മാഞ്ഞുപോകുന്ന ചരിത്രങ്ങള്‍

വിനോദ് നെല്ലയ്ക്കല്‍(മാധ്യമ പ്രവർത്തകർ)

ചരിത്രത്തിന്റെ അപനിര്‍നിര്‍മ്മിതി കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ സ്റ്റേറ്റ് സിലബസിലെ പാഠപുസ്തകങ്ങളില്‍ അത്തരം ഗൗരവതരമായ പിഴവുകള്‍ ചിലര്‍ കണ്ടെത്തുകയും ചര്‍ച്ച ചെയ്യുകയുമുണ്ടായിരുന്നു. ചരിത്രത്തിലെ അമൂല്യമായ ക്രൈസ്തവസംഭാവനകളെ തമസ്കരിച്ചുകൊണ്ടുള്ള ചില സ്ഥാപിത താത്പര്യങ്ങളുടെ കടന്നുകയറ്റം പാഠപുസ്തകങ്ങളില്‍ പോലും പ്രകടമാകുമ്പോള്‍ അതിന്‍റെ പിന്നാമ്പുറങ്ങളെയും പാര്‍ശ്വഫലങ്ങളെയും കുറിച്ച് വിചിന്തനം ചെയ്യുകയാണ് ഇവിടെ.
കഴിഞ്ഞ ചില ആഴ്ചകള്‍ക്കിടയില്‍ ചെറിയ രീതിയില്‍ ചര്‍ച്ചകളായി മാറിയ ഒരു വിഷയമാണ് കേരളത്തിലെ പാഠപുസ്തകങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ചരിത്രഭാഗങ്ങള്‍. പ്രസക്തമായ ചില ചരിത്രങ്ങള്‍ ചേര്‍ക്കപ്പെടാതെ പോയിരിക്കുന്നതും, ചരിത്രത്തിലെ ചില സുപ്രധാന വ്യക്തിത്വങ്ങള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നതും, ചില ചരിത്രങ്ങള്‍ തെറ്റിദ്ധാരണാജനകമാം വിധം അവതരിപ്പിക്കപ്പെട്ടിരിക്കുന്നതും മറ്റുമായിരുന്നു ചര്‍ച്ചാ വിഷയങ്ങള്‍. വാസ്തവത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍തന്നെ പ്രാബല്യത്തിലുള്ള പാഠപുസ്തകങ്ങളിലാണ് വളരെ വൈകിയ വേളയില്‍ ഇത്തരം ഗുരുതരമായ പിഴവുകള്‍ ചിലര്‍ കണ്ടെത്തിയത്. എന്താണ് വാസ്തവത്തില്‍ സംഭവിച്ചത് എന്ന ചോദ്യത്തിന്, ചില തല്പരകക്ഷികളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടാകാം എന്നുള്ളതാണ് പെട്ടെന്നുള്ള ഉത്തരം. പക്ഷെ, ഇത്തരത്തില്‍ സംഭവിച്ചിരിക്കുന്നതിന്‍റെ പാര്‍ശ്വഫലങ്ങളും വന്നുപോയിരിക്കുന്ന പിഴവിന്‍റെ ആഴവും വ്യക്തമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
കേരളത്തിന്‍റെ മാത്രമല്ല, ലോകത്തിന്‍റെ തന്നെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുതലുള്ള ചരിത്രം വിവിധ പാഠപുസ്തകങ്ങളിലും അംഗീകൃത ചരിത്ര രചനകളിലും അവതരിപ്പിക്കപ്പെട്ടിരിക്കുന്നതില്‍ ഗൗരവതരമായ കൃത്രിമത്വങ്ങള്‍ പ്രഥമദൃഷ്ട്യാ തന്നെ കണ്ടെത്താവുന്നതാണ്.എടുത്തുപറയത്തക്കതായ രണ്ട് പാഠപുസ്തകങ്ങളാണ് ഏഴാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും സാമൂഹ്യപാഠ പുസ്തകങ്ങള്‍. ഏഴാം ക്ലാസിലെ പാഠപുസ്തകം 2016ല്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നതും ഒമ്പതാം ക്ലാസിലെ പാഠപുസ്തകം 2019ല്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നതുമാണ്. രണ്ടു പാഠപുസ്തകങ്ങള്‍ തമ്മിലുള്ള ഒരു വ്യത്യാസം ആദ്യത്തെ പാഠപുസ്തകത്തില്‍ പാഠപുസ്തക രചനാസമിതിയുടെ വിശദാംശങ്ങള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ രണ്ടാമത്തെ പുസ്തകത്തില്‍ അപ്രകാരമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നുള്ളതാണ്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം 2016 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പാഠപുസ്തകത്തിന്‍റെ സമിതി അംഗങ്ങളില്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള പ്രധാനികള്‍ ഒരു പ്രത്യേക സമുദായത്തില്‍ നിന്ന് ഉള്ളവരാണ്. പിന്നീട് പുറത്തിറങ്ങിയ പുസ്തകങ്ങളുടെ പിന്നണിയില്‍ ആരാണുള്ളതെന്ന് വ്യക്തതയില്ലെങ്കിലും ആ സമുദായത്തിന്‍റെ സ്വാധീനം വളരെ വ്യക്തമാണ്.
