടുത്തിയിരുന്നതിനാല്‍ ഫ്രാന്‍സിസിനെ പലവിധത്തില്‍ ദ്രോഹിച്ചിരുന്നു.
ഇന്‍ഡ്യാ, മലാക്കാ, ജപ്പാന്‍ എന്നിവിടങ്ങളിലായി 10 വര്‍ഷം ഫ്രാന്‍സിസ് ദൈവത്തിനായി കഠിനാധ്വാനം ചെയ്തു. ദരിദ്രരുടെ ഭക്ഷണം കഴിച്ച് അവരോടൊപ്പം അദ്ദേഹം ജീവിച്ചു. മലര്‍ പൊടിയും കഞ്ഞിവെള്ളവുമായിരുന്നു ഭക്ഷണം. പകല്‍ പ്രസംഗവും പഠനവും രാത്രിയില്‍ സുദീര്‍ഘമായ പ്രാര്‍ത്ഥനയുമായി സമയം ചെലവിട്ടു. ദിവ്യകാരുണ്യനാഥനോടൊത്തു ചെലവഴിച്ച മണിക്കൂറുകള്‍ നിര്‍വൃതിദായകമായിരുന്നു അദ്ദേഹത്തിന്.
ഫ്രാന്‍സിസിന് ഇടയ്ക്കിടെ ഗോവായിലേക്കും തൂത്തുക്കുടിയിലേക്കും കോയമ്പത്തൂരിലേക്കും സിലോണിലേക്കും മറ്റും യാത്ര ചെയ്യേണ്ടിവന്നു. നിരന്തരമായ യാത്രയും അധ്വാനവും നിമിത്തം വലിയക്ഷീണം അനുഭവപ്പെട്ടു. എങ്കിലും ഒരിക്കലും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനു മുടക്കം വരുത്തിയില്ല. ഫ്രാന്‍സിസ് തന്‍റെ ജീവിതത്തെ ഒരു അഖണ്ഡപ്രാര്‍ത്ഥനായജ്ഞമായി സര്‍വേശസമക്ഷം സമര്‍പ്പിച്ചു. ക്ലേശങ്ങള്‍ നേരിട്ട സന്ദര്‍ഭങ്ങളില്‍ എല്ലാം “കര്‍ത്താവേ, പോരാ, ഇനിയും തരണമേ എന്നാണു പ്രാര്‍ത്ഥിച്ചിരുന്നത്. ദൈവികസാന്ത്വനം ലഭിച്ച സന്ദര്‍ഭങ്ങളിലാവട്ടെ, ‘മതി കര്‍ത്താവേ, മതി, എന്നായിരിക്കും പ്രാര്‍ത്ഥിക്കുക.
ഫ്രാന്‍സിസ് ചെറിയ മണി കിലുക്കിക്കൊണ്ടു തെരുവീഥിയിലൂടെ നടക്കുക പതിവായി. ദേശീയ ജനസാമാന്യത്തെ ആകര്‍ഷിക്കുവാന്‍ വളരെ ഫലപ്രദമായമാര്‍ഗ്ഗമാണ് അത് എന്ന് അതിവേഗം വ്യക്തമായി. ധാരാളം കുട്ടികളും മുതിര്‍ന്നവരും അദ്ദേഹത്തിന്‍റെ ചുറ്റും ഓടിക്കൂടി. അദ്ദേഹം അവരെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചു. ക്രിസ്തീയതത്വങ്ങള്‍ ഗാനരൂപമാക്കി. അവ പാടുവാന്‍ അവര്‍ക്കു പരിശീലനം നല്കി. അങ്ങനെ പ്രാര്‍ത്ഥനയ്ക്കും വേദപഠനത്തിനും സഹായകമായ ഒരു ഗാനശൈലി തന്നെ രൂപപ്പെടുത്തി. അവരുടെ ഇടയില്‍ പ്രചരിപ്പിച്ചു.
