ഭക്ഷ്യവിഷബാധ


ഡോ. അനിറ്റ് ജോസഫ്
2023 – ന്‍റെ തുടക്കത്തോടെ നമ്മള്‍ ഏറ്റവും കൂടുതല്‍ കേട്ടുകൊണ്ടിരിക്കുന്നത് കേരളത്തിലുടനീളം ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ റെയ്ഡുകളും അതിന്‍റെ ഭാഗമായിട്ടുള്ള നടപടികളുമാണ്. ഇതിന്‍റെ കാരണം ഭക്ഷ്യവിഷബാധയാണ്. ഭക്ഷ്യവിഷബാധയേറ്റുള്ള മരണങ്ങള്‍ ഒരു തുടര്‍കഥയാണ് ഇന്ന് കേരളത്തില്‍. മുന്‍പും ഭക്ഷ്യവിഷബാധ ഒരു ചര്‍ച്ചാവിഷയമായിട്ടുണ്ടെങ്കിലും ഇത്രയും ഗുരുതരാവസ്ഥയില്‍ കേരളം എത്തിയത് ഇപ്പോഴാണ്. സുനാമി ഇറച്ചിയും, ഷവര്‍മ്മയും, കുഴിമന്തിയും, അല്‍ഫാമും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ ഭക്ഷ്യവിഷബാധയുടെ വില്ലന്‍ സാല്‍മൊണെല്ലാ ബാക്ടീരിയയാണ്. പറവൂരിലെ ഹോട്ടലില്‍നിന്നും രോഗബാധയേറ്റവരില്‍നിന്നും സാന്‍മൊണെല്ലാ ബാക്ടീരിയയെ കണ്ടെത്തി.
സാല്‍മൊണെല്ലാ വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ മൂലം മനുഷ്യരെ ബാധിക്കുന്ന രോഗാവസ്ഥയെ സാല്‍മണെല്ലോസിസ് എന്നാണ് പറയുന്നത്. ഛര്‍ദ്ദി, വയറിളക്കം, കഠിനമായ വയറുവേദന, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. വളരെ പ്രായമായവരിലും ചെറിയ കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും രോഗം അപകടകരമായിത്തീരാം. അണുബാധയുള്ള മാംസം, മുട്ട, പാല്‍ എന്നിവ വഴിയാണ് രോഗപ്പകര്‍ച്ച. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ഒരു ദിവസത്തിനകം തന്നെ ചെറുകുടലില്‍ ബാക്ടീരിയ പെരുകുകയും രോഗലക്ഷണങ്ങള്‍ കാണുകയും ചെയ്യുന്നു. ചെറിയ തരത്തിലുള്ള രോഗബാധ പ്രത്യേക ചികിത്സ കൂടാതെ തന്നെ ഭേദമാകുന്നു. എന്നാല്‍ രോഗബാധ കൂടുന്ന സാഹചര്യത്തില്‍ ചികിത്സ തേടേണ്ടി വരും.
എന്താണ് ഭക്ഷ്യവിഷബാധ?
മലിനമായതോ, പഴകിയതോ, വൃത്തിയില്ലാത്തതോ ആയ ഭക്ഷണമോ ജലമോ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുമ്പോള്‍ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച മൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം. അതുപോലെതന്നെ ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വയ്ക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയും അണുബാധയ്ക്ക് കാരണമാകാം. ഹോട്ടലില്‍നിന്നും കഴിക്കുന്ന ഭക്ഷണത്തിലൂടെയും, പൊതുചടങ്ങുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിലൂടെയും, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വഴിയും ഭക്ഷ്യവിഷബാധ ഉണ്ടാകാറുണ്ട്. പൊടിപടലങ്ങളില്‍നിന്നും മലിന ജലത്തില്‍നിന്നുമൊക്കെ ബാക്ടീരിയ ഭക്ഷണത്തില്‍ കലരാനുള്ള സാധ്യത ഏറെയാണ്.
കാരണങ്ങള്‍:-

1. മലിനജലം  ഉപയോഗിക്കുന്നത്.
2. ശുചിത്വമില്ലാതെ ഭക്ഷണം പാചകം ചെയ്യുന്നത്.
3. പാചകം ചെയ്യാനുപയോഗിക്കുന്ന അസംസ്കൃതവസ്തുക്കളില്‍ മാലിന്യം കലരുന്നത്.
4. വൃത്തിയില്ലാത്ത പാത്രങ്ങള്‍ ഭക്ഷണം പാകം ചെയ്യുന്നതിനോ ഭക്ഷണം സൂക്ഷിക്കുന്നതിനോ ഉപയോഗിക്കുന്നത്.
5. ഇറച്ചി, മീന്‍, പാല്‍, പാലുല്പന്നങ്ങള്‍, മുട്ട എന്നിങ്ങനെ ദ്രുതഗതിയില്‍ ബാക്ടീരിയ വളരുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാചകം ചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുന്നത്.
ലക്ഷണങ്ങള്‍:-
ഭക്ഷണം കഴിച്ചതിനുശേഷമുണ്ടാകുന്ന ഓക്കാനം, ഛര്‍ദ്ദി, മനംപിരട്ടല്‍, ശരീരവേദന, ശരീരത്തില്‍ തരിപ്പ്, വയറിളക്കം, വയറുവേദന, വിശപ്പില്ലായ്മ, നേരിയ പനി, തലവേദന എന്നിവയാണ്  പ്രധാനലക്ഷണങ്ങള്‍. ഭക്ഷണം കഴിച്ചതിനുശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ചിലപ്പോള്‍ ഒരു ദിവസംവരെ നീണ്ടുനില്‍ക്കുന്ന ഇടവേളയ്ക്കു ശേഷമോ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഭക്ഷ്യവിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണംവരെ സംഭവിക്കാം.
