ക്രിയാത്മകമായ മനോഭാവം

സി. റെജീനാ മേരി സി.എം.സി. ഡെപ്ത് സൈക്കോളജിസ്റ്റ് ഡയറക്ടർ, മരിയൻ കൗൺസിലിംഗ് സെൻ്റർ, കാഞ്ഞിരപ്പള്ളി

ദൈവത്തിന്റെ നാടായ നമ്മുടെ നാട്ടിൽ സംഭവിക്കുന്നത് എന്താണ്? കണ്ണു തുറന്ന് കാണുക, ഹൃദയം തുറന്ന് മനസ്സിലാക്കുക, ചെവി തുറന്ന് കേൾക്കുക. രണ്ടു മണിക്കൂറിനിടെ യുവാവ് കൊന്നത് അഞ്ച് പേരെ, അമ്മയെ മകൻ വെട്ടിയും, തലയ്ക്കടിച്ചും കൊലപ്പെടുത്തി, ഗംഗാധരന്റെ അന്നംമുടക്കി വെറ്റില മോഷ്ടിച്ച കള്ളൻ. ലഹരിക്കടിമയായ സഹോദരൻ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ഉറങ്ങിക്കിടന്നയാളെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തി, വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗീകാതിക്രമം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളുമായിമല്ലിടുന്ന നിരവധിയാളുകൾ. ഈ കാര്യങ്ങൾ വ്യക്തികൾക്കും, സമൂഹത്തിനും ഒരു വെല്ലുവിളിയാണ്.ഈ സംഭവങ്ങളുടെ അടിസ്ഥാനകാരണങ്ങൾ വിശകലനം ചെയ്യുമ്പോൾ, വ്യക്തിയുടെ പ്രതികരണത്തിന്റെ വേഗതയും, പ്രത്യേകതയും. മാനസിക അവസ്ഥയും, വൈകാരിക അപക്വതയെ സൂചിപ്പിക്കുന്നതാണ്. കടിഞ്ഞാണില്ലാത്ത വികാര പ്രകടനങ്ങൾ, ആക്രമണവാസന, ഭയം, ഉൽക്കണ്ഠ എന്നിവയെ കൈകാര്യം ചെയ്യു വാനുള്ള കഴിവില്ലായ്‌മ. മറ്റുള്ളവരോട് സഹാനുഭൂതിയോടുകൂടി വർത്തിക്കുവാനുള്ള കഴിവില്ലായ്‌മ. ഇവയെല്ലാം വൈകാരിക അപക്വതയിൽപ്പെടുന്നു.വികാരങ്ങൾ എല്ലാ വ്യക്തികളിലുമുള്ളവയാണ്. അവയെ ഫലപ്രദമായി ഉപയോഗിക്കുവാൻ പഠിക്കണം. പകയിൽ ജീവിക്കുന്നത് നാശത്തിലേയ്ക്കുള്ള പാതയും, ക്ഷമിക്കുന്നത് മനഃശാന്തിയിലേക്ക് നയിക്കുന്നതുമാണ്. വൈകാരിക പക്വതയിൽ വളരുന്നതിനും

1. സ്വയാവ ബോധം ഉള്ളവരാകുക, തൻ്റെ വികാരങ്ങളും പ്രതികരിക്കുന്ന സാഹചര്യങ്ങളും മനസ്സിലാക്കുക.

2. ആശയവിനിമയം വളർത്തിയെടുക്കുക. തൃപ്‌തികരവും, സ്ഥായിയുമായ ബന്ധങ്ങൾ സ്ഥാപിക്കുകയും, പ്രതിബന്ധങ്ങളെ ധൈര്യസമേതം നേരിടുകയും ചെയ്യുക.

3. മനോഭാവം മാറ്റുന്നതിലൂടെ നമ്മുടെ ചിന്തകളെയും, വികാരങ്ങളെയും നിയന്ത്രിക്കുവാനും ഫലപ്രാപ്‌തിയുള്ളതാക്കാനും സാധിക്കും.

4. മനസ്സിൽ തീവ്രമായ ആഗ്രഹം ഉണ്ടായാൽ ക്രിയാത്മകമായ മനോഭാവം വളർത്താൻ സാധിക്കും.

5. കൗൺസിലിംഗ്, തെറാപ്പി എന്നിവയുടെ സഹായം തേടുകവികാരപ്രകടനങ്ങൾക്ക് നിയന്ത്രണം ആവശ്യമാണെന്ന് എല്ലാവർക്കുമറിയാം. വികാരങ്ങളെ ആരോഗ്യകരമായ രീതിയിൽ കൈകാര്യം ചെയ്യുവാനാണ് നാം അഭ്യസിക്കേണ്ടത്. മനുഷ്യജീവിതത്തിൽ മനഃശാന്തി നഷ്ടപ്പെടുത്തുന്ന പല സാഹചര്യങ്ങളും ഉണ്ടാകും. ആ അവസരത്തിൽ മനുഷ്യൻ പ്രതീക്ഷിക്കുന്നത് തൻ്റെ വിഷമതകളും പ്രയാസങ്ങളും, നീറുന്ന പ്രശ്‌നങ്ങളും ആരോടെങ്കിലും ഒന്നു പറഞ്ഞുതീർക്കണമെന്നാണ്. തൻ്റെ വിഷമതകൾ, അസാധാരണമായ മാനസികാവസ്ഥകൾ, അവയുടെ പരിഹാരമാർഗ്ഗങ്ങൾ എന്നിവയ്ക്ക് പലതരം സൈക്കോതെറാപ്പികളും, കൗൺസിലിംഗും വ്യക്തികളുടെ ജീവിതത്തിന് പ്രകാശം പകരുന്നവയാണ്.സുപ്രസിദ്ധ മനഃശാസ്ത്രജ്ഞനായ വിക്ടർ ഫ്രാങ്ക്ളിന്റെ അഭിപ്രായത്തിൽ ആധുനിക മനുഷ്യൻ്റെ മാനസികാസ്വസ്ഥതയ്ക്കു കാരണം ജീവിതത്തിന്റെ അർത്ഥമില്ലായ്‌മയാണ്. മനുഷ്യൻ്റെ ഏറ്റവും ശക്തമായ അഭിനിവേശം തന്റെ ജീവിതത്തിന് അർത്ഥം കണ്ടത്തുക എന്നതാണ്.