ആത്മരക്ഷ ആത്യന്തികമായി ആഗ്രഹിച്ച ഫ്രാന്‍സിസ്, “എനിക്ക് ആത്മാക്കളെ തരിക, ബാക്കിയെല്ലാം എടുത്തുകൊള്ളുക” എന്ന് അപേക്ഷിച്ചിരുന്നു. ഇഗ്നേഷ്യസ് ലയോളായ്ക്ക് എഴുതിയ സുദീര്‍ഘമായ കത്തുകള്‍ അദ്ദേഹത്തിന്‍റെ പ്രേഷിതതീക്ഷ്ണത വെളിപ്പെടുത്തുന്നവയാണ്. ഒരു കത്തില്‍ ഇപ്രകാരം കാണുന്നു. “…. സ്വന്തം കാര്യം നോക്കാതെ ആത്മാര്‍ത്ഥമായി ഈശോയുടെ താല്പര്യങ്ങള്‍ക്കായി പരിശ്രമിക്കുന്ന കൂടുതല്‍ മിഷനറിമാരുണ്ടായിരുന്നെങ്കില്‍ ലക്ഷക്കണക്കിനാളുകള്‍ മാനസാന്തരപ്പെടുമായിരുന്നു.
പലയിടങ്ങളിലായി മൂന്നുലക്ഷം പേരെ ഫ്രാന്‍സിസ് സ്നാനപ്പെടുത്തിയിട്ടുണ്ടെന്ന് ജീവചരിത്രകാരന്മാര്‍ പറയുന്നു. ജപ്പാനില്‍നിന്ന് ചൈനയിലേക്ക് പോകാന്‍ ആഗ്രഹിച്ചെങ്കിലും സാഞ്ചിയന്‍ ദ്വീപില്‍ വച്ച് ടൈഫോയിഡ് പിടിപെട്ട് 1552 ഡിസംബര്‍ 2-ാം തീയതി ഈശോ എന്ന തിരുനാമം ഉച്ചരിച്ചുകൊണ്ട് സമാധാനത്തില്‍ ഫ്രാന്‍സിസ് മരിച്ചു.
വിശുദ്ധന്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ സഹായിയായിരുന്ന അന്‍റോണിയയോ ഒപ്പമുണ്ടായിരുന്നു. അദ്ദേഹം ഫ്രാന്‍സിസ് സേവ്യറിന്‍റെ മരണത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ഗോവയിലെ ജസ്യൂട്ട് മാനുവലില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.
മരിച്ചുകിടക്കുന്ന പിതാവിനെക്കണ്ടാല്‍ ജീവിച്ചിരിക്കുന്നതുപോലെ തോന്നുമായിരുന്നു. മരണവിവരമറിഞ്ഞ് ഞാന്‍ കപ്പലിലേക്കു ചെന്നു. സാന്‍സിയന്‍ തുറമുഖത്തു നങ്കുരമിട്ടു കിടക്കുകയായിരുന്നു കപ്പല്‍. കപ്പലില്‍നിന്നും തിരുവസ്ത്രങ്ങള്‍ എടുത്തുകൊണ്ടുവന്നു. കപ്പലിലുള്ള ചിലരും ഒപ്പം വന്നു. ഞങ്ങള്‍ തടികൊണ്ട് ഒരു പെട്ടിയുണ്ടാക്കി. അതില്‍ പുരോഹിതവസ്ത്രങ്ങളണിയിച്ച് പിതാവിനെ കിടത്തി. പിന്നീട് ഒരു ബോട്ടില്‍ ദ്വീപിന്‍റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി. ഭയങ്കരമായ തണുപ്പായിരുന്നു. അതുകൊണ്ട് മിക്കവരും കൂടെ പോന്നില്ല. ഞങ്ങള്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഞാനും ഒരു പോര്‍ച്ചുഗീസുകാരനും രണ്ട് അടിമകളും. ഞങ്ങള്‍ ഒരു കുഴി കുത്തി ശവപ്പെട്ടി അതില്‍വച്ചു. കുഴിമൂടാന്‍ തുടങ്ങുമ്പോള്‍ ആരോ പറഞ്ഞു, കുമ്മായം കൂടി ഇടാമെങ്കില്‍ മൃതദേഹം പെട്ടെന്ന് അഴുകുമെന്ന്. അങ്ങനെ അഴുകിയാല്‍ എല്ലുകള്‍ ഇന്ത്യയിലേക്കു കൊണ്ടുപോകാമല്ലോ എന്നായിരുന്നു മനസ്സില്‍. കുമ്മായം ഇടുന്നത് നല്ലതാണെന്നറിഞ്ഞ ഞങ്ങള്‍ കപ്പലിലേക്കു പോയി. നാലു ചാക്ക് കുമ്മായം കൊണ്ടുവന്നു. രണ്ടെണ്ണം പെട്ടിക്കടിയിലും രണ്ട് ചാക്ക് മുകളിലും ഇട്ടു. പിന്നീട് പെട്ടി അടച്ചു. കുഴി മൂടിയശേഷം കുറെ കല്ലുകള്‍ മുകളില്‍ വച്ചു. കുഴിമാടം അന്വേഷിച്ച് ആരെങ്കിലും വന്നാല്‍ കണ്ടുപിടിക്കാനായിരുന്നു അത്. ഡിസംബര്‍ നാലിന് ഞായറാഴ്ചയായിരുന്നു സംസ്ക്കാരം.
സംസ്ക്കാരം കഴിഞ്ഞ് പത്താഴ്ചയ്ക്കുശേഷം മലാക്കയിലേക്കു പോകുവാനായി അതുവഴി വന്ന ഒരു കപ്പലില്‍ ഫ്രാന്‍സിസിന്‍റെ അസ്ഥികള്‍ കയറ്റുവാന്‍ അനുവദിച്ചു. ഇതിനായി 1553 ഫെബ്രുവരി 17 ന് കല്ലറ തുറന്നു. അപ്പോഴാണ് ശരീരം അഴുകാതിരിക്കുന്നതായി കണ്ടത്. വിശുദ്ധന്‍റെ ശരീരം അഴുകിയിട്ടില്ലാ എന്നു കപ്പിത്താനെ ബോധ്യപ്പെടുത്തുന്നതിനായി കാലില്‍നിന്നും ഒരു കഷണം മാംസം മുറിച്ച് കാണിക്കേണ്ടിവന്നു. ശരീരം മലാക്കയിലെത്തിയപ്പോഴേക്കും മൃതദേഹം സംസ്ക്കരിക്കുവാന്‍ ഉള്ള എല്ലാ ഒരുക്കവും ചെയ്തിരുന്നു. പക്ഷേ, പരി.കന്യകയുടെ ദൈവാലയത്തിലെ അള്‍ത്താരക്കടിയില്‍ ഉണ്ടാക്കിയ കല്ലറ ചെറുതായിരുന്നു. അതിനാല്‍ ശരീരം കല്ലറയില്‍ വച്ചപ്പോള്‍ കഴുത്ത് ഒടിഞ്ഞു. അഞ്ചുമാസത്തിനുശേഷം ഫ്രാന്‍സിസിന്‍റെ സുഹൃത്തായിരുന്ന ജൂബാന്‍ഡെ ബയിര മലാക്കയിലെത്തിയപ്പോള്‍ അദ്ദേഹം രഹസ്യമായി കല്ലറ തുറന്ന് മൃതദേഹം ഗോവായിലേക്കു കൊണ്ടുപോയി. അപ്പോഴും ശരീരം തെല്ലും അഴുകിയിരുന്നില്ല. ഗോവായിലേക്കു കൊണ്ടുവന്ന വിശുദ്ധന്‍റെ അഴുകാത്ത ശരീരം വിശ്വാസികള്‍ ഭക്ത്യാദരങ്ങളോടെ സ്വീകരിച്ചു. അവിടെ ബോം ജീസസ് ദൈവാലയത്തില്‍ നാലുദിവസത്തേക്ക് പരസ്യവണക്കത്തിനായി വച്ചു. ഇന്നും പ്രത്യേകമായി തയ്യാറാക്കിയ ചില്ലുപേടകത്തില്‍ ഈ ദൈവാലയത്തില്‍ തന്നെയാണ് വിശുദ്ധന്‍റെ പൂജ്യശരീരം സൂക്ഷിച്ചിരിക്കുന്നത്.