ലോകചരിത്രത്തില്‍ തന്നെ നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തുകയും ലോകത്തെ ആധുനികതയിലേയ്ക്ക് കൈപിടിച്ചു നയിക്കുകയും ചെയ്തത് അറബ് സമൂഹമാണ് എന്ന വിചിത്രമായ ആശയം ഒമ്പതാം ക്ലാസിലെ സാമൂഹ്യപാഠപുസ്തകം അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്. അതേസമയം കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തില്‍ ക്രൈസ്തവ സമൂഹത്തിന് കാര്യമായ സ്ഥാനമൊന്നുമില്ല എന്നാണ് ഏഴാംക്ലാസിലെ പാഠപുസ്തകത്തിലെ അവതരണങ്ങള്‍ വായിക്കുന്ന ആരും കരുതുക. ലഭ്യമായ ചില ചരിത്ര ഗ്രന്ഥങ്ങളിലും ഇതേ ശൈലി കാണാം. രണ്ടായിരം വര്‍ഷത്തെ ചരിത്രമുള്ള ക്രൈസ്തവ സമൂഹം ഈ ലോകത്തില്‍ യാതൊരുവിധ ഇടപെടലുകളും നടത്തിയിട്ടുള്ളതായി അംഗീകരിക്കാന്‍ അഭിനവ ചരിത്രകാരന്മാര്‍ വൈമുഖ്യം പുലര്‍ത്തുന്നതായാണ് കണ്ടുവരുന്നത്. പാഠപുസ്തകങ്ങളും ഇതേ രീതിയില്‍ രചിക്കപ്പെടുന്നു എന്നുവരുന്നത് ഗൗരവമുള്ള വിഷയമാണ്.കേരളത്തിന്‍റെ സാംസ്കാരിക ഉന്നമനത്തിലും സാമൂഹിക പരിഷ്കരണത്തിലും മുതല്‍ ലോകചരിത്രത്തില്‍ വരെ ക്രൈസ്തവ സമൂഹങ്ങളുടെയും വിശിഷ്യാ കത്തോലിക്കാസഭയുടെയും സ്ഥാനം വളരെ നിര്‍ണ്ണായകമാണ്. നിരവധി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്ഥാനം അവിടെ പ്രധാനമാണ്. പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ ഇങ്ങോട്ടുള്ള കേരള ചരിത്രത്തില്‍, വിശിഷ്യാ പത്തൊമ്പതാം നൂറ്റാണ്ടില്‍ വിപ്ലവകരമായ ചില ഇടപെടലുകളാണ് കേരളത്തില്‍ നടന്നിട്ടുള്ളത്. നിരവധി മിഷനറിമാരും, മെത്രാന്മാരും വൈദികരുമാണ് പ്രധാനമായും അത്തരം ഇടപെടലുകള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ളത്. ലോകചരിത്രത്തിലേയ്ക്ക് തിരിഞ്ഞാല്‍, അറബികളേക്കാള്‍ വളരെ മുമ്പ് തന്നെ എല്ലാ വിജ്ഞാന ശാഖകളിലേയ്ക്കും കടന്നുചെന്നിട്ടുള്ള അനേകരെയും സമൂഹങ്ങളെയും കണ്ടെത്താന്‍ കഴിയും. അതെല്ലാം തമസ്കരിച്ച് ലോകചരിത്രത്തെ തന്നെ ഒറ്റ തുരുത്തിലേയ്ക്ക് ഒതുക്കാനും പലതിനെയും മായ്ച്ചുകളയാനും ചിലര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ സംഘടിതമായ ശ്രമങ്ങള്‍ തന്നെ ഉണ്ടെന്ന് കരുതാവുന്നതാണ്.  ചരിത്രങ്ങള്‍ പഠിക്കുന്നത് എന്തിന്
