കീവ് ∙ യുക്രെയ്നിലെ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങുന്നതിനിടെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും ചര്‍ച്ച പുനരാരംഭിച്ചു
തുര്‍ക്കിയില്‍ 3 ദിവസം മുന്‍പ് ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥ സംഘം ആരംഭിച്ച ചര്‍ച്ചയുടെ തുടര്‍ച്ചയാണിത്. വിഡിയോ ലിങ്ക് വഴിയുള്ള ചര്‍ച്ചയുടെ ചിത്രം റഷ്യന്‍ സംഘത്തിന്റെ തലവന്‍ വ്ലാഡിമിര്‍ മെഡിന്‍സ്കി പുറത്തുവിട്ടു. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുടെ ഓഫിസ് ഇതു സ്ഥിരീകരിച്ചു.
കടുത്ത പോരാട്ട വേദിയായ കീവ് നഗരപ്രാന്തത്തിലെ ഇര്‍പിന്‍, ഹൊസ്റ്റോമല്‍ എന്നിവിടങ്ങളില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയതായി കീവ് റീജനല്‍ ഗവര്‍ണര്‍ ഒലെക്സാണ്ടര്‍ പാവ്‍ലൂക് അറിയിച്ചു. യുദ്ധം പ്രേതനഗരങ്ങളാക്കിയ ഇവ ഇപ്പോള്‍ യുക്രെയ്നിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. ചെര്‍ണീവില്‍ നിന്നും റഷ്യന്‍ സൈന്യം പിന്‍വാങ്ങിത്തുടങ്ങിയതായി അവിടത്തെ ഗവര്‍ണര്‍ അറിയിച്ചു. മൈക്കലോവില്‍ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി. യുദ്ധക്കെടുതി രൂക്ഷമായ മരിയുപോളില്‍ ഒഴിപ്പിക്കലിന് അനുമതി തേടിയിട്ടും റഷ്യ നല്‍കിയില്ലെന്ന് രാജ്യാന്തര റെഡ്ക്രോസ് പരാതിപ്പെട്ടു.
റൂബിളില്‍ പണം നല്‍കിയാലേ പ്രകൃതി വാതകം നല്‍കൂ എന്ന് പ്രസിഡന്റ് പുട്ടിന്റെ അന്ത്യശാസനം നല്‍കിയെങ്കിലും റഷ്യന്‍ വാതകം യൂറോപ്പിലേക്ക് സുഗമമായി നീങ്ങി. നേരത്തെ പണം നല്‍കി കരാറായവ നല്‍കുന്നതിനു വിലക്കില്ലെന്നും പുതിയ കരാറുകള്‍ക്കാണ് അന്ത്യശാസനം ബാധകമെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.
റഷ്യന്‍ നഗരമായ ബെല്‍ഗൊറോദിലെ ഇന്ധന സംഭരണിക്കു നേരെ യുക്രെയ്ന്‍ വ്യോമാക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു. ഇതാദ്യമായാണ് റഷ്യന്‍ മണ്ണില്‍ യുക്രെയ്ന്‍ ആക്രമണം നടത്തിയതായി ആരോപിക്കുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ യുക്രെയ്ന്‍ തയാറായിട്ടില്ല. 2 ഹെലികോപ്റ്ററുകളാണ് ആക്രമണം നടത്തിയതെന്ന് ബെല്‍ഗൊറോദ് ഗവര്‍ണര്‍ പറഞ്ഞു. യുക്രെയ്ന്‍ അഭയാര്‍ഥികളുടെ കൈവശമുള്ള കറന്‍സി നല്‍കി പരമാവധി 300 യൂറോ വാങ്ങാന്‍ യൂറോപ്യന്‍ കമ്മിഷന്‍ അനുമതി നല്‍കി. ഉപരോധം ലംഘിച്ച് റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ – ചൈന നേതൃയോഗത്തില്‍ ചൈന വ്യക്തമാക്കി

