സംസ്ഥാനത്ത് മണ്‍സൂണ്‍ വൈകും

സംസ്ഥാനത്ത് മണ്‍സൂണ്‍ വൈകുന്നു. കാലവര്‍ഷമെത്തി എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള മഴ കഴിഞ്ഞ ദിവസങ്ങളിലുണ്ടായില്ല. തിങ്കളാഴ്ചയോടെ മഴ ശക്തിപ്പെട്ടേക്കും

മെയ് 31 ന് സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ആദ്യ പ്രവചനം. പിന്നീട് ഇന്ന് മണ്‍സൂണ്‍ എത്തുമെന്ന് അറിയിപ്പ് വന്നു. എന്നാല്‍ മാനദണ്ഡം അനുസരിച്ച്‌ നിശ്ചിത സ്റ്റേഷനുകളില്‍ രണ്ട് ദിവസം തുടര്‍ച്ചയായി 2.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാലാണ് മണ്‍സൂണ്‍ ആരംഭിച്ചതായി കണക്കാക്കുന്നത്. അത്രയും മഴ രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. അതിനാല്‍ കാലവര്‍ഷം വൈകുമെന്നാണ് വിദഗ്ധരുടെ നിഗമനം.

കാലവര്‍ഷക്കാറ്റ് ഇനിയും സജീവമാകാത്തതാണ് തുടര്‍ച്ചയായ മഴ ലഭിക്കാത്തതിന് കാരണം. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കാലവര്‍ഷം ശരാശരിയിലും ദുര്‍ബലമാകുമെന്നാണ് പ്രവചനം. എന്നാല്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും ഉയര്‍ന്ന വേനല്‍മഴയാണ് ഇത്തവണ ഉണ്ടായത്.