മാനവരാശിയുടെ വികാസ പരിണാമ ഘട്ടങ്ങളാണ് ചരിത്രങ്ങളായി എഴുതപ്പെടുന്നത്. എഴുതപ്പെട്ടതും എഴുതപ്പെടാതെ പോയിട്ടുള്ളതുമായ ചരിത്രങ്ങളുടെ യഥാര്‍ത്ഥ അവകാശികള്‍ അതിന്‍റെ ഭാഗമായി കടന്നുപോയവരോ അവരുടെ പിന്തുടര്‍ച്ചക്കാരോ മാത്രമല്ല, മുഴുവന്‍ മനുഷ്യരുമാണ്. വളര്‍ന്നുവരുന്ന തലമുറകളുടെ അവകാശമാണ് കലര്‍പ്പില്ലാത്തതും വ്യക്തവുമായ ചരിത്രം പഠിക്കാന്‍ കഴിയുക എന്നുള്ളത്. വ്യക്തിത്വങ്ങളുടെയും സമൂഹങ്ങളുടെയും വേരുകള്‍ നീളേണ്ടത് ലോകചരിത്രത്തിലേയ്ക്കു തന്നെയാണ് എന്നുള്ളതിനാലാണ് അത്. തന്‍റെ തലമുറ ലോകത്തില്‍ എവിടെയെത്തി നില്‍ക്കുന്നു, അഥവാ തന്‍റെ ജീവിതം ഈ ലോകത്തില്‍ എവിടെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന വിദ്യാര്‍ത്ഥിയുടെ അവബോധമാണ് ചരിത്രവിദ്യാഭ്യാസത്തിന്‍റെ പ്രധാന നേട്ടങ്ങളില്‍ ഒന്ന്. താനെന്താണെന്നും താന്‍ ഉള്‍പ്പെടുന്ന ഈ ലോകം എന്താണെന്നും മനസിലാക്കുക എന്നുള്ളത് വിദ്യാഭ്യാസ കാലഘട്ടത്തില്‍ സുപ്രധാനമാണ്. വിദ്യാഭ്യാസത്തിലൂടെ കാലഘട്ടത്തിന് അനുയോജ്യമായ വ്യക്തിത്വങ്ങള്‍ രൂപപ്പെടുത്തപ്പെടുന്നത് അങ്ങനെയാണ്.
എല്ലാ ചരിത്രങ്ങളും ഒരാള്‍ക്ക് പഠിക്കാന്‍ കഴിയില്ല എന്നുളളത് നിശ്ചയമാണല്ലോ. അവിടെയാണ്, എന്തൊക്കെയാണ് തെരഞ്ഞെടുക്കപ്പെടേണ്ടത് എന്ന ചോദ്യം ഉദിക്കുന്നത്. ഒരു വിദ്യാര്‍ത്ഥിക്കുവേണ്ടി ചരിത്രം ഉള്‍പ്പെടെയുള്ള പാഠവിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സമിതികളുണ്ട്. കേരളത്തില്‍ അത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ – പരിശീലന ഗവേഷണ സമിതിയാണ് (ടഇഋഞഠ).  അവരുടെ ചുമതലയാണ് വിദ്യാര്‍ത്ഥികള്‍ അര്‍ഹിക്കുന്നതും അവര്‍ക്ക് ആവശ്യമുള്ളതുമായ പാഠഭാഗങ്ങള്‍ തയ്യാറാക്കി നല്‍കുക എന്നുള്ളത്. ഇപ്പോള്‍ നടത്തപ്പെട്ടിരിക്കുന്ന വിശകലനങ്ങളില്‍നിന്ന് വ്യക്തമാകുന്നതനുസരിച്ച് ഗുരുതരമായ പിഴവുകള്‍ ഇക്കാര്യത്തില്‍ ഇവിടെ സംഭവിച്ചിരിക്കുന്നു. കേരളത്തില്‍ ജീവിച്ചുവളരുന്ന ഒരു മലയാളി വിദ്യാര്‍ത്ഥി എന്ത് പഠിക്കണം എന്ത് മനസിലാക്കണം എന്ന് നിര്‍ണ്ണയിക്കുന്നതിലാണ് ആ പിഴവ് സംഭവിച്ചിരിക്കുന്നത്. അറിയാതെ സംഭവിച്ച ഒരു പിഴവാണ് അതെന്ന് കരുതാനാവില്ല.
