സോണിയാ ഗാന്ധി രാജ്യസഭ യിലേക്ക്; സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് കോൺഗ്രസ്, പത്രിക സമർപ്പിച്ചു

രാജ്യസഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്‌ എഐസിസി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. രാജസ്ഥാനില്‍ നിന്നാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കൊപ്പം ജയ്പൂരില്‍ എത്തിയാണ് സോണിയ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. രാജസ്ഥാനില്‍ നിന്ന് ഒരു സീറ്റിലാണ് കോണ്‍ഗ്രസിന് രാജ്യസഭയിലേക്ക് ജയിക്കാന്‍ സാധിക്കുക. 25 വര്‍ഷം ലോക്‌സഭ എംപിയായിരുന്ന സോണിയുടെ ആദ്യ രാജ്യസഭ ടേം ആയിരിക്കും ഇത്.15 സംസ്ഥാനങ്ങളില്‍ നിന്ന് 56 സീറ്റുകളാണ് രാജ്യസഭയില്‍ ഒഴിവു വരുന്നത്. ഫെബ്രുവരി 27-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നു സീറ്റുകളാണ് രാജസ്ഥാനില്‍ ഒഴിവുവരുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒഴിയുന്ന സീറ്റിലേക്കാണ് സോണിയ മത്സരിക്കുന്നത്.രാജ്യസഭ തിരഞ്ഞെടുപ്പിലേക്കുള്ള സോണിയ ഉള്‍പ്പെടെയുള്ള നാല് സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ബിഹാറില്‍ നിന്ന് അഖിലേഷ് പ്രസാദ് സിങ്, ഹിമാചല്‍ പ്രദേശില്‍ നിന്ന് അഭിഷേക് മനു സിങ്‌വി, മഹാരാഷ്ട്രയില്‍ നിന്ന് ചന്ദ്രകാന്ത് ഹന്‍ഡോര്‍ എന്നിവരും മത്സരിക്കും.

2019-ലെ ലോക്‌സഭ തിരഞ്ഞെടപ്പ് തന്റെ അവസാന മത്സരം ആയിരിക്കുമെന്ന് സോണിയ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.സോണിയയുടെ തട്ടകമായ റായ്ബറേലിയില്‍, ഇത്തവണ മകളും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും എന്നാണ് സൂചന. എന്നാല്‍, പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

1999-ല്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധി, 2004-ല്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി മണ്ഡലം മാറുകയായിരുന്നു