കൊച്ചിയിൽ തോക്കുകൾ പിടികൂടിയ സംഭവം; 19 പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ പക്കല്‍ നിന്ന് 19 തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ 19 പേര്‍ അറസ്റ്റില്‍.

തോക്ക് കൈവശം വെച്ചിരുന്ന ഏജന്‍സിയുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. ആയുധ നിയമപ്രതാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കശ്മീരിലെ രജൗരിയില്‍ നിന്ന് കൊണ്ട് വന്ന തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന് വ്യക്തമായതോടെ പൊലീസ് കേസെടുത്ത് നടപടിയാരംഭിക്കുകയായിരുന്നു.

എടിഎമ്മില്‍ പണം നിക്ഷേപിക്കുന്നതിന് ചുമതലയുളള സിസ്കോ എന്ന സ്വകാര്യ ഏജന്‍സിക്കുവേണ്ടിയാണ് തോക്കുകള്‍ കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ 5 തോക്കുകള്‍ പിടികൂടിയിരുന്നു. ഇതിന് തുടര്‍ച്ചയായി കൊച്ചിയില്‍ നടത്തിയ റെയ്ഡിലാണ് 19 എണ്ണം കൂടി കണ്ടെടുത്തത്. ഇതിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

രജൗരിയില്‍ നിന്ന് കൊണ്ടുവന്ന തോക്കുകള്‍ കൊച്ചിയില്‍ ഉപയോഗിക്കുമ്ബോള്‍ ഇവിടുത്തെ എഡിഎമ്മിന്‍റെ അനുമതി കൂടി ആവശ്യമാണ്. എന്നാല്‍ ഇത്തരം രേഖകളൊന്നും ഇത് കൈവശം വച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കശ്മീര്‍ സ്വദേശികളടക്കമുളള തോക്ക് കൈവശം വെച്ച സുരക്ഷാ ജീവനക്കാര്‍ക്ക് എതിരേ കേസെടുത്തിരിക്കുന്നത്.

എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് ചുമതലയുളള സിസ്കോ എന്ന സ്ഥാപനത്തിന് ഈ സുരക്ഷാ ജീവനക്കാരെ എത്തിച്ചത് മറ്റൊരു സ്വകാര്യ സ്ഥാപനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്കെതിരെയും ആയുധ നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് കേസ് അന്വേഷിക്കുന്ന പൊലീസ് ഇപ്പോള്‍ കശ്മീരിലുണ്ട്. അവരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൊച്ചിയില്‍ പിടികൂടിയ തോക്കിനും ലൈസന്‍സില്ലെന്ന് വ്യക്തമായത്.