കേരളത്തിന്‍റെ സാമൂഹിക സാംസ്കാരിക പശ്ചാത്തലം ഇന്നത്തെ അവസ്ഥയിലേയ്ക്ക് പരിവര്‍ത്തിതപ്പെട്ടതും വളര്‍ന്നുവന്നതും എങ്ങനെ എന്ന തിരിച്ചറിവ് മലയാളിയായ ഒരു വ്യക്തിക്ക് വളരെ പ്രധാനമാണ്. നാളെയിലേക്കുള്ള വളര്‍ച്ച എപ്രകാരമായിരിക്കണമെന്ന് മനസിലാക്കാനും അതിനാവശ്യമായ സംഭാവനകള്‍ നല്‍കാനും അയാള്‍ക്ക് കഴിയുന്നത് അപ്പോഴാണ്. തികച്ചും മതേതരമായ ഒരു ഭരണഘടനയില്‍ അധിഷ്ഠിതമായ ഈ രാജ്യത്ത്, മത വിശ്വാസ സംബന്ധിയല്ലാത്ത സാമൂഹിക ചട്ടക്കൂടില്‍, അത്തരമൊരു വ്യക്തിത്വമായി വളരാന്‍ സാധിക്കുക എന്നുള്ളത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. അതിനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള ചുമതല ഭരണകൂടത്തില്‍ നിക്ഷിപ്തമാണ്. അതിനാല്‍ത്തന്നെയാണ് ഇന്ന് നാം കാണുന്ന മതേതരത്വ ചിന്തകള്‍ എങ്ങനെയാണ് ഇവിടെ വളര്‍ന്നതെന്ന് ഓരോരുത്തരും മനസിലാക്കേണ്ടതുള്ളതും.

കേരളത്തിലെ ക്രൈസ്തവ സംഭാവനകളുടെ സവിശേഷതകള്‍
വാസ്തവത്തില്‍ ക്രൈസ്തവ സംഭാവനകളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കിലും അതൊരു മതത്തിന്‍റെ വിഷയമല്ല. കഴിഞ്ഞ ചില നൂറ്റാണ്ടുകള്‍ക്കിടയില്‍ ക്രൈസ്തവ സമൂഹവും കത്തോലിക്കാ സഭയും കേരളത്തിന് നല്‍കിയ സംഭാവനകള്‍ ഏതുവിധത്തിലുള്ളതാണ് എന്നുള്ളതാണ് പ്രധാനം. ഉദാഹരണമായി, സാമൂഹിക പരിഷ്കര്‍ത്താക്കള്‍ എന്ന പ്രധാന ചര്‍ച്ചാവിഷയമെടുത്താല്‍ അവിടെയാണ് മുഖ്യമായും ക്രൈസ്തവ സംഭാവനകള്‍ തമസ്കരിക്കപ്പെട്ടിരിക്കുന്നതായി കാണുന്നത്. എന്തുകൊണ്ട് ചാവറയച്ചന്‍ ഉള്‍പ്പെടെയുള്ള ചരിത്ര വ്യക്തിത്വങ്ങള്‍ അവിടെ പരിഗണിക്കപ്പെടാതെ പോകുന്നു എന്ന ചോദ്യം കൂടുതല്‍ ആഴമുള്ളതാണ്. അതിന് കാരണം, എല്ലാ സമുദായങ്ങളെയും തുറന്ന മനസോടെ കണ്ടുകൊണ്ട് അത്തരം പ്രവര്‍ത്തനമേഖലകളില്‍ സജീവമായിരുന്നത് പ്രധാനമായും ഒട്ടേറെ മിഷനറിമാരും വൈദികരും മെത്രാന്മാരും ഉള്‍പ്പെടുന്ന ക്രൈസ്തവ വ്യക്തിത്വങ്ങളായിരുന്നു എന്നുള്ളതാണ്. ഇക്കാലഘട്ടത്തിലെ പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന പലരെയും പരിശോധിച്ചാല്‍ അവരില്‍ എല്ലാവരുംതന്നെ ചില സമുദായങ്ങളില്‍ ഒതുങ്ങിനിന്ന് പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു എന്നുകാണാം. എന്നാല്‍, ക്രൈസ്തവ സംഭാവനകള്‍ അത്തരത്തിലുള്ളവയായിരുന്നില്ല.
