തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനും ഭരണകക്ഷിക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . താന്‍ റബര്‍ സ്റ്റാംപ് അല്ലെന്ന് തുറന്നടിച്ച ഗവര്‍ണര്‍, പുതിയ ബില്ലുകള്‍ ഒപ്പിടില്ലെന്ന സൂചനയാണ് നല്‍കിയത്.
നിയമവും ഭരണഘടനയും കീഴ്വഴക്കങ്ങളും അനുസരിച്ച് മാത്രമേ ബില്ലുകള്‍ ഒപ്പിടുന്നതിലടക്കം തീരുമാനമെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശം അട്ടിമറിക്കുന്ന ഒന്നിനും കൂട്ടു നില്‍ക്കില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗ്യതയില്ലാത്ത ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ അനുവദിക്കില്ല. ഈ നിയമനങ്ങളെല്ലാം മുഖ്യമന്ത്രി അറിയാതെ നടക്കുകയില്ല.
നിയമം തകര്‍ക്കാന്‍ ഗവണ്‍മെന്റ് തന്നെ ശ്രമിക്കുമ്ബോള്‍ കൂട്ടു നില്‍ക്കാനാവില്ല. താന്‍ ചാന്‍സലറായി തുടരുമ്ബോള്‍ സര്‍വകലാശാലകളിലെ എക്സിക്യൂട്ടീവിന്റെ ഇടപെടലുകള്‍ക്ക് കൂട്ടു നില്‍ക്കാനാവില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു.
സര്‍വകലാശാലകളിലെ സ്വയം ഭരണാവകാശം പരിപാവനമാണ്. അതില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല. സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായി മാത്രമേ തീരുമാനമെടുക്കുകയുള്ളു.

