വിശുദ്ധ വാലന്റൈൻ

ഫെബ്രുവരി 14 ലോകം മുഴുവൻ പ്രണയദിനമായി ആഘോഷിക്കപ്പെടുമ്പോൾ, ആ ദിവസത്തിനും ഒരു മഹത്തായ ജീവത്യാഗത്തിൻ്റെ കഥ പറയുവാനുണ്ട്. അത് വിശുദ്ധ വാലന്റൈൻന്റെ കഥയാണ് !

റ്റോബിൻ ഏർത്തുകുന്നേൽ

മൂന്നാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യം ഭരിച്ചിരുന്ന ചകവർത്തിയായിരുന്നു ക്ലോഡിയസ് രണ്ടാമൻ ക്രൂരനായ ഒരു ഏകാധിപതിയായിരുന്നു ക്ലോഡിയസ്. അതുകൊണ്ടുതന്നെ ‘കോഡിയസ് ദ ക്രൂവൽ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൊടിയ മർദ്ദന മുറകളും, വിചിത്രമായ നിയമങ്ങളും അദ്ദേഹത്തിന്റെ ഭരണത്തെ ദുഷിച്ചതാക്കി മാറ്റി. റോമൻ സൈനികരെ അടക്കി വാണിരുന്ന ക്ലോഡിയസ് രണ്ടാമന് നിരന്തരം യുദ്ധത്തിൽ ഏർപ്പെടുക എന്നത് ഒരു ഹരമായിതീർന്നു. തുടർച്ചയായുള്ള യുദ്ധങ്ങൾ മൂലം സൈനികർ യുദ്ധത്തെയും, രാജാവിനെയും ഒരുപോലെ വെറുത്തു. സ്വന്തം കുടുംബത്തിൽനിന്നും, പ്രിയപ്പെട്ടവരിൽനിന്നും അധികനാൾ പിരിഞ്ഞിരിക്കുന്നത് അവർക്ക് അസഹനീയമായിരുന്നു. അതുകൊണ്ടുതന്നെ, റോമൻ സൈന്യത്തിൽ ചേരാൻ എല്ലാവരും മടി കാണിച്ചു. ക്ലോഡിയസ് നടത്തിയിരുന്ന നിരന്തരമായ യുദ്ധങ്ങൾ തങ്ങളെ, തങ്ങളുടെ പ്രിയപ്പെട്ടവരിൽനിന്ന് അകറ്റി കളയുമെന്ന് അവർ ഭയന്നു. ഇത് മനസ്സിലാക്കിയ ക്ലോഡിയസ് വളരെ വിചിത്രമായ ഒരു തീരുമാനത്തിലാണ് എത്തിച്ചേർന്നത്. അദ്ദേഹം റോമാ സാമ്രാജ്യത്തിൽ സൈനികരുടെ വിവാഹവും, വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാ ചടങ്ങുകളും നിരോധിച്ചു ഈ കാലഘട്ടത്തിലാണ് വാലൻ്റെൻ എന്ന പുരോഹിതൻ റോമാ സാമ്രാജ്യത്തിൽ ജീവിച്ചിരുന്നത്. ഇറ്റലിയിലെ ടെർനിയിൽ ജനിച്ച അദ്ദേഹത്തിൻ്റെ മുഴുവൻ പേര് ‘വാലന്റൈൻ ഓഫ് ടെർനി’ എന്നാണ്. ക്രിസ്ത്യാനികൾ കൊടിയ പീഢനം ഏറ്റുവാങ്ങിയിരുന്ന സാഹചാര്യമാണ് അന്ന് റോമിൽ ഉണ്ടായിരുന്നത്. എന്നാൽ അവയ്ക്കൊന്നും ധീരനായ വാലൻ്റെനെ തളർത്താൻ കഴിഞ്ഞില്ല. എല്ലാ കാര്യങ്ങളും ക്രിസ്‌തുവിനുവേണ്ടി അദ്ദേഹം തികഞ്ഞ ആത്മാർത്ഥതയോടെ ചെയ്തു‌. വിവാഹബന്ധത്തിന്റെ പവിത്രതയും, കുടുംബബന്ധത്തിൻ്റെ പ്രാധാന്യവും, സ്നേഹത്തിൻ്റെ ആഴവും കൃത്യമായി മനസ്സിലാക്കിയിരുന്ന വാലൻ്റന് വിവാഹം നിരോധിച്ചുകൊണ്ടുള്ള ക്ലോഡിയസ് രണ്ടാമൻ്റെ ഉത്തരവ് ഒട്ടും സ്വീകാര്യമായിരുന്നില്ല. അതുകൊണ്ടു തന്നെ സ്നേഹിക്കുന്നവരെയെല്ലാം ഒരുമിപ്പിക്കുവാൻ അദ്ദേഹം തീരുമാനിക്കുകയും, രഹസ്യമായി അവരുടെ വിവാഹം നടത്തികൊടുക്കുകയും ചെയ്തു. അധികം വൈകാതെ ക്ലോഡിയസ് രണ്ടാമൻ ഈ വിവരം അറിയാൻ ഇടയായി. ക്രിസ്‌ത്യാനികളെ വേട്ടയാടുന്നതിൽ ഹരം കണ്ടെത്തിയിരുന്ന ചക്രവർത്തി ഒരു പുരോഹിതനെത്തന്നെ തൻ്റെ ഇരയായി വീണുകിട്ടിയതിൽ സന്തോഷിച്ചു. വാലൻ്റെനുമായുള്ള സംസാരത്തിൽ അദ്ദേഹത്തിൻ്റെ വിശുദ്ധി മനസിലാക്കിയ ക്ലോഡിയസ് രണ്ടാമൻ അനുനയ ശ്രമങ്ങളാക്കെ നടത്തി നോക്കുന്നുണ്ട്. ചക്രവർത്തി മുന്നോട്ടുവച്ച ഉപാധി ഇതായിരുന്നു. വാലൻ്റെറൻ നടത്തികൊടുത്ത വിവാഹങ്ങളെല്ലാം അദ്ദേഹം തന്നെ വേർപെടുത്തണം! താൻ ചെയ്യുന്ന നന്മയിൽ ഉത്തമബോധ്യം ഉണ്ടായിരുന്ന വാലൻ്റൈൻ രാജാവിൻ്റെ അനുനയ ശ്രമങ്ങളോട് നിസ്സഹകരിക്കുകയാണുണ്ടായത്. തന്റെ ഉത്തരവ് ലംഘിച്ച വാലന്റൈനെ കഠിനമായി തന്നെ ശിക്ഷിക്കണമെന്ന് രാജാവ് തീരുമാനിച്ചു.