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലാണ് കേരളത്തിന്‍റെ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച പള്ളിക്കൂടങ്ങള്‍ക്ക് ആരംഭം കുറിക്കുന്നത്. അക്കാലഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച 167 പള്ളിക്കൂടങ്ങളില്‍ ഒന്നുപോലും ക്രൈസ്തവരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രമുള്ളവയോ, ഉന്നത കുലജാതര്‍ക്കുവേണ്ടി ഉള്ളവയോ ആയിരുന്നില്ല. മറിച്ച്, സാധാരണക്കാരും പാവപ്പെട്ടവരും അധഃസ്ഥിതരുമായവര്‍ക്ക് വേണ്ടിയുള്ളതായിരുന്നു. സാമൂഹിക പരിഷ്കരണത്തിനും സാംസ്കാരിക വളര്‍ച്ചയ്ക്കും ആവശ്യം വിദ്യാഭ്യാസമാണെന്ന ദര്‍ശനമായിരുന്നു അതിന് പിന്നില്‍. പള്ളിക്കൂടങ്ങള്‍ ആരംഭിക്കുന്നതിന് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാവറയച്ചന്‍ മാന്നാനത്ത് ആരംഭിച്ച സംസ്കൃത സ്കൂളും സമൂഹത്തില്‍ പിന്തള്ളപ്പെട്ടവര്‍ക്കു വേണ്ടിയായിരുന്നു. അവര്‍ണ്ണര്‍ സംസ്കൃതം കേട്ടാല്‍ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന നിയമമുണ്ടായിരുന്ന കാലത്താണ് ചാവറയച്ചന്‍ അത്തരമൊരു നടപടിക്ക് മുതിര്‍ന്നത് എന്നുള്ളത് തലമുറകള്‍ മനസിലാക്കിയിരിക്കേണ്ട ചരിത്രപാഠമാണ്. അത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളത്തിന് അനിവാര്യമായ സാംസ്കാരിക നവോത്ഥാനത്തിന് കളമൊരുങ്ങിയത്.
ഒരു മത പശ്ചാത്തലത്തില്‍ നിലനിന്നുകൊണ്ടും ആ ചൈതന്യവും ആദര്‍ശവും ഉള്‍ക്കൊണ്ടുകൊണ്ടും എല്ലാവര്‍ക്കുംവേണ്ടി ജീവിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഒട്ടേറെ ക്രൈസ്തവ മിഷനറിമാരുടെ പ്രത്യേകത. ക്രിസ്തുവിനെയാണ് അവര്‍ മാതൃകയാക്കിയത് എന്നത് മാത്രമാണ് അതിന് കാരണം. വാസ്തവത്തില്‍ ഈ പ്രവര്‍ത്തന ശൈലിയാണ് കേരളത്തിനുണ്ടായ വിപ്ലവകരമായ മാറ്റത്തിന് അടിത്തറ പാകിയത്. വിദ്യാഭ്യാസ രംഗംതന്നെയാണ് അതില്‍ പ്രധാനം. വിദ്യാഭ്യാസത്തിന് ക്രൈസ്തവ സമൂഹവും കത്തോലിക്കാ സഭയും ഏറ്റവും ഉയര്‍ന്ന പ്രാധാന്യം നല്‍കിയതിന് പിന്നിലുള്ള ലക്ഷ്യം കേരളത്തിന്‍റെ സാംസ്കാരികവും സാമൂഹികവുമായ വളര്‍ച്ചയല്ലാതെ മറ്റൊന്നുമായിരുന്നില്ല. അത്രമാത്രം പ്രാധാന്യം ക്രൈസ്തവ സമൂഹം വിദ്യാഭ്യാസത്തിന് നല്‍കിയിരുന്നില്ലെങ്കില്‍ കേരളത്തിന്‍റെ അവസ്ഥ തീര്‍ച്ചയായും മറ്റൊന്നാകുമായിരുന്നു.

ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിന്‍റെയും നിലവാരത്തിന്‍റെയും കാര്യത്തില്‍ കത്തോലിക്കാസഭയുടെ സ്ഥാപനങ്ങള്‍ക്ക് പിന്നിലാണ് സര്‍ക്കാര്‍ പോലും എന്നുള്ളതാണ് വാസ്തവം. കേവലം മുപ്പത് ശതമാനം കുട്ടികള്‍ മാത്രമാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍. ഇത്രമാത്രം വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ ഭീമമായ മുതല്‍മുടക്കുകളും, മറ്റ് ചെലവുകളുമെല്ലാം വഹിക്കുന്നെങ്കിലും ശമ്പളം മാത്രമാണ് കേരളത്തിലെ അറുപത് ശതമാനത്തോളം വരുന്ന എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്നത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും വിവിധ കത്തോലിക്കാ മാനേജ്മെന്‍റുകളുടേതാണ്. ശമ്പളത്തിനപ്പുറമുള്ള സാമ്പത്തിക പിന്തുണ ഇക്കാലഘട്ടത്തിലും സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്നില്ല എന്നുവരുമ്പോള്‍ ഇന്നും കത്തോലിക്കാ സഭയും മറ്റ് ക്രൈസ്തവ സമൂഹങ്ങളും വിദ്യാഭ്യാസരംഗത്ത് കേരളത്തിന് നല്‍കിവരുന്ന സംഭാവനയുടെ വലിപ്പം കൂട്ടിവായിക്കേണ്ടതാണ്. കേരളത്തിന്‍റെ ചരിത്രത്തില്‍ ശക്തമായ ഒരു സാംസ്കാരിക അടിത്തറ ഒരുക്കി നല്‍കിയതിന് പുറമെ, ഇന്നും ആ ചരിത്രത്തെ പിന്തുടരുന്നു എന്നുള്ളതും സഭയുടെ പ്രവര്‍ത്തനങ്ങളുടെ സവിശേഷതയാണ്. എന്നാല്‍, അത്തരം ചരിത്രങ്ങളൊന്നും തന്നെ ഇന്നത്തെ ചരിത്രാഖ്യാനങ്ങളില്‍ ദൃശ്യമല്ല.

ലോക ചരിത്രത്തിലും അപനിര്‍മ്മിതി
ഒമ്പതാംക്ലാസിലെ സാമൂഹ്യപാഠപുസ്തകത്തിലെ ചില ആഖ്യാനങ്ങള്‍ കൗതുകകരമാണ്. ഒമര്‍ഖയ്യാമിനെ പോലുള്ള അറേബ്യന്‍ സാഹിത്യകാരന്മാരെ മുന്‍നിരയിലേക്ക് കൊണ്ടുവന്നിരിക്കുന്നത് അതിനും ഒമ്പത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന സെന്‍റ് അഗസ്റ്റിനെ പോലുള്ളവരെ പിന്നിലാക്കിയാണ്. ക്രിസ്തുവിനും മുമ്പ് ജീവിച്ചിരുന്ന ചരകന്‍, ശുശ്രുതന്‍ എന്നീ പുരാതനകാലത്തെ പണ്ഡിതന്മാര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന ശസ്ത്രക്രിയയുടെ പ്രാരംഭകര്‍ എന്ന സ്ഥാനം അവഗണിച്ച് ആ ശീര്‍ഷകവും ഒരു അറേബ്യന്‍ ചികിത്സകന് നല്‍കിയിരിക്കുന്നു. കുരിശു യുദ്ധ കാലത്തെ തുടര്‍ന്ന് അറേബ്യന്‍ രാജ്യങ്ങളില്‍നിന്നുണ്ടായ അറിവുകളുടെ കൈമാറ്റമാണ് യൂറോപ്പിന്‍റെ വളര്‍ച്ചയ്ക്ക് മുഖ്യ കാരണമായി പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. ഗണിതം, സാങ്കേതികവിദ്യ, ചികിത്സാരംഗം, സാഹിത്യം തുടങ്ങി മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളും വഴി വിളക്കുകളും വരെയുള്ള ഒട്ടേറെ ആശയങ്ങളിലും മേഖലകളിലും ലോകത്തിന് മുമ്പേ നടന്നവരും വഴി തെളിച്ചവരുമാണ് അറേബ്യന്‍ ജനത എന്ന് പുസ്തകം സംശയമില്ലാതെ പറഞ്ഞുവയ്ക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ വിശിഷ്ടമായ സാഹിത്യ രചനകള്‍ നടത്തിയവരെ അവഗണിച്ചുകൊണ്ടാണ് അറേബ്യന്‍ സാഹിത്യകാരന്മാര്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇത്തരം പാഠപുസ്തകങ്ങളിലൂടെ കടന്നുപോകുന്ന സാധാരണ വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ മനസില്‍ ഇസ്ലാമിക ലോകത്തെക്കുറിച്ചുള്ള ചിത്രം എന്തായിരിക്കുമെന്ന് ഊഹിക്കാം. അതുതന്നെയായിരിക്കണം പിന്നണി പ്രവര്‍ത്തകരുടെ ലക്ഷ്യവും.