പുസ്തകത്തിനുള്ളില്‍ തിരുവോസ്തി രക്തകട്ടയായി മാറി


ഇറ്റലിയിലെ കാപ്പ്ആയില്‍ 1338-ലാണ് ഈ ദിവ്യകാരുണ്യാത്ഭുതം നടന്നത്
കലശലായ അസുഖം ബാധിച്ച ഒരു കര്‍ഷകന് വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെന്ന് വൈദികനെ അറിയിച്ചു. കുസ്തോതികള്‍ ഒരു പ്രാര്‍ത്ഥന പുസ്തകത്തില്‍ വച്ചുകൊണ്ടാണ് വൈദികന്‍ രോഗിയുടെ വീട്ടിലെത്തിയത്. ദിവ്യകാരുണ്യം നല്‍കുന്നതിന് പുസ്തകം തുറന്നപ്പോള്‍ തിരുവോസ്തികള്‍ രക്തകട്ടയായിരിക്കുന്ന കാഴ്ചയാണു കണ്ടത്. അതിന്‍റെ പേജുകള്‍ രക്തത്താല്‍ നനഞ്ഞു കുതിര്‍ന്നിരുന്നു.
സിയന്നയ്ക്കടുത്തുള്ള കാഷായിലെ സെന്‍റ് റീത്താസ് പള്ളിയില്‍ ഈ ദിവ്യകാരുണ്യ അത്ഭുതത്തിന്‍റെ തിരുശേഷിപ്പ് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. രോഗിയായ കര്‍ഷകന് ദിവ്യകാരുണ്യം നല്കുന്നതിനായി വൈദികന്‍ പ്രാര്‍ത്ഥനപുസ്തകത്തില്‍ തിരുവോസ്തി വച്ചുകൊണ്ടുപോയി. കുമ്പസാരിപ്പിച്ചതിനുശേഷം ബുക്ക് തുറന്നപ്പോള്‍ കണ്ട ദൃശ്യം വൈദികനെ അമ്പരപ്പിച്ചു. ഓസ്തി മുഴുവന്‍ രക്തംകൊണ്ട് കുതിര്‍ന്നിരുന്നു. അതുപോലെതന്നെ രക്തം പുസ്തകത്തിന്‍റെ ഇരുപുറങ്ങളിലും പടര്‍ന്ന് പേജുകള്‍ കുതിര്‍ന്നിരുന്നു. അമ്പരന്ന് ആശയക്കുഴപ്പത്തിലായ വൈദികന്‍ ഉടന്‍തന്നെ പശ്ചാത്താപവിവശനായി. അദ്ദേഹം സിയന്നയിലുള്ള അഗസ്റ്റീനിയന്‍ സുപ്പീറിയറും വിശുദ്ധനായി അറിയപ്പെട്ടിരുന്നതുമായ ഫാ. സിമോണ ഫിദാത്തിയുടെ അടുത്തുചെന്ന് വിവരങ്ങള്‍ ധരിപ്പിച്ചു. വിശുദ്ധിയുടെ നിറവില്‍ ജീവിച്ചിരുന്ന അദ്ദേഹം പുരോഹിതന് മാപ്പ് നല്‍കുകയും ആ തിരുവോസ്തിയും രക്തക്കറ പൂണ്ട പുസ്തകത്താളുകളും സൂക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നിരവധി മാര്‍പാപ്പാമാര്‍ ഈ തിരുശേഷിപ്പ് കണ്ട് വണങ്ങുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം വാഗ്ദാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി അത്ഭുതങ്ങള്‍ ഇവിടെ നടക്കുകയുണ്ടായി. ഒരിക്കല്‍ ഈ തിരുവോസ്തിയില്‍ യേശുവിന്‍റെ രൂപം തെളിഞ്ഞ് വരികയുണ്ടായി. അതിന്നും കാണാം. 1687-ല്‍ ഈ അത്ഭുതത്തെ ദിവ്യകാരുണ്യ അത്ഭുതമായി സഭ അംഗീകരിച്ചു. 1387 മുതല്‍ കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ വി.അഗസ്റ്റിന്‍റെ ദൈവാലയത്തില്‍ വിശ്വാസികള്‍ ഒത്തു ചേരുകയും ഈ തിരുശേഷിപ്പും വഹിച്ച് ആഘോഷപൂര്‍വമായ പ്രദക്ഷിണം നടത്തി വരികയും ചെയ്യുന്നു. 1930-ല്‍ നോര്‍ച്ചാ രൂപതയ്ക്ക് വേണ്ടി കാഷ്ആയില്‍ ചേര്‍ന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ വിലയുള്ളതും അതിമനോഹരവുമായ ഒരു അരുളിക്ക ആശീര്‍വദിക്കുകയും തിരുശേഷിപ്പ് ഇതില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.

Leave a Reply