അഞ്ചുനൂറ്റാണ്ടുകള്‍ക്കിടെ നിരവധി തവണ ശരീരം വിദഗ്ധമായ പരിശോധനയ്ക്കു വിധേയമാക്കപ്പെട്ടു. ഇടക്കാലത്ത്, ശരീരം എംബാ ചെയ്തതുകൊണ്ടാണ് അഴുകാത്തത് എന്ന് വിമര്‍ശനമുയര്‍ന്നു. തുടര്‍ന്ന് അന്നത്തെ വൈസ്രോയി വിഭക്തരായ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ശരീരം പരിശോധിപ്പിച്ചു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ശരീരം അഴുകാതിരിക്കുന്നതിനായി ഒരു തരത്തിലുള്ള മരുന്നും ഉപയോഗിച്ചിട്ടില്ലാ എന്നു വ്യക്തമാക്കി.
ഫ്രാന്‍സിസ് സേവ്യറിന്‍റെ ശരീരത്തിലെ പല ഭാഗങ്ങളും ഇതിനിടയില്‍ നഷ്ടമായി. ശരീരം അഴുകിയിട്ടില്ലാ എന്ന് കപ്പിത്താനെ വിശ്വസിപ്പിക്കുവാനായി ആദ്യം കാലില്‍നിന്നും ഒരു കഷണം മാംസം മുറിച്ചെടുത്തു. 1544 ല്‍ ശരീരം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ പോര്‍ച്ചുഗീസ് വനിത ഒരു കാല്‍വിരല്‍ കടിച്ചെടുത്തു. 1890 ലെ പരസ്യവണക്കസമയത്തും ഒരു വിരല്‍ നഷ്ടപ്പെട്ടു. 1902 ല്‍ ഒരു വിരല്‍ സ്പെയിനിലെ സേവ്യര്‍ കൊട്ടാരത്തിനു നല്‍കി. 1619 ല്‍ ജപ്പാനില്‍ വന്‍പകര്‍ച്ചവ്യാധി ഉണ്ടായപ്പോള്‍ വത്തിക്കാന്‍റെ അനുമതിയോടെ കൈയുടെ മുകള്‍ഭാഗം മുറിച്ച് തിരുശേഷിപ്പായി കൊണ്ടുപോയി. പിന്നീട് ഇടതുകൈയുടെ മുകള്‍ഭാഗവും മുറിച്ചെടുത്തു. 1636 ല്‍ വിശുദ്ധന്‍റെ തിരുശേഷിപ്പിനായി ലോകത്തിന്‍റെ പലഭാഗത്തുനിന്നും ആവശ്യം ഉയര്‍ന്നതോടെ ആന്തരാവയവങ്ങള്‍ എടുത്തുനല്‍കി.
ശരീരം ഇന്ന് ഉണങ്ങിയതുപോലെയാണ് കാണപ്പെടുന്നത്. എന്നാല്‍ അല്പംപോലും അഴുകിയിട്ടില്ല. 1622 ല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ഫ്രാന്‍സിസ് സേവ്യര്‍ ഭാരതത്തിന്‍റെ ദ്വിതീയ അപ്പസ്തോലനായിട്ടാണ് അറിയപ്പെടുന്നത്. ഡിസംബര്‍ മൂന്നിനാണ് അദ്ദേഹത്തിന്‍റെ തിരുനാള്‍ തിരുസഭ ആഘോഷിക്കുന്നത്.

Leave a Reply