എന്നാല്‍, ഒരു ജനതയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള തന്ത്രം എന്നതിനപ്പുറം വലിയ ദോഷമാണ് ഇത്തരം കടന്നുകയറ്റങ്ങള്‍ മൂലം സംഭവിക്കുന്നത്. യാഥാര്‍ഥ്യങ്ങള്‍ തമസ്കരിക്കപ്പെടുന്നു എന്നതിനേക്കാള്‍ ഗുരുതരമാണ് ഒട്ടേറെ അബദ്ധ ധാരണകളില്‍ കുട്ടികള്‍ എത്തിച്ചേരുന്നത്. ചരിത്രത്തില്‍ പ്രത്യേകമായ ഇടങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതുപോലെ തന്നെ കടന്നുകൂടുന്ന മറ്റു പിഴവുകളും പലതുണ്ട്. ഒരേസമയം പൈഥഗോറസിന്‍റെയും യൂക്ലിഡിന്‍റെയും തിയറികള്‍ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍ക്കൊപ്പമാണ് ബീജഗണിതവും ത്രികോണമിതിയും അറബ് ലോകത്തിന്‍റെ സംഭവനയാണെന്ന് എഴുതിയിരിക്കുന്നത്. ക്രിസ്തുവിന് മൂന്ന് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഈജിപ്തില്‍ ജീവിച്ചിരുന്ന ടോളമിയില്‍ തുടങ്ങുന്ന ഗണിതശാസ്ത്ര തത്വങ്ങളാണ് ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. മധ്യകാല യൂറോപ്പിലെ സ്ത്രീകള്‍ക്ക് ബഹുഭൂരിപക്ഷത്തിനും വിദ്യാഭ്യാസത്തിനുള്ള അവസരമുണ്ടായിരുന്നില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പാഠപുസ്തകം, അറബ് ദേശത്ത് നേരെ വിപരീതമായ അവസ്ഥയായിരുന്നു എന്നാണ് പറഞ്ഞുവയ്ക്കുന്നത്.      
യൂറോപ്പില്‍നിന്ന് ആരംഭിച്ച നവോത്ഥാനവും അതിന്‍റെ തുടര്‍ച്ചയായ വലിയ പരിവര്‍ത്തനങ്ങളും അതുള്‍ക്കൊള്ളുന്ന പ്രാധാന്യത്തില്‍ത്തന്നെ പുതിയ തലമുറകള്‍ മനസിലാക്കിയിരിക്കേണ്ടത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. എന്നാല്‍, അത്തരം ചരിത്ര രചനകളിലെല്ലാം ചില സ്ഥാപിത താല്പര്യങ്ങളുടെ കടന്നുകയറ്റം വ്യക്തമാണ്. കത്തോലിക്കാ സഭയുടെ ഇടപെടലുകള്‍ പൂര്‍ണ്ണമായും തമസ്കരിക്കപ്പെട്ടിരിക്കുന്നതായി കാണാം. പൂര്‍ണ്ണതയില്ലാതെയും, അവ്യക്തമായും അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ആഖ്യാനങ്ങള്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. വാസ്തവത്തില്‍ ക്രിസ്തുവര്‍ഷത്തിന്‍റെ ആദ്യ നൂറ്റാണ്ടുകള്‍ മുതലിങ്ങോട്ടുള്ള ലോകചരിത്രത്തില്‍ ശാസ്ത്രരംഗത്ത് ഉള്‍പ്പെടെയുള്ള വിവിധ മുന്നേറ്റങ്ങള്‍ ക്രൈസ്തവ സമൂഹവും കത്തോലിക്കാ സഭയുമായും ബന്ധപ്പെട്ടു നില്‍ക്കുന്നവയാണ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള സയന്‍സ് അക്കാദമി കത്തോലിക്കാ സഭയുടെ മേല്‍നോട്ടത്തില്‍ പതിനേഴാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ടതാണ് (അക്കാദമി ഓഫ് ലിന്‍ക്സ്, അരരമറലാശമ റലശ ഘശിരലശ , അരരമറലാ്യ ീള ഘ്യിഃ) എന്ന വാസ്തവത്തെ മറച്ചുവച്ചുകൊണ്ടാണ് കത്തോലിക്കാ സഭ ശാസ്ത്രത്തിന് വിരുദ്ധമായി ചിന്തിക്കുന്നു എന്ന പ്രചരണങ്ങള്‍ നടക്കുന്നത്. ചരിത്രത്തില്‍ വ്യക്തമായ ഇടം അടയാളപ്പെടുത്തിയിട്ടുള്ള ശാസ്ത്രജ്ഞരായ അനവധി വൈദികരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍പോലും കണ്ടെത്തുക എളുപ്പമല്ല.