അധികം ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധ രണ്ടുമുതല്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് ഭേദമാകും. ഒരേ ഭക്ഷണം കഴിച്ച എല്ലാവരിലും അസുഖം ഒരേ പോലെ വരണമെന്നുമില്ല. ചിലര്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നുമില്ല. ഓരോരുത്തരുടെയും ഉള്ളില്‍ പ്രവേശിക്കുന്ന ബാക്ടീരിയയുടെ അളവ് അനുസരിച്ചും, അയാളുടെ പ്രതിരോധശേഷിയെ ആശ്രയിച്ചുമാണിതിരിക്കുന്നത്.
പ്രതിരോധംڈ:-
1. ഏറ്റവും പ്രധാനം ശുചിത്വമാണ്. അടുക്കളയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
2. കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയതിനുശേഷം മാത്രമേ ഭക്ഷണം പാകം ചെയ്യാവൂ.
3. വൃത്തിയുള്ള പാത്രങ്ങളില്‍ മാത്രമേ ഭക്ഷണം സൂക്ഷിക്കാവൂ.
4. ഇറച്ചി, മീന്‍ എന്നിവ മുറിക്കാനുപയോഗിക്കുന്ന കത്തി, കട്ടിംഗ് ബോര്‍ഡ് എന്നിവ പച്ചക്കറി മുറിക്കാന്‍ ഉപയോഗിക്കരുത്. ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ചശേഷം കഴുകി വൃത്തിയായി സൂക്ഷിക്കുക.
5. പച്ചക്കറി, മീന്‍, മുട്ട, ഇറച്ചി തുടങ്ങിയവ പാകം ചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങള്‍ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ യഥാസമയം പുറത്തുകളയണം.
6. ഈച്ചശല്യം ഒഴിവാക്കണം.
7. ചീഞ്ഞ പച്ചക്കറികള്‍,  പഴകിയ മീന്‍, മുട്ട, ഇറച്ചി എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്.
8. പച്ചക്കറികള്‍ ഉപ്പും വിനാഗിരിയും ഇട്ട് നന്നായി കഴുകിയതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ.
9. കേടായ ഭക്ഷ്യവസ്തുക്കള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.
10. പാചകം ചെയ്ത ഭക്ഷണസാധനങ്ങള്‍ നിയന്ത്രിതമായ ഊഷ്മാവിലല്ല സൂക്ഷിക്കുന്നതെങ്കില്‍ അവ ഉപയോഗിക്കാതിരിക്കുക.
11. പൊതുചടങ്ങുകളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ നന്നായി കൈകള്‍ കഴുകി വൃത്തിയാക്കിയതിനുശേഷം ഭക്ഷണം കഴിക്കുക.
12. തിളപ്പിച്ചാറിച്ച വെള്ളം മാത്രം കുടിക്കുക.
13. ഭക്ഷണം വിളമ്പുന്ന പാത്രങ്ങള്‍, ഇലകള്‍ എന്നിവ വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക.
14. പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം കഴിക്കാതിരിക്കുക.
15. പായ്ക്കറ്റ് ഫുഡ് വാങ്ങുമ്പോള്‍ അതിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തണം, എക്സ്പയറി ഡേറ്റ് നോക്കി വാങ്ങുക.
16. വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലില്‍നിന്നുമാത്രം ആഹാരം കഴിക്കുക.
17. ഭക്ഷണം പാഴ്സല്‍ വാങ്ങി കഴിക്കുമ്പോള്‍ അതിന്‍റെ ചൂട് ആറുന്നതിനുമുമ്പ് കഴിക്കാന്‍ ശ്രമിക്കുക.
18. യാത്രകളില്‍ കഴിയുന്നതും സസ്യാഹാരം കഴിക്കുക.
19. ആഹാരത്തിന്‍റെ രുചി, മണം, നിറം എന്നിവയില്‍ വ്യത്യാസം തോന്നിയാല്‍ അത്തരം ആഹാരം കഴിക്കരുത്.
20. പാകം ചെയ്ത മാംസം, മുട്ട, മത്സ്യം എന്നിവ അധികനേരം പുറത്തുവയ്ക്കരുത്.
21. പഴകിയ എണ്ണപ്പലഹാരങ്ങള്‍ ഉപയോഗിക്കരുത്.
22. ഭക്ഷണസാധനങ്ങള്‍ തുറന്ന് വയ്ക്കരുത്.
ഭക്ഷ്യവിഷബാധയേറ്റാല്‍ പ്രാഥമിക ചികിത്സ
ശരീരത്തില്‍ ജലാംശം കുറയാതെ നോക്കണം. അതിനാല്‍ തിളപ്പിച്ചാറിച്ച ധാരാളം വെള്ളം, കരിക്കിന്‍ വെള്ളം, ഒ.ആര്‍.എസ്. ലായനി മുതലായവ കുടിക്കുക.
ഛര്‍ദ്ദി  ആവര്‍ത്തിക്കുക, ഒരു ദിവസം കഴിഞ്ഞിട്ടും ഭേദമാകാതിരിക്കുക, തളര്‍ന്ന് അവശനിലയിലാവുക, വയറിളക്കം പിടിപെടുക, കടുത്ത വയറുവേദന അനുഭവപ്പെടുക, മലത്തില്‍ രക്തത്തിന്‍റെ അംശം കാണുക എന്നീ ലക്ഷണങ്ങള്‍ കണ്ടാലുടനെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ തേടേണ്ടതാണ്.