വളരെ കഠിനമായ ശിക്ഷയാണ് ക്ലോഡിയസ് വാലന്റൈന് വിധിച്ചത്. ആദ്യം ചാട്ടവാറടിയും കല്ലേറും, പിന്നെ വധശിക്ഷ! വാലൻ്റെനെ പാർപ്പിച്ചിരുന്ന തടവറയുടെ അധികാരി അസ്റ്റീരിയസ് എന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ മകൾ ജൂലിയ, ജന്മനാതന്നെ അന്ധയായിരുന്നതിനാൽ അദ്ദേഹം കടുത്ത സങ്കടം അനുഭവിച്ചിരുന്നു. തന്റെ മകൾക്ക് ജ്ഞാനം പകർന്നു കൊടുക്കുവാൻ അസ്റ്റീരിയസ് കണ്ടെത്തിയത് പണ്ഡിതനായ വാലൻ്നെയാണ്. സ്നേഹനിധിയായ വാലന്റൈൻ ആ ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കുകയും ജൂലിയയ്ക്ക് പ്രകൃതിയെക്കുറിച്ചും, ദൈവത്തെക്കുറിച്ചും, അവിടുത്തെ സ്നേഹത്തെക്കുറിച്ചുമൊക്കെ പറഞ്ഞുകൊടുക്കുകയും ചെയ്തു‌. അധികം താമസിക്കാതെ തന്നെ അവർ തമ്മിൽ വളരെ ഗാഢമായ ഒരു സൗഹൃദം ഉടലെടുത്തു. വാലന്റൈ്റെൻ്റെ കണ്ണുകളിലൂടെ ജൂലിയ ലോകം കണ്ടു. അത് മനോഹരവും, ദൈവസ്നേഹം അലയടിക്കുന്നതുമായ ഒരു ലോകമാണെന്ന് അവൾ തിരിച്ചറിഞ്ഞു.തന്റെ വധശിക്ഷ നടപ്പിലാക്കുന്ന ദിവസത്തിന്റെ തലേന്ന്, വാലന്റൈൻ ജൂലിയയ്ക്ക് ഹൃദയസ്‌പർശിയായ ഒരു കത്തെഴുതി. അവൾക്ക് കാണാനോ, വായിക്കാനോ കഴിയില്ല എന്നറിയാമായിരുന്നിട്ടും, വൈലറ്റ് പൂക്കളുടെ ചാറുകൊണ്ടാണ് ആ കത്ത് വാലൻ്റൈൻ എഴുതിയത് കത്തിന്റെ അവസാനം, പിന്നീട് വളരെ പ്രശസ്ത‌മായ ആ വാചകം വാലൻ്റൻ കുറിച്ചിട്ടു. “ഫ്രം യുവർ വാലന്റൈൻ” (നിന്റെ വാലൻ്റെനിൽനിന്നും). പിറ്റേദിവസം, ഫെബ്രുവരി 14, AD 269. അന്നാണ് വാലൻ്റെൻ്റെ വധശിക്ഷ നടപ്പിലാക്കിയത്. അന്നേ ദിവസം തന്നെയാണ് ജൂലിയ, തന്റെ പ്രിയപ്പെട്ട വാലൻ്റെൻ തനിക്കെഴുതിയ കത്ത് തുറക്കുന്നതും. അത് തുറന്നതും ജൂലിയയ്ക്ക് അത്ഭുതകരമായി കാഴ്ച്ച ലഭിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.ഫെബ്രുവരി 14-ന്, സ്നേഹിക്കുന്നവർക്കുവേണ്ടി ജീവത്യാഗം ചെയ്‌ത വി. വാലിൻ്റെൻ്റെ ഓർമ്മ പ്രണയദിനമായി കൊണ്ടാടുവാൻ സഭ തീരുമാനിച്ചു. ഇന്നും ലോകമെമ്പാടും അത് തുടർന്നു പോരുന്നു. എ.ഡി. 496-ൽ പോപ്പ് ജലേസിയസ് വാലൻ്റെനെ വിശുദ്ധനായി പ്രഖ്യാപിച്ചു. സ്നേഹിക്കുന്നവർക്കു വേണ്ടി നിലകൊണ്ട വാലന്റൈൻ സ്നേഹിക്കുന്നവരുടെ മധ്യസ്ഥനായി ഇന്നറിയപ്പെടുന്നു. പീഡിപ്പിക്കപ്പെട്ട ക്രിസ്‌ത്യാനികളെ ശുശ്രൂഷിച്ച റോമൻ സാമ്രാജ്യത്തിലെ വൈദികൻ എന്നറിയപ്പെടുന്ന അദ്ദേഹം അപസ്‌മാര രോഗികളുടെയും, തേനീച്ച വളർത്തുന്നവരുടെയും മധ്യസ്ഥൻ കൂടിയാണ്.