കേരളത്തിലെ പാഠപുസ്തകങ്ങളില്‍ മുഖ്യമായും വിവരിക്കുന്നത് മറ്റു ചില ചിത്രങ്ങളാണ്. മധ്യപൂര്‍വ്വദേശത്തെ സാമൂഹിക – സാങ്കേതിക – വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുമ്പോഴും, യൂറോപ്പിന്‍റെയും ഇന്ത്യയുടേയും ഇത്തരം മേഖലകളിലെ മുന്നേറ്റങ്ങളില്‍ പലതും അവഗണിക്കപ്പെട്ടിരിക്കുന്നതായി കാണാം. ചില വിഭാഗങ്ങളെ മാത്രം മികവുറ്റവരാക്കി ചിത്രീകരിക്കാനുള്ള പ്രവണത കാണപ്പെടുന്നതിന് പിന്നില്‍ അനാരോഗ്യകരമായ ചില ഇടപെടലുകള്‍ സംശയിക്കുന്നതില്‍ തെറ്റില്ല. ഇത്തരം ലക്ഷ്യങ്ങള്‍ക്കായി ചരിത്രം തിരുത്തിയെഴുതുന്ന പ്രവണത അപകടകരമാണ്.ശരിയായ പഠനങ്ങളും ഇടപെടലുകളും ആവശ്യം  
തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ക്കും ഗൂഢ ലക്ഷ്യങ്ങള്‍ക്കും വേണ്ടി ചരിത്രത്തിലും സമിതികളിലും അതിക്രമിച്ചു കയറുന്നവരെ തിരിച്ചറിഞ്ഞ് മാറ്റി നിര്‍ത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ശരിയായ പഠനങ്ങളും നിരീക്ഷണങ്ങളും ഉണ്ടാകേണ്ടതുണ്ട്. വിസ്മരിക്കപ്പെട്ടതും തമസ്കരിക്കപ്പെട്ടതും മാറ്റിയെഴുതപ്പെട്ടതുമായ ചരിത്രങ്ങളെയും ചരിത്രത്തിലെ വ്യക്തിത്വങ്ങളെയും കണ്ടെത്തുകയും അടയാളപ്പെടുത്തുകയും വേണം. അത്തരമൊരു ഉറച്ച പരിശ്രമം ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. സ്ഥാപിത താല്പര്യങ്ങളുടെ കടന്നുകയറ്റങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതും പ്രതിരോധിക്കപ്പെടേണ്ടതുമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്പക്ഷവും നീതിനിഷ്ഠവും ഉത്തരവാദിത്തങ്ങളെ ഉള്‍ക്കൊള്ളുന്നതുമാവുകയാണ് ഇതിന് പരിഹാരം. കളങ്കിതവും അഴിമതിക്ക് കീഴ്പെട്ടതുമായ ഒരു ഭരണസംവിധാനത്തെ തിരുത്താന്‍ കഠിനമായ പരിശ്രമം ആവശ്യമാണ്. കേരളത്തിലെ മതേതര സമൂഹം അതിന് സജ്ജരാവുകയാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യം.