അധികയാത്രാ ബത്തയായി കേരള സര്‍ക്കാര്‍ 30 ലക്ഷം രൂപ അനുവദിച്ച കാര്യം അറിഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

അധികയാത്രാ ബത്തയായി കേരള സര്‍ക്കാര്‍ 30 ലക്ഷം രൂപ അനുവദിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ .

വ്യക്തിപരമായി താന്‍ ആവശ്യപ്പെട്ടിട്ടല്ല തുക അനുവദിച്ചതെന്നും ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ യില്‍ പ്രതികരിച്ചു. ഈ കാര്യങ്ങളെല്ലാം ചെയ്യുന്നത് രാജ്ഭവന്റെ പ്രോട്ടോകോള്‍ പ്രകാരമെന്നും ഗവ‍ര്‍ണ‍ര്‍ വ്യക്തമാക്കി.

സാമ്ബത്തിക പ്രതിസന്ധിക്കിടയില്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച നടപടി വിവാദമായിരുന്നു. നടപ്പ് സാമ്ബത്തിക വര്‍ഷം വിമാനയാത്രക്കായി സര്‍ക്കാര്‍ അനുവദിച്ചിരുന്ന പണം ചെലവാക്കി കഴിഞ്ഞതിനെ തുടര്‍ന്നാണ് കൂടുതല്‍ തുക അനുവദിക്കേണ്ടിവന്നത്.

ഡിസംബര്‍ 30 നാണ് അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയത്. സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് നിലനില്‍ക്കുമ്ബോഴായിരുന്നു ആവശ്യം. സര്‍ക്കാര്‍- ഗവര്‍ണര്‍ തര്‍ക്കങ്ങളില്‍ മഞ്ഞുരുകിയതോടെ ഫയല്‍ ധനവകുപ്പ് പരിഗണിച്ചു. ജനുവരി 24 ന് എക്സ്പെന്‍ഡിച്ചര്‍ വിംഗ് ഗവര്‍ണറുടെ വിമാനയാത്രക്ക് ചെലവായ തുക അനുവദിക്കാന്‍ അധിക ഫണ്ട് വേണമെന്ന് ബജറ്റ് വിംഗിനോട് ആവശ്യപ്പെട്ടു.

ജനുവരി 26ന് രാജ് ഭവനിലെ വിരുന്നിനെത്തിയ മുഖ്യമന്ത്രിയോടും അധിക തുക അനുവദിക്കുന്ന കാര്യം ഗവര്‍ണര്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അധികതുക അനുവദിച്ച്‌ ഉത്തരവായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സംസ്ഥാനത്ത് കടുത്ത സാമ്ബത്തിക നിയന്ത്രണവും അധിക നികുതി നിര്‍ദ്ദേവും ഉള്ളപ്പോഴാണ് ഗവര്‍ണര്‍ക്ക് അധിക തുക അനുവദിച്ചത്.

നേരത്തെ രാജ്ഭവനിലെ താല്‍ക്കാലിക ഫോട്ടോഗ്രാഫറെയും 20 താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍റെ ആവശ്യം പരിഗണിച്ച്‌ ഫോട്ടോഗ്രാഫറെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു. ഗവര്‍ണര്‍ പ്രത്യേക താല്‍പ്പര്യപ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ എടുത്ത് പറയുന്നുമുണ്ട്. ഫെബ്രുവരി 17 നാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.